

ബോളിവുഡ് നടൻ രാജ്പാൽ യാദവിന് 'വിദ്യാഭ്യാസം കുറവാണെന്ന' തന്റെ പ്രസ്താവന ആരെയും അപമാനിക്കാനല്ലെന്നും, അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും സംവിധായകൻ പ്രിയദർശൻ. ഔദ്യോഗികമായ സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ചല്ല, മറിച്ച് ലോകവിവരത്തെക്കുറിച്ചാണ് താൻ ഉദ്ദേശിച്ചതെന്ന് സംവിധായകൻ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ചെക്ക് കേസിൽ കുടുങ്ങി രാജ്പാൽ യാദവ് കോടതിയിൽ കീഴടങ്ങേണ്ടി വന്ന സാഹചര്യത്തിലായിരുന്നു നടന് 'വിദ്യാഭ്യാസം കുറവാണെന്ന' പ്രിയദർശന്റെ പരാമർശം. എന്നാൽ, ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെ ഇതിനെതിരെ രാജ്പാൽ രംഗത്തെത്തി. "പ്രിയൻ സാറിന് എന്നെ അറിയില്ല, ഞാൻ നല്ല രീതിയിൽ വിദ്യാഭ്യാസം നേടിയ ആളാണ്," എന്നായിരുന്നു രാജ്പാലിന്റെ മറുപടി. ഇതിനു പിന്നാലെയാണ് പ്രിയദർശന്റെ വിശദീകരണം.
"യഥാർഥത്തിൽ ഞാൻ ഉദ്ദേശിച്ചത് അതല്ല. വിദ്യാഭ്യാസം എന്നത് നമ്മൾ പുസ്തകങ്ങളിൽ നിന്ന് മാത്രമല്ല, തെരുവുകളിൽ നിന്നും ജീവിതത്തിൽ നിന്നും പഠിക്കുന്നതാണ്. ലോകവിവരത്തെയാണ് ഞാൻ വിദ്യാഭ്യാസം എന്ന് ഉദ്ദേശിച്ചത്," പ്രിയദർശൻ വിശദീകരിച്ചു.
രാജ്പാൽ യാദവ് വളരെ നിഷ്കളങ്കനാണെന്നും ആരെയും വിശ്വസിക്കുന്ന സ്വഭാവമാണെന്നും പ്രിയദർശൻ പറഞ്ഞു. അതിൽ നിന്നായിരുന്നു തന്റെ നിരീക്ഷണം. അദ്ദേഹം ഗ്രാമത്തിൽ നിന്ന് വരുന്നതുകൊണ്ടും അവിടങ്ങളിലെ ജനങ്ങൾ നിഷ്കളങ്കരായതുകൊണ്ടും ശരിയായ ആളുകളെയും തെറ്റായ ആളുകളെയും വേർതിരിച്ചറിയാൻ പറ്റിയെന്നുവരില്ല. ആ അർത്ഥത്തിലാണ് താൻ സംസാരിച്ചതെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.
"അദ്ദേഹത്തെ അപമാനിക്കുക എന്റെ ഉദ്ദേശ്യമായിരുന്നില്ല. രാജ്പാലിനെപ്പോലെ ഇത്രയും നിഷ്കളങ്കനായ ഒരാളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. ആ നിഷ്കളങ്കതയെയാണ് ഞാൻ അത്തരത്തിൽ വിശേഷിപ്പിച്ചത്," സംവിധായകൻ വ്യക്തമാക്കി.
'ഭാഗം ഭാഗ്', 'ഭൂൽ ഭുലയ്യ', 'മാലമാൽ വീക്കിലി' തുടങ്ങിയ സൂപ്പർഹിറ്റ് പ്രിയദർശൻ സിനിമകളിൽ സുപ്രധാന വേഷങ്ങൾ അവതരിപ്പിച്ച താരമാണ് രാജ്‌പാൽ യാദവ്. തന്റെ പുതിയ ചിത്രമായ 'ഭൂത് ബംഗ്ലാ' റിലീസ് ചെയ്യുന്നതോടെ രാജ്പാൽ യാദവ് കോമഡി താരത്തിൽ നിന്ന് മുൻനിരയിലേക്ക് ശക്തമായി തിരിച്ചുവരുമെന്നും പ്രിയദർശൻ പ്രത്യാശ പ്രകടിപ്പിച്ചു.