"ജയിലുകളിൽ പ്രത്യേക സ്മോക്കിങ് ഏരിയ വേണം"; ചെക്ക് കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ രാജ്‌പാൽ യാദവ്

തിങ്കളാഴ്ചയാണ് ഡൽഹി ഹൈക്കോടതി നടന് ജാമ്യം അനുവദിച്ചത്
ബോളിവുഡ് താരം രാജ്‌പാൽ യാദവ്
ബോളിവുഡ് താരം രാജ്‌പാൽ യാദവ്Source: ANI
Published on
Updated on

ന്യൂ ഡൽഹി: ചെക്ക് കേസിൽ തിഹാർ ജയിലിൽ കഴിഞ്ഞിരുന്ന ബോളിവുഡ് താരം രാജ്‌പാൽ യാദവ് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. തടവിൽ നിന്ന് മോചിതനായതിന് പിന്നാലെ സിനിമാ മേഖലയിൽ തന്നെ പിന്തുണച്ചവർക്കും ആരാധകർക്കും നന്ദി പറഞ്ഞ യാദവ് ജയിൽ അധികൃതരോട് ഒരു അഭ്യർഥനയും നടത്തി. ജയിലുകളിൽ സിഗരറ്റ് വലിക്കാൻ പ്രത്യേക ഇടം അനുവദിക്കണം!

റയിൽവേ സ്റ്റേഷനുകളിലും എയർപോർട്ടുകളിലും ഉള്ളപോലെ സ്മോക്കിങ് ഏരിയ ജയിലുകളിലും വേണമെന്നാണ് രാജ്‌പാൽ യാദവ് പറയുന്നത്. ജയിലുകൾ പരിവർത്തന കേന്ദ്രങ്ങളായി വേണം പ്രവർത്തിക്കാനെന്നും നടൻ ഊന്നിപ്പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് തന്റെ അഭിഭാഷകൻ ഭാസ്കർ ഉപാധ്യായ ഔദ്യോഗികമായി മറുപടി നൽകുമെന്നും കുടുംബത്തിലെ ഒരു വിവാഹം പ്രമാണിച്ച് അടുത്ത രണ്ട് ദിവസത്തേക്ക് മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും രാജ്‌പാൽ യാദവ് വ്യക്തമാക്കി. താൻ ഇന്ത്യയിലാണ് ജനിച്ചതെന്നും, തന്റെ പാസ്‌പോർട്ട് ഇതുവരെ മാറ്റിയിട്ടില്ലെന്നും, സ്വന്തം ഗ്രാമത്തിലെ വോട്ടറായി തുടരുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു.

ബോളിവുഡ് താരം രാജ്‌പാൽ യാദവ്
'എമ്പുരാനേ' സ്റ്റൈൽ പാട്ടുകളിൽ നിന്ന് 'മജക്കോ മല്ലിക'യിലേക്ക്; ആനന്ദ് ശ്രീരാജ് അഭിമുഖം

ഫെബ്രുവരി അഞ്ചിനാണ്, ചെക്ക് കേസിൽ ആറ് മാസത്തെ തടവ് അനുഭവിക്കുന്നതിനായി തിഹാർ ജയിൽ അധികൃതർക്ക് മുന്നിൽ രാജ്‌പാൽ കീഴടങ്ങിയത്. പിന്നാലെ സൽമാൻ ഖാൻ, അജയ് ദേവ്ഗൺ, വരുൺ ധവാൻ എന്നിങ്ങനെ സിനിമാ മേഖലയിലെ നിരവധി പ്രമുഖർ നടന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ബോളിവുഡ് താരം രാജ്‌പാൽ യാദവ്
"മരിക്കാനുള്ള സാധ്യത 30 ശതമാനമായിരുന്നു, കരാർ ഒപ്പിട്ട സിനിമകൾ വേണ്ടെന്നു വച്ചു"; രോഗകാലത്തെപ്പറ്റി റാണ ദഗുബതി

2010ൽ 'അട്ടാ പട്ടാ ലാപ്പതാ' എന്ന ആദ്യ സംവിധാന സംരഭം നിർമിക്കുന്നതിനായാണ് ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മുരളി പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും രാജ്പാൽ യാദവ് അഞ്ച് കോടി രൂപ വായ്പ എടുത്തത്. ഈ കടം പലിശയും പിഴയും ചേർന്ന് ഇപ്പോൾ ഒൻപത് കോടി രൂപയായി മാറി. ഇതിനെത്തുടർന്നുള്ള, ചെക്ക് മടങ്ങിയ കേസിലാണ് രാജ്പാൽ യാദവിനേയും ഭാര്യയേയും ആറ് മാസത്തെ തടവിന് കോടതി ശിക്ഷിച്ചത്.

2024 ജൂണിൽ കടം തീർക്കാൻ സമയം അനുവദിച്ച ഡൽഹി ഹൈക്കോടതി രാജ്പാലിന് എതിരായ തടവ് ശിക്ഷ താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. പക്ഷേ, സമയത്തിന് ബാധ്യത തീർക്കാൻ നടന് സാധിച്ചില്ല. ഇതോടെ, ജയിൽ അധികൃതർക്ക് മുന്നിൽ രാജ്പാൽ യാദവ് കീഴടങ്ങണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

തിങ്കളാഴ്ചയാണ് ഡൽഹി ഹൈക്കോടതി മാർച്ച് 18 വരെ നടന് ജാമ്യം അനുവദിച്ചത്. പരാതിക്കാരായ മുരളി പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടിൽ രാജ്പാൽ യാദവ് 1.5 കോടി രൂപ നിക്ഷേപിച്ചു എന്നത് കണക്കിലെടുത്താണ് ജസ്റ്റിസ് സ്വർണ കാന്ത ശർമ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com