ആർഎസ്എസിനെ തഴുകുന്ന ബോളിവുഡ് സ്റ്റോറികൾ, സ്റ്റാറുകൾ

മോദി സ‍ർക്കാ‍ർ അധികാരത്തിൽ വന്ന ശേഷം സംഘപരിവാർ പ്രൊപ്പ​ഗണ്ടയുടെ ഭാ​ഗമായി എത്ര ചിത്രങ്ങളുണ്ടായെന്ന് ഊഹിക്കാമോ?
ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, ബോളിവുഡ് ചിത്രങ്ങൾ
ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, ബോളിവുഡ് ചിത്രങ്ങൾSource: X
Published on
Updated on

1924ൽ സ്ഥാപിതമായ ഇറ്റാലിയൻ ഫിലിം കോർപ്പറേഷനായ ഇസ്റ്റിറ്റ്യൂട്ടോ ലൂസിന്റെ പുതിയ ആസ്ഥാനത്തിന്റെ ഉദ്ഘാടനം. ഉദ്ഘാടകൻ ബെനിറ്റോ മുസോളിനി. വേദിയുടെ ബാക്ക് ഡ്രോപ്പായി, ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്ന മുസോളിനിയുടെ ഒരു ഭീമൻ കട്ടൗട്ട്. ഒപ്പം ഒരു കുറിപ്പും - ‘സിനിമാറ്റോഗ്രഫി ഏറ്റവും ശക്തമായ ആയുധമാണ്’

ശരിയാണ്, ഇമേജുകൾക്ക് മാരകമായ പ്രഹരശേഷിയുണ്ട്. അത് ജനങ്ങളെ സ്വാധീനിക്കും. ഹിറ്റ്‌ലറിന്റെ ജർമനിയിലും അത് നമ്മൾ കണ്ടതാണ്. നാസിസം ഒരു പകർച്ചവ്യാധി കണക്കിന് ജർമനിയെ ബാധിച്ചതിന് പിന്നിൽ ഇമേജുകളുടെ സ്വാധീനം കാണാം. അതാണ് ഹിറ്റ്‌ലറിനെ നായകനാക്കിയത്, ജൂതന്മാരെ വില്ലന്മാരാക്കിയത്. ഇതിനൊപ്പം സെൻസർഷിപ്പ് കൂടിയാകുമ്പോൾ ഭരണകൂടത്തിന് ഏറാൻമൂളുന്ന ശബ്ദങ്ങൾ മാത്രം പുറത്തെത്തി. ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടു. പറഞ്ഞുവരുന്നത് പ്രൊപ്പഗണ്ട സിനിമകളെപ്പറ്റിയാണ്. നമുക്ക് ഇന്ന് ആ വാക്ക് അത്രമേൽ പരിചിതമാണ്.

2014ൽ ആദ്യ മോദി സ‍ർക്കാ‍ർ അധികാരത്തിൽ വന്ന ശേഷം തീവ്ര വലതുപക്ഷത്തിന്റെ, സംഘപരിവാറിന്റെ പ്രൊപ്പ​ഗണ്ടയുടെ ഭാ​ഗമായി എത്ര ചിത്രങ്ങളുണ്ടായെന്ന് ഊഹിക്കാമോ? എത്ര ചരിത്ര സംഭവങ്ങൾക്കാണ് കാവി രാഷ്ട്രീയത്തിന്റെ ഭാഷയും ആഖ്യാനവും നൽകാൻ ശ്രമിച്ചതെന്ന് അറിയാമോ?

