

അക്ഷയ് കുമാർ, സെയ്‌ഫ് അലി ഖാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കുന്ന ഹിന്ദി ചിത്രം 'ഹൈവാൻ' റിലീസിന് ഒരുങ്ങുകയാണ്. കാഴ്ചാ പരിമിതിയുള്ള ഒരു സംഗീതജ്ഞന്റെ വേഷത്തിലാണ് ഈ ചിത്രത്തിൽ സെയ്‌ഫ് എത്തുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ പ്രിയദർശനെപ്പറ്റി താരം പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
പ്രിയദർശൻ തന്റെ അച്ഛനും വിഖ്യാത ക്രിക്കറ്ററുമായ മൻസൂർ അലി ഖാൻ പട്ടൗഡി എന്ന ടൈഗർ പട്ടൗഡിയെ ഓർമിപ്പിക്കുന്നുവെന്നാണ് സെയ്ഫ് അലി ഖാൻ പറഞ്ഞത്. "പ്രിയദർശൻ ക്ലിന്റ് ഈസ്റ്റ്‌വുഡിനെപ്പോലെയാണ് - മുതിർന്ന ആളാണ്, വളരെ ശാന്തനുമാണ്. അദ്ദേഹം എന്റെ അച്ഛനെയാണ് ഓർമിപ്പിക്കുന്നത്. രണ്ടുപേരും ക്രിക്കറ്റ് കളിക്കാരായിരുന്നു, രണ്ടുപേർക്കും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്, എങ്കിലും തങ്ങളുടെ മേഖലയിൽ രണ്ടുപേരും മികച്ചവരാണ്. പ്രിയദർശൻ ഒരു ടേക്ക് മാത്രമേ തരൂ, അതുകൊണ്ട് ഒരു നടനെന്ന നിലയിൽ വേഗത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടിവരും; മാത്രമല്ല, എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ അദ്ദേഹം ഷൂട്ടിങ് അവസാനിപ്പിക്കുകയും ചെയ്യും," സെയ്ഫ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
1961ൽ ലണ്ടനിൽ വച്ചുണ്ടായ ഗുരുതരമായ ഒരു കാറപകടത്തിലാണ് ടൈഗർ പടൗഡിക്ക് വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നത്. അദ്ദേഹത്തിന്റെ ടീമംഗമാണ് ആ സമയം കാർ ഓടിച്ചിരുന്നത്.
കണ്ണിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം പടൗഡിക്ക് 'ഡബിൾ വിഷൻ' (Double vision) എന്ന അവസ്ഥയുണ്ടായി. എന്നാൽ അഞ്ച് മാസങ്ങൾക്ക് ശേഷം, 20ാം വയസിൽ അദ്ദേഹം ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുകയും തൊട്ടടുത്ത വർഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും പ്രായം കുറഞ്ഞ ടെസ്റ്റ് ക്യാപ്റ്റനായി മാറുകയും ചെയ്തു. ഈ കാഴ്ചാപ്രശ്നം ഒഴിവാക്കാനായി അദ്ദേഹം പലപ്പോഴും തന്റെ ക്രിക്കറ്റ് തൊപ്പി വലതുകണ്ണിന് മുകളിലേക്ക് താഴ്ത്തിയിടുമായിരുന്നു.
പ്രിയദർശന് ചെറുപ്പത്തിൽ ഒരു പ്രൊഫഷണൽ ക്രിക്കറ്ററാകാനായിരുന്നു ആഗ്രഹം. സജീവമായി ക്രിക്കറ്റും കളിച്ചിരുന്നു. എന്നാൽ, ക്രിക്കറ്റ് കളിക്കിടെ പന്ത് ഇടതുകണ്ണിൽ കൊണ്ട് പരിക്കേറ്റു. ഇതോടെയാണ് പ്രിയദർശൻ ക്രിക്കറ്റിനോട് വിടപറഞ്ഞത്. എന്നാൽ അദ്ദേഹത്തിന് ക്രിക്കറ്റിനോടുള്ള പ്രണയത്തിൽ ഇതുവരെയും ഒരു കുറവുമുണ്ടായിട്ടില്ല.
2026 സെപ്റ്റംബർ 11നാണ് 'ഹൈവാൻ' ആഗോളതലത്തിൽ തിയേറ്ററുകളിലേക്ക് എത്തുന്നത്. 2016ൽ പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഒപ്പം' സിനിമയുടെ ഒഫീഷ്യൽ റീമേക്ക് ആണ് 'ഹൈവാൻ'. ഏകദേശം രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം സെയ്‌ഫ് അലി ഖാനും അക്ഷയ് കുമാറും ഒന്നിക്കുന്ന ചിത്രമാണിത്. 2008ൽ പുറത്തിറങ്ങിയ 'തഷാൻ' ആണ് ഈ കൂട്ടുകെട്ടിൽ ഒടുവിലിറങ്ങിയ ചിത്രം. കെവിഎൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നീ ബാനറുകളിൽ വെങ്കട്ട് കെ നാരായണ, ഷൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.