

കൊച്ചി: വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജന നായകൻ'. നടന്റെ കരിയറിലെ അവസാന ചിത്രമെന്ന സവിശേഷതയുള്ള ചിത്രത്തിന്റെ റിലീസിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് വിജയ് ആരാധകർ. ജനുവരി ഒൻപതിനാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് സിനിമകൾ ഒന്നും 'ജന നായകൻ' റിലീസ് ചെയ്യുന്ന വാരത്തിൽ പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ ജനുവരി 14ന് റിലീസ് നിശ്ചയിച്ചിരുന്ന ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' ജനുവരി 10ന് തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ഇതോടെ ജനുവരി ആദ്യ വാരം വിജയ്-ശിവകാർത്തികേയൻ ക്ലാഷ് റിലീസിനാണ് അരങ്ങോരുങ്ങുന്നത്.
വിതരണക്കാരുടെയും തിയേറ്റർ ഉടമകളുടെയും സമ്മർദത്തെ തുടർന്നാണ് സുധ കൊങ്കര ചിത്രം 'പരാശക്തി'യുടെ റിലീസ് നേരത്തെ ആക്കിയതെന്നാണ് റിപ്പോർട്ട്. ഉദയനിധി സ്റ്റാലിന്റെ പ്രൊഡക്ഷൻ കമ്പനിയായ റെഡ് ജയൻ്റ് മൂവീസ് ആണ് ഈ ചിത്രം വിതരണം ചെയ്യുന്നത്. പൊങ്കൽ സമയത്ത് ഒട്ടേറെ ചിത്രങ്ങൾ എത്തുന്നതിനാൽ തിയേറ്ററുകൾ ലഭിക്കുന്നതിനും വരുമാനം പങ്കുവയ്ക്കുന്നതിനും ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ഈ തീരുമാനം. സിനിമ നേരത്തെ റിലീസ് ചെയ്യുന്നതിലൂടെ കൂടുതൽ തിയേറ്ററുകൾ ഉറപ്പാക്കാനും ഉത്സവ വാരാന്ത്യത്തിന് മുന്നോടിയായി സിനിമയ്ക്ക് നല്ലൊരു ഹൈപ്പ് നൽകാനും സഹായിക്കുമെന്നാണ് വിതരണക്കാർ കരുതുന്നത്.
എന്നാൽ, ഈ നീക്കം വിജയ് സിനിമയുടെ കളക്ഷൻ കുറയ്ക്കാനാണ് എന്നാണ് ആക്ഷേപം. തിയേറ്ററുകൾ കുറയുന്നത് സിനിമയെ ബാധിക്കുമെന്നാണ് ആരാധകരും ടിവികെ പ്രവർത്തകരും പങ്കുവയ്ക്കുന്ന ആശങ്ക. വിജയ് ചിത്രത്തെ തകർക്കാനുള്ള ഡിഎംകെ പദ്ധതിയാണോ 'പരാശക്തി'യുടെ റിലീസ് തീയതി മാറ്റം എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.
ശിവകാർത്തികേയനൊപ്പം ജയം രവി, ശ്രീലീല, അഥർവ എന്നിവരും 'പരാശക്തി'യിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിലെ ഗാനങ്ങൾക്ക് ഇതിനകം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജനുവരി 10 ന് എത്തുന്ന 'പരാശക്തി', ആവേശകരമായ ഒരു പൊങ്കൽ ബോക്സ് ഓഫീസ് മത്സരത്തിന് തുടക്കം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
അതേസമയം, എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന വിജയ്‌യുടെ 'ജന നായകൻ' ഇപ്പോൾ തന്നെ സിനിമാ വൃത്തങ്ങളിൽ സംസാരവിഷയമാണ്. അനിരുദ്ധ് രവിചന്ദർ ചിട്ടപ്പെടുത്തിയ സിനിമയുടെ രണ്ട് സിംഗിളുകൾ ഇതിനോടകം ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചു കഴിഞ്ഞു. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് 'ജന നായക'നില്‍ അണിനിരക്കുന്നത്. കെവിഎന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ ആണ് നിര്‍മാണം.