വയനാടിനൊപ്പം 'തങ്കലാന്‍' ടീം; കേരളത്തിലെ പ്രമോഷന്‍ പരിപാടികള്‍ റദ്ദാക്കി; തുക ദുരിതാശ്വാസ നിധിയിലേക്ക്

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ നിർമ്മിച്ച ചിത്രം ശ്രീഗോകുലം മൂവീസാണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്
വയനാടിനൊപ്പം 'തങ്കലാന്‍' ടീം; കേരളത്തിലെ പ്രമോഷന്‍ പരിപാടികള്‍ റദ്ദാക്കി; തുക ദുരിതാശ്വാസ നിധിയിലേക്ക്
Published on

ചിയാന്‍ വിക്രം നായകനാകുന്ന തമിഴ് ചിത്രം തങ്കലാന്‍റെ കേരളത്തിലെ പ്രമോഷന്‍ പരിപാടികള്‍ റദ്ദാക്കി അണിയറ പ്രവര്‍ത്തകര്‍. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. പ്രമോഷന്‍ പരിപാടികളുടെ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ ജ്ഞാനവേൽ രാജ നിർമ്മിച്ച ചിത്രം ശ്രീ ഗോകുലം മൂവീസാണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. ഓഗസ്റ്റ് 15 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.

കര്‍ണാടകയിലെ കോലാര്‍ സ്വർണ ഖനിയുടെ ചരിത്രത്തെ ആസ്പദമാക്കി ഒരുക്കിയ തങ്കലാന്‍ പാ രഞ്ജിത്ത് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഒരോ അഭിനേതാക്കളും തങ്കലാനില്‍ എത്തുന്നത്. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കിരണ്‍, മുത്തുകുമാര്‍, തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അഴകിയ പെരിയവന്‍ സംഭാഷണവും എ. കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. എസ്.എസ്. മൂര്‍ത്തിയാണ് കലാസംവിധാനം. ജി.വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം. കെ.യു. ഉമാദേവി, അറിവ്, മൗനന്‍ യാത്രിഗന്‍ എന്നിവരുടേതാണ് വരികള്‍. നീലം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തങ്കലാന്‍ റിലീസ് ചെയ്യും.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com