

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനായ 'ജന നായകൻ' സിനിമയുടെ റിലീസ് പ്രതിസന്ധി നീങ്ങുന്നതായി റിപ്പോർട്ട്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) സിനിമയ്ക്ക് 'എ' സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകിയതായാണ് സൂചന. അങ്ങനെയെങ്കിൽ 27 വർഷത്തിന് ശേഷം 'എ' സർട്ടിഫിക്കേഷൻ ലഭിക്കുന്ന വിജയ് ചിത്രമാകും 'ജന നായകൻ'. 2002ൽ പുറത്തിറങ്ങിയ 'ഭഗവതി'ക്ക് എ സർട്ടിഫിക്കറ്റായിരുന്നു.
മാറ്റങ്ങളോടെയാണ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് അനുവദിച്ചിരിക്കുന്നതെന്നാണ് സൂചന. സെൻസർ ബോർഡ് റിവ്യൂ കമ്മിറ്റി നിർദേശിച്ചിരിക്കുന്ന മാറ്റങ്ങളുടെ പൂർണമായ വിവരങ്ങൾ ഇന്നോ അല്ലെങ്കിൽ തിങ്കളാഴ്ചയോ സിബിഎഫ്സിയുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തേക്കും. ചിത്രത്തിന്റെ ഫൈനൽ സർട്ടിഫിക്കറ്റ് അടുത്ത ആഴ്ചയോടെ ഔദ്യോഗികമായി കൈമാറിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനത്തിലേക്ക് പ്രവേശിക്കും മുൻപ് വിജയ് അവസാനമായി അഭിനയിച്ച ചിത്രത്തിനായി ഏറെ നാളായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.
ജനുവരി ഒൻപതിന് പൊങ്കൽ റിലീസ് ആയാണ് 'ജന നായകൻ' പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, സെൻസർ ബോർഡ് പരിശോധനാ കമ്മിറ്റി അംഗത്തിന്റെ പരാതിയും തുടർന്നുള്ള നിയമപോരാട്ടവും സിനിമയുടെ റിലീസ് പ്രതിസന്ധിയിലാക്കി. സെൻസർ സർട്ടിഫിക്കേഷനായി 'ജന നായകൻ' നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് സുപ്രീം കോടതിയെ വരെ സമീപിച്ചു. എന്നാൽ, അനുകൂല വിധി കിട്ടാൻ വൈകിയ സാഹചര്യത്തിൽ ഹർജി പിൻവലിച്ച നിർമാതാക്കൾ സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റിക്ക് മുൻപാകെ സിനിമ സമർപ്പിക്കുകയായിരുന്നു.
സെൻസർ പ്രക്രിയകൾ പൂർത്തിയായതോടെ ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് കെവിഎൻ പ്രൊഡക്ഷൻസ് എന്നാണ് റിപ്പോർട്ടുകൾ. ജൂലൈ 24 , 31 എന്നീ തീയതികളാണ് റിലീസിനായി പരിഗണനയിലുള്ളത്. സെൻസർ സർട്ടിഫിക്കേഷൻ, സിബിഎഫ്സി നിർദേശിച്ച കട്ടുകൾ എന്നിവയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഉടൻ തന്നെ അണിയറപ്രവർത്തകർ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക. മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് കെ നാരായണ ആണ് നിർമാണം.