കണക്കെടുത്താൽ ഈ പട്ടികയിൽ നിരവധി ചിത്രങ്ങൾ കാണാം. 'പി.എം നരേന്ദ്ര മോദി' - മോദിയുടെ ബയോപിക്. 'ദ താഷ്കന്റ് ഫയൽസ്' - മുൻ പ്രധാനമന്ത്രി ലാൽ ബഹദൂ‍ർ ശാസ്ത്രിയുടെ മരണത്തെ ​ഗൂഢാലോചനാ സിദ്ധാന്തത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാനുള്ള ശ്രമം. 'ഉറി: ദ സ‍ർജിക്കൽ സ്ട്രൈക്ക്' - ശത്രുവിനെ കടന്നാക്രമിക്കുന്ന 'പുതിയ ഇന്ത്യ'യുടെ അവതരണം. 'ദ കാശ്മീർ ഫയൽസ്' - കാശ്മീരി പണ്ഡിറ്റുകളെ മറയാക്കി ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാനുള്ള ശ്രമം. 'ദ കേരള സ്റ്റോറി'- കേരളത്തിൽ നിന്ന് ആയിരങ്ങൾ ഐഎസിലേക്ക് ഒഴുകുന്നു എന്ന വ്യാജം പ്രചാരണം. ​'ഗാന്ധി -​ഗോഡ്സേ: ഏക് യുദ്ധ്' - ​​ഗോഡ്സയും ഹിന്ദുത്വയും അഖണ്ഡ ഭാരതവും നിറഞ്ഞ കഥ, 'സ്വതന്ത്ര വീർ സവർക്ക‍‍ർ' - സവർക്കരെ വെള്ളപൂശാനുള്ള ശ്രമം. ​ഗുജറാത്ത് കലാപത്തെ മുൻനിർത്തി തന്നെ- 'സബർമതി റിപ്പോ‍ർട്ട്', 'ആക്സിഡന്റ് ഓർ കോൺസ്പിറസി: ​ഗോധ്ര' എന്നിങ്ങനെയുള്ള ചിത്രങ്ങൾ. മാസ് കൊമേഷ്യൽ ഫ്ലേവറിനുള്ളിൽ, "അന്ന് മോദിയും യോ​ഗിയും ഉണ്ടായിരുന്നെങ്കിൽ", എന്ന് അലമുറയിടുന്ന 'ധുരന്ധർ'. ഏറ്റവും ഒടുവിൽ, എൻഐഎ പോലും തള്ളിക്കളഞ്ഞ 'ലവ് ജിഹാദ്' എന്ന സംഘപരിവാർ 'വിഭ്രാന്തി'യിൽ നിന്നുകൊണ്ട് 'കേരള സ്റ്റോറി 2'. പ്രച്ഛന്ന വേഷത്തിൽ മറ്റ് പല ചിത്രങ്ങളും.

ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, ബോളിവുഡ് ചിത്രങ്ങൾ
ഗോവയിലെ അധോലോകം വിറപ്പിക്കാൻ കർമാടി; സുദേവ് നായരുടെ 'ടോക്സിക്' ലുക്ക് പുറത്ത്!

ഇത് ഇപ്പോൾ പട്ടികപ്പെടുത്താൻ കാരണമുണ്ട്. രാഷ്ട്രീയ സ്വയംസേവക് സംഘ് അഥവാ ആ‍ർഎസ്എസ് തങ്ങളുടെ ശതാബ്ദി ​ഗംഭീരമായി ആഘോഷിക്കുകയാണ്. ആർഎസ്എസ്- ഇന്ന് ഇന്ത്യ ഭരിക്കുന്ന സ‍ർക്കാരിന്റെ നയങ്ങൾക്ക് പിന്നിലെ ശക്തി. തലച്ചോർ. സ്വതന്ത്ര ഇന്ത്യയിൽ മൂന്ന് തവണ നിരോധിക്കപ്പെട്ട സംഘടന.

ശതാബ്ദി ആഘോഷങ്ങളുടെ ഭാ​ഗമായി ‘സംഘയാത്രയുടെ നൂറ് വർഷം – പുതിയ ചക്രവാളങ്ങൾ’ എന്ന വിഷയത്തിൽ മുംബൈയിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിലേക്ക് ഒന്ന് കണ്ണോടിക്കാം. താരനിബിഡമായ ചടങ്ങ്. വിവിധ മേഖലകളിൽ നിന്ന് 900ത്തോളം പ്രമുഖർ. അതിലേറെയും ഹിന്ദി സിനിമയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവർ. ഒരു പ്രമുഖന്റെ പേര് പറയാം - സൽമാൻ ഖാൻ. തൊട്ടടുത്തായി സെൻസ‍ർ ബോർഡ് തലവൻ പ്രസൂൻ ജോഷി. രൺബീർ കപൂർ, കരൺ ജോഹർ, അക്ഷയ് കുമാർ, അനന്യ പാണ്ഡെ, വിക്കി കൗശൽ അങ്ങനെയങ്ങനെ പോകുന്നു താരനിര. അതെ, ബാന്ധവം രഹസ്യമല്ല. പരസ്യമാണ്.

പരിപാടിക്ക് ശേഷം ആർഎസ്എസ് മേധാവി മോഹൻ ഭ​ഗവതിന്റെ ആശയങ്ങൾ തന്നെ പ്രചോദിപ്പിക്കുന്നു എന്നാണ് കരൺ ജോഹർ പറഞ്ഞത്. താൻ അദ്ദേഹത്തിന്റെ ഫാനാണെന്നായിരുന്നു ശിൽപ്പ ഷെട്ടിയുടെ വാക്കുകൾ. ഈ വാക്കുകളിൽ ഒന്നും പൊളിറ്റിക്കലായ പദപ്രയോ​ഗങ്ങളില്ല. ഏതെങ്കിലും പരിചിതനായ ​വ്യക്തിയെ പുകഴ്ത്തുന്ന പോലെ, നിഷ്കളങ്കം. രാമേട്ടൻ സൂപ്പറാണ് എന്ന് പറയുന്നപോലെ. എന്നാൽ, നേരത്തെ പറഞ്ഞ കാവിയിൽ പൊതിഞ്ഞ, മുസ്ലീങ്ങളെ വില്ലന്മാരാക്കുന്ന, അതിദേശീയത തുളുമ്പുന്ന സിനിമകളിലൂടെ ഒന്ന് കടന്നുപോയാൽ ഈ നിഷ്കളങ്ക നാട്യങ്ങൾ അഴിഞ്ഞുവീണും.

പോപ്പുലർ സിനിമയിലൂടെ ഭൂരിപക്ഷത്തിലേക്ക് തങ്ങളുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം വിദ​ഗ്ധമായി പ്രചരിപ്പിക്കാൻ ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾക്ക് കഴിഞ്ഞ വർഷങ്ങളിൽ സാധിച്ചിട്ടുണ്ട്. അത് തീവ്രമാകും എന്ന് ബോളിവുഡിന്റെ സമീപകാല പ്രവണതകൾ വ്യക്തമായി സൂചിപ്പിക്കുന്നു. മുഖ്യധാരാ ഹിന്ദി സിനിമയെ ഹിന്ദുത്വയുടെ യുക്തി പൂർണമായും കീഴടക്കിയിരിക്കുന്നു. നിലനിൽപ്പിനായി അധികാര കേന്ദ്രത്തിന് വഴങ്ങുന്നവരെ മാത്രമല്ല ഇവിടെ കാണുന്നത്. പ്രത്യയശാസ്ത്രപരമായി വിധേയപ്പെട്ടവരെക്കൂടിയാണ്.

ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, ബോളിവുഡ് ചിത്രങ്ങൾ
ഒരു നടിയുടെ 'ആയുസ്' 6-7 വർഷമാണെന്നാണ് അന്നവർ പറഞ്ഞത്, ഞാൻ സിനിമയിൽ എത്തിയിട്ട് 20 വർഷമായി: പാർവതി തിരുവോത്ത്

ഇനി ഇതിനോടെല്ലാം കലഹിക്കുന്നവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. ഹിന്ദുത്വയെ, മോദിയെ, ആർഎസ്എസിനെ വിമർശിക്കുന്ന ഒരു ഇമേജ് എങ്കിലും സിനിമയിൽ ഉപയോ​ഗിക്കാൻ ശ്രമിക്കുന്നവർ സെൽഫ് സെൻസർ ചെയ്യാൻ നിർബന്ധിതരാകും. കടുത്ത സൈബർ‍ ആക്രമണം നേരിടേണ്ടിവരും. ഇനി ഇതിനൊന്നും വഴങ്ങിയില്ലെങ്കിൽ സിബിഎഫ്സി ഒരു കാരുണ്യവും കൂടാതെ ആ സിനിമയുടെ കഴുത്തറക്കും. അതേ, ബോളിവുഡ് ഏറക്കുറെ കാവിവത്കരിക്കപ്പെട്ടു കഴിഞ്ഞു.

ഇതൊരു 'നോർത്ത് ഇന്ത്യൻ പ്രതിഭാസ'മായി മാത്രം കരുതരുത്. അതിങ്ങ് ദക്ഷിണേന്ത്യയുടെ പടിവാതിൽക്കൽ എത്തിക്കഴിഞ്ഞു. ബിജെപിയുടെ രാഷ്ട്രീയ ശ്രദ്ധ ഇപ്പോൾ കേരളം ഉൾപ്പെട്ട പ്രദേശങ്ങളിലാണ്. അതുകൊണ്ട് തന്നെ സംഘപരിവാർ ആക്ഷൻ പതിയേ ദക്ഷിണേന്ത്യൻ കലാ സാംസ്കാരിക മേഖലകളിലേക്കും പ്രവേശിച്ചിരിക്കുന്നു. പാൻ ഇന്ത്യൻ, എപ്പിക്കുകൾ പറയുന്ന കഥ, കഥ മാത്രമല്ലാതാകുന്നു. കഥാപാത്രങ്ങൾ സനാതന ധർമത്തെപ്പറ്റി വാചാലരാകുന്നു. 'കേരള സ്റ്റോറി'കൾക്ക് രണ്ടാം ഭാ​ഗങ്ങളുണ്ടാകുന്നു. ഇത്തവണ ട്രോളുകൊണ്ട് മാത്രം പ്രൊപ്പ​ഗണ്ടകളെ പൊളിക്കാൻ കഴിഞ്ഞെന്നുവരില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com