2024 കേരള സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചപ്പോൾ, മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് 'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഷംല ഹംസയാണ്. ചെറിയ ബജറ്റിലെത്തി വമ്പൻ പ്രേക്ഷക പ്രതികരണം ലഭിച്ച സിനിമയാണ് ഫെമിനിച്ചി ഫാത്തിമ. രണ്ടാം ചിത്രത്തിലാണ് ഷംല ഹംസയെ സംസ്ഥാന അവാർഡ് തേടിയെത്തിയത്. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയിലെ കേന്ദ്ര കഥാപാത്രമായ പൊന്നാനിക്കാരി ഫാത്തിമയെ സ്‌ക്രീനിൽ എത്തിച്ചാണ് ഷംല ഹംസ ഇത്തവണത്തെ പുരസ്കാരം നേടിയെടുത്തത്.
കേരള സംസ്ഥാന അവാർഡ് നേടിയതിലും, പ്രത്യേകിച്ച് മമ്മൂട്ടിക്കൊപ്പം അവാർഡ് നേടിയതിൽ വലിയ സന്തോഷമുണ്ടെന്ന് ഷംല ഹംസ പറയുന്നു. കഥാപാത്രത്തിൽ എത്രത്തോളം പെർഫോം ചെയ്യാൻ കഴിയുമെന്ന് മാത്രമാണ് നോക്കിയത്. ഫെമിനിച്ചി ഫാത്തിമ ചിത്രത്തിൽ കൂടെ പ്രവർത്തിച്ച എല്ലാവർക്കും ഷംല നന്ദി പറഞ്ഞു.
സിനിമയിൽ അഭിനയിക്കുന്ന ഏതൊരാളും ലഭിക്കാൻ ആഗ്രഹിക്കുന്ന അവാർഡാണ് ചലച്ചിത്ര അക്കാദമി അവാർഡെന്ന് ഷംല ന്യൂസ് മലയാളത്തോട് പറഞ്ഞു. എല്ലാത്തിനും കൂടെയുണ്ടായിരുന്നത് ഉമ്മയായിരുന്നു. കഥാപാത്രത്തിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നതിനാൽ, വലിയ ബുദ്ധിമുട്ടാണ്ടായിരുന്നില്ല. സംവിധാകൻ വളരെയധികം സ്വാതന്ത്ര്യം നൽകിയിരുന്നെന്നും ഷംല പറയുന്നു.
ജൂറിയായ പ്രകാശ് രാജ് ഷംലയുടെ ആദ്യത്തെ ചിത്രമാണോ ഇതെന്ന് എടുത്തു ചോദിച്ചിരുന്നു. എന്നാൽ ചെറുപ്പത്തിൽ ഒരു നാടകത്തിൽ പോലും അഭിനയിച്ചിരുന്നില്ലെന്ന് ഷംല ന്യൂസ് മലയാളത്തോട് പറഞ്ഞു. ഉപ്പ ഒരു നാടക നടനായിരുന്നു. അതുവഴിയാകാം അഭിനയത്തിലേക്കെത്തിയത്. കുടുംബത്തോടാണ് ആദ്യം നന്ദി പറയാനുള്ളതെന്നും ഷംല ഹംസ പറഞ്ഞു.
"വളരെ സപ്പോർട്ടീവായ ക്രൂ ആയിരുന്നു ഫെമിനിച്ചി ഫാത്തിമയുടേത്. ആദ്യ ചിത്രമായ ആയിരത്തൊന്ന് നുണകളിലൂടെയാണ് ഫെമിനിച്ചി ഫാത്തിമയുടെ നിർമാതാക്കളുമായി പരിചയപ്പെടുന്നത്. അവാർഡ് ലഭിച്ചത് എൻ്റെ മാത്രം കഴിവ് കൊണ്ടാണെന്ന് വിചാരിക്കുന്നില്ല," ഷംല ഹംസ മാധ്യമങ്ങളോട് പറഞ്ഞു.
പ്രശസ്ത ചലച്ചിത്രമേളകളിൽ വലിയ നിരൂപക പ്രശംസ നേടിയെടുത്ത ചിത്രം കൂടിയാണ് 'ഫെമിനിച്ചി ഫാത്തിമ'. IFFK FIPRESCI - മികച്ച അന്താരാഷ്ട്ര ചിത്രം, NETPAC മികച്ച മലയാള ചിത്രം, സ്പെഷ്യൽ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയൻസ് പോൾ അവാർഡ് - IFFK, FFSI കെ ആർ മോഹനൻ അവാർഡ്, BIFF-ലെ ഏഷ്യൻ മത്സരത്തിൽ പ്രത്യേക ജൂറി പരാമർശം, ബിഷ്കെക് ഫിലിം ഫെസ്റ്റിവൽ കിർഗിസ്ഥാനിലെ ഔദ്യോഗിക തിരഞ്ഞെടുപ്പ്, FIPRESCI ഇന്ത്യ 2024 ലെ മികച്ച രണ്ടാമത്തെ ചിത്രം, 2024 ലെ കേരളത്തിലെ മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നായികക്കുമുള്ള ക്രിട്ടിക്സ് അവാർഡ്, മികച്ച സംവിധായകനും മികച്ച തിരക്കഥക്കും ഉള്ള പത്മരാജൻ അവാർഡ്, മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നടനും ഉള്ള ജെസി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡ്, മികച്ച നടിക്കും മികച്ച തിരക്കഥക്കും ഉള്ള പ്രേംനസീർ ഫൗണ്ടേഷൻ അവാർഡ്, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സത്യജിത്ത് റായ് ഫിലിം സൊസൈറ്റി അവാർഡ്, ഇന്തോ-ജർമ്മൻ ഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക തിരഞ്ഞെടുപ്പ്, മെൽബൺ ഫിലിം ഫെസ്റ്റിവൽ തിരഞ്ഞെടുപ്പ് എന്നിവയുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും വേദികളുമാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചത്.
2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ, ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയിസ് ആണ് മികച്ച ചിത്രമായത്. 'ഭ്രമയുഗം' എന്ന സിനിമയിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. 'മഞ്ഞുമ്മല്‍ ബോയിസ്' സംവിധായകൻ ചിദംബരം ആണ് മികച്ച സംവിധായകൻ. സാഹിത്യ അക്കാദമി ഹാളില്‍ നടന്ന വാർത്താ സമ്മേളനത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.