കൊച്ചി: സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ.പി ചിത്രം 'സാംബരാല യേതിഗട്ട്' സംക്രാന്തി സ്പെഷ്യൽ പോസ്റ്റർ പുറത്ത്. വമ്പൻ ഹിറ്റുകളായ 'വിരൂപാക്ഷ', 'ബ്രോ' എന്നിവയ്ക്ക് ശേഷം സായ് ദുർഗ തേജ് നായകനായെത്തുന്ന ഈ ചിത്രം പ്രൈം ഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ. നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് നിർമിക്കുന്നത്. പാൻ ഇന്ത്യ സെൻസേഷണൽ ബ്ലോക്ക്ബസ്റ്റർ 'ഹനുമാന്' ശേഷം ഇവർ നിർമിക്കുന്ന ചിത്രം കൂടിയാണിത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു തനി ഗ്രാമീണന്റെ വേഷത്തിൽ, ഒരു വമ്പൻ വെള്ള കാളയോടൊപ്പം നഗ്ന പാദനായി നടന്ന് നീങ്ങുന്ന സായ് ദുർഗ തേജ് ആണ് പോസ്റ്ററിന്റെ ആകർഷണം. ഗംഭീര ശാരീരിക പരിവർത്തനമാണ് ചിത്രത്തിന് വേണ്ടി നടൻ നടത്തിയിരിക്കുന്നത്. മണ്ണിനോട് ചേർന്ന് നിൽക്കുന്ന ഈ കഥാപാത്രത്തിന്റെ സംഘർഷങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
നേരത്തെ ചിത്രത്തിലെ ഒരു ഗ്ലിംപ്സ് വീഡിയോ 'അസുര ആഗമന' എന്ന ടൈറ്റിലോടെ പുറത്ത് വരികയും, ആരാധകരിൽ നിന്നും സിനിമാ പ്രേമികളിൽ നിന്നും ഗംഭീര പ്രതികരണം നേടുകയും ചെയ്തിരുന്നു. വമ്പൻ പീരിയഡ് ആക്ഷൻ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിൽ 'ബാലി' എന്ന കഥാപാത്രമായാണ് സായ് ദുർഗ തേജ് അഭിനയിക്കുന്നത്. ശരീരം കൊണ്ടും മനസ് കൊണ്ടും, ഒരു യോദ്ധാവായി ഉജ്ജ്വല പ്രകടനമാണ് സായ് ദുർഗ തേജ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നതെന്ന് വീഡിയോ സൂചിപ്പിക്കുന്നു.
പ്രകടന മികവിനൊപ്പം സാങ്കേതിക നിലവാരം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒരു പാൻ ഇന്ത്യൻ കാഴ്ചയായി ആണ് ചിത്രം ഒരുക്കുന്നത്. വൈകാരികമായി ഏറെ ആഴമുള്ള ഒരു പീരിയഡ് ആക്ഷൻ ഡ്രാമയായി ആണ് ചിത്രം എത്തുക. ജഗപതി ബാബു, സായ് കുമാർ, ശ്രീകാന്ത്, അനന്യ നാഗല്ല, രവി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രം പാൻ ഇന്ത്യൻ റിലീസായെത്തും.
രചന- സംവിധാനം- രോഹിത് കെ പി, നിർമാതാക്കൾ- കെ. നിരഞ്ജൻ റെഡ്ഡി, ചൈതന്യ റെഡ്ഡി, ബാനർ- പ്രൈംഷോ എന്റർടെയ്ൻമെന്റ്, ഛായാഗ്രഹണം- വെട്രിവെൽ പളനിസ്വാമി, സംഗീതം- ബി അജനീഷ് ലോക്നാഥ്, എഡിറ്റിങ്- നവീൻ വിജയകൃഷ്ണ, പ്രൊഡക്ഷൻ ഡിസൈനർ- ഗാന്ധി നാടികുടികർ, കോസ്റ്റ്യൂം ഡിസൈനർ- അയിഷ മറിയം, മാർക്കറ്റിങ് - ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി.