രംഗീല; അടിമുടി ഒരു റഹ്മാന്‍ മ്യൂസിക്കല്‍

ഈണം, ഒറിജിനാലിറ്റി, ഓര്‍ക്കസ്ട്രേഷന്‍... എല്ലാം ഗംഭീരം. രാം ഗോപാല്‍ വര്‍മ അടുത്ത രണ്ട് പടങ്ങളിലേക്ക് എ.ആര്‍. റഹ്മാനെ തീരുമാനിച്ചു.
Rangeela, 30 Years of AR Rahman Bollywood entry
രംഗീല: റഹ്മാന്‍ സംഗീതത്തിന്റെ 30 വര്‍ഷംSource: News Malayalam 24X7
Published on

മുപ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒരു ബോളിവുഡ് ചിത്രത്തിന്റെ പാട്ടുകള്‍ പുറത്തിറങ്ങിയപ്പോള്‍ പുതുതലമുറയുടെ സംഗീതമെന്ന് ആളുകള്‍ അതിനെ വാഴ്ത്തി. ആ ചിത്രം റീമാസ്റ്റര്‍ ചെയ്ത് റിലീസ് ചെയ്യുമെന്ന് കേള്‍ക്കുമ്പോഴും, സംഗീതപ്രേമികള്‍ ത്രില്ലിലാണ്. ആ പാട്ടുകളുടെ തീയേറ്റര്‍ എക്സ്പീരിയന്‍സ്, അതൊന്ന് മാത്രമാണ് അവരെ ഹരം കൊള്ളിക്കുന്നത്. എല്ലാത്തിനും ഒറ്റ കാരണം, എ.ആര്‍. റഹ്മാന്‍. ചിത്രം രംഗീല.

തികച്ചും അപ്രതീക്ഷിതമായിരുന്നു റഹ്മാന്റെ ബോളിവുഡ് എന്‍ട്രി. സംഗീത സംവിധായകന്‍ എം.എം. കീരവാണിക്കൊപ്പമുണ്ടായിരുന്ന റിഥം പ്രോഗ്രാമര്‍ റിക്കിയിലൂടെയാണ് റഹ്മാനെക്കുറിച്ച് രാം ഗോപാല്‍ വര്‍മ ആദ്യം കേള്‍ക്കുന്നത്. "അതിസമര്‍ഥനായൊരു കീബോര്‍ഡ് പ്ലെയര്‍ ഉണ്ട്. ദിലീപ് എന്നാണ് പേര്. നിങ്ങള്‍ തീര്‍ച്ചയായും അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യണം" - എന്നായിരുന്നു റിക്കിയുടെ വാക്കുകള്‍. പക്ഷേ, രാം ഗോപാല്‍ അത് അത്ര കാര്യമായെടുത്തില്ല. പിന്നീടൊരിക്കല്‍ മണി രത്നത്തിന്റെ വീട്ടിലിരിക്കുമ്പോഴാണ്, റോജയിലെ പാട്ടുകള്‍ രാം ഗോപാല്‍ കേള്‍ക്കുന്നത്. റോജ റിലീസ് ചെയ്തിട്ടുണ്ടായിരുന്നില്ല. ഈണം, ഒറിജിനാലിറ്റി, ഓര്‍ക്കസ്ട്രേഷന്‍... എല്ലാംകൊണ്ടും ഗംഭീരം. പിന്നെയൊന്നും ആലോചില്ല. അടുത്ത രണ്ട് പടങ്ങളിലേക്ക് റഹ്മാനെ തീരുമാനിച്ചു.

