

ന്യൂ ഡൽഹി: ബോളിവുഡ് ചിത്രം 'ധുരന്ധറി'ലെ അക്ഷയ് ഖന്നയുടെ നൃത്തമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. റഹ്മാൻ ദകൈത് എന്ന വില്ലന്റെ റോളിലാണ് 'ധുരന്ധറി'ൽ അക്ഷയ് ഖന്ന എത്തുന്നത്. ബഹ്റൈനി റാപ്പർ ഫ്ലിപ്പറാച്ചിയുടെ FA9LA എന്ന ട്രാക്കിനാണ് ചിത്രത്തിൽ അക്ഷയ് ചുവടുവയ്ക്കുന്നത്. ഈ പാട്ടും നൃത്തച്ചുവടുകളും സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്.
അക്ഷയ് ഖന്നയുടെ ചുവടിനൊപ്പം FA9LA എന്ന ട്രാക്കും ഹിറ്റായതോടെ മ്യൂസിക്ക് പ്ലാറ്റ്‌ഫോമുകൾ ഫ്ലിപ്പറാച്ചിയെ ഏറ്റെടുത്തിരിക്കുകയാണ്. സ്‌പോട്ടിഫൈയുടെ വൈറൽ 50 - ഗ്ലോബൽ ലിസ്റ്റിൽ FA9LA ഒന്നാം സ്ഥാനത്ത് എത്തിയതായി റാപ്പർ ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ആഗോളതലത്തിൽ ശ്രദ്ധേയമായ 50 ഗാനങ്ങൾ കോർത്തിണക്കിയ പട്ടികയാണ് സ്പോട്ടിഫൈ വൈറൽ 50. ഷെയറുകൾ, പ്ലേലിസ്റ്റ് ആഡുകൾ, സ്ട്രീമുകളിലെ പെട്ടെന്നുള്ള വർദ്ധനവ്, സോഷ്യൽ മീഡിയ പരാമർശങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ്. 'നമ്പർ വൺ വൈറൽ ട്രാക്ക് ഇൻ ദ വേൾഡ്' എന്ന് കുറിച്ചുകൊണ്ടാണ് റാപ്പർ സന്തോഷം പങ്കുവച്ചത്.
ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' അക്ഷയ് ഖന്ന എന്ന നടന്റെ തിരിച്ചുവരവ് ആണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. നടന്റെ പ്രകടനം പ്രശംസ നേടുമ്പോൾ തന്നെ അക്ഷയ്‌യുടെ വില്ലൻ കഥാപാത്രത്തെ ആഘോഷിക്കുന്നതിൽ വിമർശനങ്ങളും ഉയരുന്നുണ്ട്. അതേസമയം, സോഷ്യൽ മീഡിയ നടന്റെ വൈറൽ നൃത്തത്തിന് പുറകേയാണ്. തന്റെ പിതാവും ഇതിഹാസ നടനുമായ വിനോദ് ഖന്നയിൽ നിന്നാണ് അക്ഷയ് ഈ സ്റ്റെപ്പുകൾ കോപ്പിയടിച്ചതാണ് പാട്ടിനും ചുവടിനും പുറകേ പോയ ഒരു വിഭാഗത്തിന്റെ കണ്ടെത്തൽ.
മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റനും പാക് മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ ബോളിവുഡ് താരങ്ങളായ രേഖയ്ക്കും വിനോദ് ഖന്നയ്ക്കുമൊപ്പം നൃത്തം ചെയ്യുന്ന ക്ലിപ്പിൽ നിന്നാണ് ഈ നൃത്ത ചുവടുകൾ നെറ്റിസൺസ് കണ്ടെത്തിയത്. 1989 ൽ ലാഹോറിൽ നടന്ന ഒരു ചാരിറ്റി പരിപാടിയിൽ നിന്നുള്ളതാണ് വീഡിയോ. വിനോദ് ഖന്നയുടെ കൈ ചലനങ്ങൾ അക്ഷയ്‌യുടെ 'ധുരന്ധറി'ലെ ഡാൻസിനെ ഓർമിപ്പിക്കുന്നതാണ്.
ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ രൺവീർ സിംഗ് ആണ് നായകൻ. നായിക സാറ അർജുൻ. സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.