'കാന്താര' അനുകരണ കേസ്: ഹൈക്കോടതി നിർദേശ പ്രകാരം ചാമുണ്ഡേശ്വരി ക്ഷേത്ര ദർശനം നടത്തി രൺവീർ സിംഗ്

ഐഎഫ്എഫ്ഐ സമാപന ചടങ്ങിൽ 'കാന്താര'യിലെ ദൈവക്കോലത്തെ രൺവീർ അനുകരിച്ചതാണ് കേസിന് ആധാരം
രൺവീർ സിംഗ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ
രൺവീർ സിംഗ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽSource: X
Published on
Updated on

മൈസൂരു: ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം രൺവീർ സിംഗ്. 'കാന്താര' സിനിമയിലെ ദൈവക്കോലത്തെ വികലമായി അനുകരിച്ചതിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ കർണാടക ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് ക്ഷേത്ര ദർശനം. സിനിമാ സംഘടന വിലക്കേർപ്പെടുത്തിയതിന് തൊട്ടടുത്ത ദിവസമാണ് നടൻ രഹസ്യമായി ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയത്.

2025 നവംബർ 30ന് ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിലാണ് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത 'കാന്താര' സിനിമയിലെ ദൈവക്കോലത്തെ രൺവീർ അനുകരിച്ചത്. സിനിമയിൽ ഈ വേഷം ചെയ്ത ഋഷഭ് സദസിലിരിക്കെയായിരുന്നു പ്രകടനം. ഇതിന് പിന്നാലെ നടനെതിരെ വലിയ തോതിൽ വിമർശനങ്ങൾ വന്നിരുന്നു. വിവിധ കന്നഡ സംഘടനകളും നടനെതിരെ പരാതിയുമായി രംഗത്തെത്തി. തുടർന്നാണ് നടനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതും കേസ് ഹൈക്കോടതിയിൽ എത്തുന്നതും.

രൺവീർ സിംഗ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ
'ഡോൺ 3'യിൽ നിന്നുള്ള പിൻമാറ്റം; രൺവീർ സിംഗിനെ വിലക്കി സിനിമാ സംഘടന, മൗനം പാലിച്ച് താരം

വിവാദങ്ങളുടെ തുടക്കത്തിൽ തന്നെ നടൻ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഈ രാജ്യത്തെ എല്ലാ സംസ്കാരത്തെയും പാരമ്പര്യത്തെയും വിശ്വാസത്തെയും ബഹുമാനിക്കുന്നുവെന്നും ഋഷഭിന്റെ അവിശ്വസനീയമായ പ്രകടനം വലിയ അധ്വാനമാണ് എന്ന് കാണിക്കാനാണ് ശ്രമിച്ചതെന്നുമായിരുന്നു വിശദീകരണം.

ഫെബ്രുവരിയിൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രൺവീർ കർണാടക ഹൈക്കോടതിയെ സമീപിച്ചു. തന്റെ നിരുപാധികമായ ക്ഷമാപണം അടങ്ങിയ സത്യവാങ്മൂലവും സമർപ്പിച്ചു. ഇത് സ്വീകരിച്ച കോടതി നടനെതിരായ ക്രിമിനൽ നടപടികൾ അവസാനിപ്പിക്കുകയും ചാമുണ്ഡേശ്വരി ക്ഷേത്രം സന്ദർശിക്കാൻ നിർദേശിക്കുകയായിരുന്നു. നാല് ആഴ്ചയ്ക്കുള്ളിൽ ക്ഷേത്ര ദർശനം നടത്തണമെന്നായിരുന്നു ജസ്റ്റിസ് എം. നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ചിന്റെ നിർദേശം.

രൺവീർ സിംഗ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ
"അനന്യ പാണ്ഡേ ഭരതനാട്യത്തെ കൊന്നു"; വിമർശനവുമായി ഷമാ മുഹമ്മദ്

അതേസമയം,  സിനിമാ സംഘടനയായ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയ്സ് രൺവീർ സിംഗിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. 'ഡോൺ 3'യിൽ നിന്ന് അവസാന നിമിഷം അപ്രതീക്ഷിതമായി പിന്മാറിയത് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ത്യൻ ഫിലിം & ടെലിവിഷൻ ഡയറക്ടേഴ്സ് അസോസിയേഷനിൽ നടനെതിരെ ഫർഹാൻ പരാതി നൽകിയിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് താരത്തിനെതിരെ ഫെഡറേഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് നടന് വിലക്കേർപ്പെടുത്തിയതായി സംഘടന അറിയിച്ചത്.

News Malayalam 24x7
newsmalayalam.com