സഞ്ജയ് ദത്ത് നായകനാകുന്ന നായക്, രംഗീല എന്നീ ചിത്രങ്ങളുടെ സംഗീതം റഹ്മാനെ ഏല്‍പ്പിക്കാമെന്നാണ് രാം ഗോപാല്‍ കരുതിയത്. പക്ഷേ, നിര്‍മാതാക്കള്‍ക്ക് അനു മാലിക്കിനോടായിരുന്നു താല്‍പ്പര്യം. ബാസിഗറിലെ പാട്ടുകള്‍ സൂപ്പര്‍ഹിറ്റായി മാറിയ സമയമായിരുന്നു അത്. മാത്രമല്ല, റോജയിലെ പാട്ടുകളുടെ ഹിന്ദി പതിപ്പ് ഭാഗ്യംകൊണ്ട് ശ്രദ്ധിക്കപ്പെട്ടതാണെന്നും, അതുകൊണ്ടാണ് റോജ ഹിറ്റായിട്ടും ഹിന്ദിയിലേക്ക് റഹ്മാനെ ആരും വിളിക്കാത്തതെന്നും അഭിപ്രായവും ഉയര്‍ന്നു. തര്‍ക്കം രൂക്ഷമായതോടെ രാം ഗോപാല്‍ തന്നെ ഒരു ഓപ്ഷന്‍ വെച്ചു; 'രംഗീലയിലേക്ക് റഹ്മാനെ തരാമെങ്കില്‍ നായകിന് അനു മാലിക്കിനെ സൈന്‍ ചെയ്യാം'. അക്കാലത്ത് അമീറിനേക്കാള്‍ സ്റ്റാര്‍ വാല്യൂ സഞ്ജയ് ദത്തിന് ആയിരുന്നതിനാല്‍ അവരത് സമ്മതിച്ചു. നായക് ഷൂട്ടിങ് തുടങ്ങിയെങ്കിലും, സ്ഫോടന പരമ്പര കേസില്‍ സഞ്ജയ് ദത്ത് അറസ്റ്റിലായതോടെ പെട്ടിയിലായി. ഇതാണ് പിന്നീട് അമിതാഭ് ബച്ചനെ നായകനാക്കി സര്‍ക്കാര്‍ എന്ന പേരില്‍ പുറത്തിറങ്ങിയത്. അതേസമയം, വര്‍മ ക്രിയേഷന്‍സിന്റെ ബാനറില്‍ രാം ഗോപാലും, ജാമു സുഗന്ധും ചേര്‍ന്ന് രംഗീല എന്ന പ്രോജക്ടുമായി മുന്നോട്ടുപോയി.

Rangeela, 30 Years of AR Rahman Bollywood entry
മാറത്തിന്നൂരാളേ... കീമേ നമ്മെ മറിച്ചാളേ...; നൂറാന്‍ സിസ്റ്റേഴ്സ് എന്ന തനി ലോകമുറക്കാരി

ബോളിവുഡിന് പുതിയൊരു ട്രീറ്റ്മെന്റായിരുന്നു രംഗീല. പ്രമേയവും രംഗഭാഷയും ദൃശ്യ വിസ്മയങ്ങളുംകൊണ്ട് ജനപ്രിയ സിനിമയുടെ പതിവുരീതികളെ തെറ്റിച്ച ചിത്രം. തെലുങ്കില്‍ ചെയ്ത രണ്ട് പടങ്ങള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത രാം ഗോപാല്‍ വര്‍മ ഹിന്ദിയിലൊരുക്കിയ ആദ്യ ചിത്രവുമായിരുന്നു രംഗീല. ഊര്‍മിള മണ്ഡോദ്‌കര്‍, ആമിര്‍ ഖാന്‍, ജാക്കി ഷ്റോഫ് എന്നിവര്‍ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം. റോജയിലൂടെ വരവറിയിച്ച റഹ്മാന് ബോളിവുഡിലേക്ക് കിട്ടിയ ആദ്യ ക്ഷണം. പാട്ടുകള്‍ക്ക് വരികളെഴുതിയത് തുടക്കക്കാരനായ മെഹ്ബൂബ്.'പുതിയത് എന്തെങ്കിലും സംഭവിക്കണം' എന്ന ചിന്തയായിരുന്നു ആ കൂട്ടുകെട്ടിന്റെ കരുത്ത്. ആശങ്കകളോ, സമ്മര്‍ദമോ പേറാതെ, വളരെ കൂളായി, ജോളിയായി അവര്‍ വര്‍ക്ക് തുടങ്ങി.

ചില ഹോളിവുഡ് സിനിമകളുടെ വീഡിയോകള്‍ റഫറന്‍സായി കാണിച്ചുകൊണ്ടാണ് രാം ഗോപാല്‍ രംഗീലയുടെ കഥ റഹ്മാനോട് വിവരിച്ചത്. ചിത്രം എങ്ങനെയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നത്, അതിന്റെ വിഷ്വല്‍ സ്റ്റൈല്‍ എന്തായിരിക്കും എന്നിങ്ങനെ കാര്യങ്ങള്‍ സവിസ്തരം വിശദീകരിച്ചു. ബോളിവുഡിന്റെ സിനിമാ ശൈലിയെ റഹ്മാന് പരിചയപ്പെടുത്തുക എന്നൊരു ഉദ്ദേശ്യം കൂടി രാം ഗോപാലിനുണ്ടായിരുന്നിരിക്കണം. അതുകൊണ്ട് വീഡിയോ റഫറന്‍സ് ഉള്‍പ്പെടെ ഉപയോഗിച്ചത്. എന്നാല്‍ അതിന്റെയൊന്നും ആവശ്യമില്ലായിരുന്നുവെന്ന് പിന്നീടാണ് രാം ഗോപാലിന് മനസിലായത്. പാട്ടുകളുടെ സിറ്റുവേഷന്‍ പറഞ്ഞുകൊടുത്തുകൊണ്ട് കംപോസിഷന് ഇരുന്നപ്പോഴാണ്, സീനുകളെയും അതിലെ വികാരങ്ങളുടെയും ഇഴപറ്റി ഈണമൊരുക്കുന്ന റഹ്മാന്‍ മാജിക് അദ്ദേഹം തിരിച്ചറിഞ്ഞത്. ആദ്യ കേള്‍വിയില്‍ പിടികിട്ടാത്ത, ശ്രദ്ധിക്കപ്പെടുമെന്ന് തോന്നാത്ത ഒരു ട്യൂണ്‍. എന്നാല്‍ ഒന്നുകൂടി കേള്‍ക്കുമ്പോള്‍, വീണ്ടും അതിലേക്ക് മനസിനെ വലിച്ചടുപ്പിക്കുന്ന ഇമ്പമാര്‍ന്ന ഈണം, ഒരുതരം 'സ്ലോ പോയിസണ്‍'. അതായിരുന്നു റഹ്മാന്റെ ഈണങ്ങള്‍.

Rangeela, 30 Years of AR Rahman Bollywood entry
ട്രോളുകള്‍ക്ക് സറണ്ടറാകാത്ത നൂറാന്‍ സിസ്റ്റേഴ്സ്; ലോകയിലൂടെ മലയാളത്തില്‍ വരവറിയിച്ച് ജ്യോതി

രംഗീലയ്ക്കായി ഏഴ് ട്രാക്കുകളാണ് റഹ്മാന്‍ ഒരുക്കിയത്. എല്ലാം ഒന്നിനൊന്നോട് മത്സരിച്ച് സൂപ്പര്‍ഹിറ്റുകളായി. ആശ ഭോസ്‌ലെ, ഹരിഹരന്‍, സ്വര്‍ണലത, കെ.എസ്. ചിത്ര, കവിത കൃഷ്ണമൂര്‍ത്തി, ഉദിത് നാരായണന്‍, സുരേഷ് വാഡ്‍കര്‍, ശ്വേതാ ഷെട്ടി, ആദിത്യ നാരായണന്‍, റഹ്മാന്‍ എന്നിങ്ങനെ ഒരു സൗത്ത്-നോര്‍ത്ത് കോംബോയായിരുന്നു പാട്ടുകാര്‍. പാട്ടുകളോരോന്നും ഒരു പരീക്ഷണമായിരുന്നുവെന്ന് റഹ്മാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. തന്‍ഹ.. തന്‍ഹയായിരുന്നു ആദ്യമൊരുക്കിയ പാട്ട്. അതിലേക്കായി ആശ ഭോസ്‍ലയെ വേണമെന്നായിരുന്നു റഹ്മാന്റെ ആവശ്യം. പഴയതും പുതിയതുമായ തലമുറയെ ചേര്‍ത്തുവയ്ക്കാന്‍ ആശ ഭോസ്‌ലെയുടെ ശബ്ദത്തിന് കഴിയുമെന്നായിരുന്നു റഹ്മാന്റെ പക്ഷം. ആശ ഭോസ്‌ലെയുടെ ഹസ്കി വോയ്സില്‍ റെക്കോഡ് ചെയ്ത തന്‍ഹ.. തന്‍ഹ, റഹ്മാന്റെ വിലയിരുത്തല്‍ ശരിവയ്ക്കുന്നു. "തന്‍ഹ തന്‍ഹ ഭൈരവി രാഗത്തിലാണ് ചെയ്തത്. സാധാരണ ഭൈരവിയില്‍ ഒരു പാട്ട് ആരും തുടങ്ങിവയ്ക്കാറില്ല. പാട്ടിന്റെ അവസാനഭാഗങ്ങളൊക്കെയാണ് ഭൈരവിയില്‍ തീര്‍ക്കുക. ഇതൊന്നും അറിയാതെയാണ് തന്‍ഹ തന്‍ഹ ഭൈരവിയില്‍ ചെയ്തത്" - റഹ്മാന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.

രംഗീല രേ... ആയിരുന്നു രണ്ടാമത് റെക്കോഡ് ചെയ്തത്. ആശ ഭോസ്‌ലെയ്ക്കൊപ്പം ഉദിത് നാരായണന്റെ മകന്‍ ആദിത്യയുടെ ശബ്ദവും അതില്‍ കേള്‍ക്കാം. ട്യൂണിടാനായി ഉപയോഗിച്ച യായി രെ... യായി രെ... എന്ന ബിറ്റാണ് പാട്ടിന്റെ ഹുക്ക് ലൈനായി മാറിയതെന്ന പ്രത്യേകയുമുണ്ട്. ഹരിഹരനും സ്വര്‍ണലതയും ചേര്‍ന്നാണ് ഹായ്... രാമാ യെ ക്യാ ഹുവാ... അവിസ്മരണീയമാക്കിയത്. ഉദിത് നാരാണയനും ചിത്രയും ചേര്‍ന്നാണ് യാരോ.. സുന്‍ ലോ സെറാ... പാടിയിരിക്കുന്നത്. പ്യാര്‍ യെ ജാനെ കൈസേ... (സുരേഷ് വാഡ്‍കര്‍, കവിത കൃഷ്ണമൂര്‍ത്തി), മാങ്താ ഹെ ക്യാ... (റഹ്മാന്‍, ശ്വേത ഷെട്ടി), ക്യാ കരെ ക്യാ നാ കരെ ക്യാ... (ഉദിത് നാരായണന്‍) എന്നിങ്ങനെയായിരുന്നു മറ്റ് പാട്ടുകള്‍.

