
കുടുംബം ഒത്തുള്ള മനോഹര നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് നടി പ്രിയങ്ക ചോപ്ര. പങ്കാളി നിക്ക് ജോനാസിനും മകൾ മാൾട്ടി മേരി ചോപ്ര ജോനാസുമായുമുള്ള ചിത്രങ്ങളാണ് പ്രിയങ്ക ആരാധകരുമായി പങ്കുവച്ചത്.
"ചില യാദൃച്ഛിക നിമിഷങ്ങൾ മാത്രം.. വീട്ടിലെത്തിയതിൽ സന്തോഷം," എന്ന അടിക്കുറിപ്പോടെയാണ് പ്രിയങ്ക ചിത്രങ്ങൾ പങ്കുവച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു പ്രിയങ്ക-നിക്ക് ദമ്പതികളുടെ ഏഴാം വിവാഹ വാർഷികം. "എന്റെ സ്വപ്നസുന്ദരിയെ വിവാഹം കഴിച്ചിട്ട് ഏഴ് വർഷങ്ങൾ" എന്നാണ് ഈ വിശേഷ ദിവസത്തിൽ നിക്ക് കുറിച്ചത്.
അടുത്തിടെ, നിക്കിനെ കുറിച്ച് പ്രിയങ്കയും മനോഹരമായ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. "ഞാൻ എപ്പോഴും എന്റെ ഭർത്താവിന്റെ കാമുകിയായിരിക്കും. അത് എളുപ്പമായതുകൊണ്ടല്ല, മറിച്ച് അത് പവിത്രമായതുകൊണ്ടാണ്. എന്നെ മനസിലാക്കാൻ ക്ഷമയുള്ള, എനിക്ക് ഉച്ചത്തിൽ പറയാൻ കഴിയാത്തതും ഉൾക്കൊള്ളാൻ ശക്തനായ, ഏത് കൊടുങ്കാറ്റിലും എന്നെ സ്നേഹിക്കാൻ പറ്റുന്ന സൗമ്യനായ ഒരാളെ എനിക്ക് ആവശ്യമാണെന്ന് ദൈവത്തിന് അറിയാമായിരുന്നു. അദ്ദേഹം എന്റെ പങ്കാളി മാത്രമല്ല. എന്റെ പ്രാർഥനയ്ക്ക് ലഭിച്ച ഉത്തരം കൂടിയാണ്." എന്നാണ് പ്രിയങ്ക കുറിച്ചത്.
ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ നടന്ന ഗംഭീര ചടങ്ങിലായിരുന്നു പ്രിയങ്ക-നിക്ക് വിവാഹം. 2022 ജനുവരി 15 ന് ഇരുവരുടേയും ജീവിതത്തിലേക്ക് മാള്‍ട്ടിയുമെത്തി.
എസ്.എസ്. രാജമൗലിയുടെ 'വാരണാസി'യാണ് പ്രിയങ്ക ചോപ്രയുടെ അടുത്ത ചിത്രം. മന്ദാകിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പ്രിയങ്ക അവതരിപ്പിക്കുന്നത്.
ഫ്രാങ്ക് ഇ. ഫ്ലവേഴ്‌സ് സംവിധാനം ചെയ്യുന്ന 'ദി ബ്ലഫ്' എന്ന ആക്ഷൻ ഡ്രാമയിലും പ്രിയങ്ക ഒരു പ്രാധാന കഥാപാത്രമായി എത്തും. കാൾ അർബൻ, ഇസ്മായിൽ ക്രൂസ് കോർഡോവ, സഫിയ ഓക്ലി-ഗ്രീൻ, ടെമുവേര മോറിസൺ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്പൈ ത്രില്ലർ പരമ്പര 'സിറ്റാഡൽ' സീസൺ 2ലും പ്രിയങ്ക ഉണ്ടാകും.