തിരുവനന്തപുരം: കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര ഉത്സവത്തിന് അനന്തപുരിയിൽ പ്രൗഢഗംഭീര തുടക്കം. തിരുവനന്തപുരം നിശാഗന്ധിയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ 30ാമത് രാജ്യാന്തര മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ടാണ് ഉദ്ഘാടന സമ്മേളനത്തിന് തുടക്കം കുറിച്ചത്.
തലസ്ഥാനത്ത് ഇനി ഒരാഴ്ച നീണ്ടുനിൽക്കുന്ന സിനിമാപൂരം അരങ്ങേറും. തലസ്ഥാന നഗരിയിലെ നിരത്തുകളിലും തീയറ്ററുകളിലും ഇനി സിനിമയും ലോക രാഷ്ട്രീയവും ചർച്ചയാകും. 30 ദീപങ്ങൾ തെളിയിച്ചാണ് 30 വയസ് തികയുന്ന മേളയുടെ ഉദ്ഘാടനം നടന്നത്. കേരളത്തിൻ്റെ കലാ സാംസ്കാരിക രംഗത്തെ ഏറ്റവും മികച്ചതാക്കാൻ ചലച്ചിത്രമേളയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ചൂണ്ടിക്കാട്ടി.
അതിജീവിതയുടെ അസാന്നിധ്യത്തിലും അവൾക്കൊപ്പമാണെന്ന് പറഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസില്‍, സജി ചെറിയാന്‍ സർക്കാർ നിലപാട് ആവർത്തിച്ചു. കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിലിയൻ സംവിധായകൻ പാബ്ലോ ലോറെയ്ൻ മുഖ്യാതിഥിയായി. 'സ്പിരിറ്റ് ഓഫ് സിനിമ' അവാർഡ് ജേതാവായ കനേഡിയൻ സംവിധായിക കെല്ലി ഫൈഫ് മാർഷലിനെ സാംസ്കാരിക വകുപ്പ് മന്ത്രി അവാർഡ് നൽകി ആദരിച്ചു.
പലസ്തീൻ അംബാസിഡർ അബ്ദുള്ള എം. അബു ഷവേഷ്, ജർമൻ അംബാസിഡർ ഡോ. ഫിലിപ് അക്കർമെൻ എന്നിവരും ചടങ്ങിൻ്റെ ഭാഗമായി. പലസ്തീൻ ജനതയ്ക്ക് ഐക്യദാഢ്യം പ്രഖ്യാപിക്കുന്നതാണ് ഇത്തവണത്തെ ചലച്ചിത്ര മേള.
ചലച്ചിത്ര രംഗത്തെ 50 വർഷത്തെ സംഭാവനയ്ക്ക് പ്രമുഖ സംവിധായകൻ ആർ. രാജീവ് നാഥിനെ വേദിയിൽ ആദരിച്ചു. അദ്ദേഹത്തോടുള്ള ആദരമായി ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച 'തണൽ' പുസ്തകം അക്കാദമി മുൻ ചെയർമാൻ ടി.കെ. രാജീവ് കുമാറിൽ നിന്നും കെഎസ്എഫ്ഡിസി ചെയർമാൻ കെ. മധു ഏറ്റുവാങ്ങി.
ചലച്ചിത്രമേള കൈപുസ്തകം സ്പാനിഷ് നടിയും ജൂറി അംഗവുമായ ആഞ്ജല മൊളീന മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന് നൽകി പ്രകാശനം ചെയ്തു. വിയറ്റ്‌നാമിൽ നിന്നുള്ള ചലച്ചിത്രപ്രവർത്തകനും ജൂറി അംഗവുമായ ബുയി താക് ചുയെന് ചടങ്ങിൽ ആദരിച്ചു.
ഡെയിലി ബുള്ളറ്റിൻ്റെ പ്രകാശനം വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർക്ക് നൽകി നിർവഹിച്ചു. ചലച്ചിത്ര സമീക്ഷയുടെ പ്രത്യേക പതിപ്പ് സംവിധായകൻ കമൽ, ബീന പോളിന് നൽകി പ്രകാശനം ചെയ്തു.
പ്രേക്ഷക പിന്തുണകൊണ്ട് ആദ്യ ദിനം തന്നെ മേള ശ്രദ്ധേയമായി. പലസ്‌തീൻ ജനതയുടെ ചെറുത്ത് നിൽപ്പ് ഇതിവൃത്തമായ 'പലസ്തീൻ 36' അടക്കം 11 സിനിമകളാണ് ആദ്യദിനം മേളയില്‍ പ്രദർശിപ്പിച്ചത്. .ഈ മാസം 19 വരെയാണ് മേള. നിശാഗന്ധി ഓപ്പൺ തീയറ്റർ ഉൾപ്പെടെ 16 വേദികളിലായാണ് ചലചിത്ര പ്രദർശനം.