സംവിധായകന്റെ ആവശ്യവും, പാട്ടുകാരുടെ ഇഷ്ടങ്ങളെയും ചേര്‍ത്തുപിടിച്ച്, അവരെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ സംഗീതം ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. അതായത്, സംവിധായകനും നിര്‍മാതാക്കളുമൊക്കെ പറയുന്നതിന് 'താളം ചമയ്ക്കുക' എന്ന പ്രോസസാണ് അവിടെ നടക്കുന്നത്. അവ മികച്ച സൃഷ്ടികള്‍ കൊണ്ടുവരുന്നുണ്ടെന്ന കാര്യത്തില്‍ രണ്ട് പക്ഷമില്ല. എന്നാല്‍, അവരില്‍നിന്ന് റഹ്മാന്‍ വ്യത്യസ്തനാണ്. ആവശ്യങ്ങളും നിര്‍ദേശങ്ങളുമൊക്കെ കേട്ട്, സീന്‍ മനസിലാക്കി സ്വന്തമായൊരു ബോധതലം സൃഷ്ടിച്ചെടുത്തശേഷമാണ് റഹ്മാന്‍ ഈണമൊരുക്കുന്നത്. എല്ലാവരും ഫൈനല്‍ ട്രാക്ക് ഒരുക്കിയശേഷമാകും ഗായകരെക്കൊണ്ട് പാടിക്കുന്നത്. എന്നാല്‍, റഹ്മാന്റെ രീതി അതല്ല. കീ ബോര്‍ഡില്‍ ശ്രുതി മാത്രം നല്‍കിയാകും ഗായകരെക്കൊണ്ട് പാടിക്കുന്നത്. വരികള്‍ക്ക് അവര്‍ നല്‍കുന്ന ഫീല്‍ അനുസരിച്ചായിരിക്കും പിന്നീട് ഓര്‍ക്കസ്ട്രേഷന്‍ ഒരുക്കുന്നത്. വരികളുടെ അര്‍ത്ഥവും ഗായകന്റെ ഭാവവുമൊക്കെ ഉള്‍ക്കൊള്ളുന്ന ഓര്‍ക്കസ്ട്രേഷന്‍ ശൈലി.

Rangeela, 30 Years of AR Rahman Bollywood entry
മനസ് പൊള്ളിച്ച രണ്ട് അനുഭവങ്ങള്‍; ഇനി പാടുന്നില്ലെന്ന് ചിത്ര തീരുമാനിച്ചു

ഇത്തരത്തില്‍ രംഗീലയിലുണ്ടായ അനുഭവം ഒരിക്കല്‍ രാം ഗോപാല്‍ വെളിപ്പെടുത്തിയിരുന്നു. ഹായ്... രാമാ... എന്ന പാട്ടിലായിരുന്നു രാം ഗോപാലിന്റെ ആശങ്കയും റഹ്മാന്റെ ഞെട്ടിക്കലും. പാട്ട് സീനിനെക്കുറിച്ച് രാം ഗോപാല്‍ റഹ്മാനോട് വിശദീകരിച്ചു. "വെറും പ്രണയമല്ല, ഒരു ഇറോട്ടിക്ക് നമ്പറാണ് ആവശ്യം. പ്രണയത്തിന്റെ, കാമത്തിന്റെ തീവ്രത ഇരുവരുടെയും മുഖങ്ങളില്‍ അറിയണം. മൃഗങ്ങള്‍ രതിയില്‍ ഏര്‍പ്പെടുമ്പോള്‍ ചുറ്റുപാടുകളെക്കുറിച്ച് ചിന്തിക്കാറില്ല. ആരെങ്കിലും കാണുമെന്നോ, ശ്രദ്ധിക്കുമെന്നോ ഉള്ള വിചാരം അവയ്ക്കില്ല. സകല വിചാരങ്ങളെയും മാറ്റിനിര്‍ത്തിയാണ് അവര്‍ പ്രണയം ആസ്വദിക്കുന്നത്. അത്തരമൊരു തരത്തിലാണ് സീന്‍ പ്ലാന്‍ ചെയ്യുന്നത്. അതിന് ചേര്‍ന്നൊരു പാട്ടാണ് വേണ്ടത്" - ഇത്രയും പറഞ്ഞശേഷം, മി. ഇന്ത്യ എന്ന ചിത്രത്തിനായി ലക്ഷ്മികാന്ത്-പ്യാരേലാല്‍ ഈണമിട്ട കാട്ടെ... നഹി കട്ട് തെ... എന്ന പാട്ട് റഫന്‍സായും നല്‍കി. പക്ഷേ, റഹ്മാന്റെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. "എന്തുകൊണ്ട് നമുക്ക് ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതം ഉപയോഗിച്ചുകൂടാ?". തലയ്ക്കടിയേറ്റതുപോലെയായി രാം ഗോപാല്‍. തബലയും വയലിനുമൊക്കെ ചേര്‍ന്നുള്ള ഒരു കര്‍ണാട്ടിക് ശാസ്ത്രീയ സംഗീതമായി പാട്ട് മാറിപ്പോകുമോ എന്ന ആശങ്ക രാം ഗോപാലില്‍ പെരുത്തു തുടങ്ങിയിരുന്നു.

ക്ലാസിക്കല്‍ മൂഡ് പിടിച്ച് റഹ്മാന്‍ പണി തുടങ്ങി. ഹരിഹരനെയും സ്വര്‍ണലതയെയും പാട്ടുകാരായി നിശ്ചയിച്ചു. ഓര്‍ക്കസ്ട്രേഷന്‍ പൂര്‍ത്തിയായെന്ന് അറിയിച്ചതിനു പിന്നാലെ, രാം ഗോപാല്‍ ചെന്നൈയില്‍ റഹ്മാന്റെ സ്റ്റുഡിയോയിലെത്തി.കര്‍ണാട്ടിക്കിലെ പന്തുവരാളി രാഗവും, ഹിന്ദുസ്ഥാനിയില്‍ അതിന് തുല്യമായ പുരിയ ധനശ്രീയും ചേര്‍ത്താണ് റഹ്മാന്‍ ഹേയ് രാമാ.. ഒരുക്കിയത്. തംബുരുവിന്റെ ശ്രുതിക്കൊപ്പം, ഹരിഹരന്റെ ആലാപും, സ്വര്‍ണലതയുടെ ഹമ്മിങ്ങും ചേര്‍ന്നാണ് പാട്ടിന്റെ തുടക്കം. 'ഇതെന്താ ഇങ്ങനെ' എന്ന ചിന്തയോടെയാണ് രാം ഗോപാല്‍ അത് കേട്ടിരുന്നത്. പക്ഷേ, പാട്ട് പുരോഗമിക്കുമ്പോള്‍, വല്ലാത്തൊരു ചടുലതയും മുറുക്കവും. വരികളില്‍ സ്വര്‍ണലത പകര്‍ന്നുവെച്ചിരിക്കുന്ന ഫീല്‍. അതിനോടു ചേരുന്ന ഹരിഹരന്റെ ശബ്ദം. ഇറോട്ടിക്കായ വികാരങ്ങളുടെ സൂക്ഷ്മഭാവങ്ങളെയാകെ തൊട്ടുതലോടി പോകുന്ന പാട്ട്. സെല്ലോയും, തബലയുടെ വന്യമായ താളവുമൊക്കെ ചേര്‍ന്ന് പാട്ടിനെ മറ്റൊരു തലത്തിലെത്തിക്കുന്നു. ഇടയ്ക്കിടെ വന്ന് കൊളുത്തുന്ന ഫ്ലൂട്ട് പീസ്, വൈല്‍ഡ് ഫീല്‍ തരുന്ന മാനുഷിക ശബ്ദങ്ങളും പിന്നണിയില്‍ വന്നുപോകുന്നു. മൊത്തത്തില്‍ രാം ഗോപാലിന്റെ ഭാവനകളെയെല്ലാം കടത്തിവെട്ടുന്ന പാട്ട്. അങ്ങനെയാണ് രംഗീല അടിമുടി ഒരു റഹ്മാന്‍ മ്യൂസിക്കലായി മാറിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com