അബുദാബി യാസ് മറീന സർക്യൂട്ടിൽ വച്ച് തമിഴ് സൂപ്പർ താരം അജിത് കുമാറിനെ സന്ദർശിച്ചതിന്റെ ആവേശത്തിലാണ് നടൻ ശിവകാർത്തികേയൻ.
യാസ് സ്പീഡ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന ഏഷ്യൻ ലി മാൻസ് സീരീസിൽ പങ്കെടുക്കുന്ന അജിത്തിനെ നേരിൽ കാണാനും അദ്ദേഹത്തിന്റെ റേസിങ് ആവേശം നേരിട്ട് അനുഭവിക്കാനും കഴിഞ്ഞതിനെ 'അഡ്രിനാലിൻ റഷ്' എന്നാണ് ശിവകാർത്തികേയൻ വിശേഷിപ്പിച്ചത്.
അജിത്തിന്റെ റേസിങ് ടീമിന്റെ ജേഴ്‌സി അണിഞ്ഞാണ് ശിവകാർത്തികേയൻ എത്തിയത്. "പരിശുദ്ധമായ അഭിനിവേശം, പ്രതിബദ്ധത, സഹിഷ്ണുത - ഇവ നേരിട്ട് അനുഭവിച്ചപ്പോൾ വലിയ ഊർജമായി തോന്നി. പ്രചോദനം നൽകുന്ന ഒരു വ്യക്തിയോടൊപ്പം ചെലവഴിച്ച പ്രചോദനാത്മകമായ ദിവസം," എന്നാണ് നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
അജിത്ത് തന്റെ കാറിനെക്കുറിച്ചും റേസിങ്ങിനെക്കുറിച്ചും വിശദീകരിച്ചു നൽകുന്ന ചിത്രങ്ങളും ശിവകാർത്തികേയൻ പങ്കുവച്ചിട്ടുണ്ട്.
മത്സരത്തിന് ശേഷം ഇരു താരങ്ങളും കെട്ടിപ്പിടിക്കുകയും സ്നേഹം പങ്കുവയ്ക്കുകയും ചെയ്യുന്ന വീഡിയോകൾ വൈറലായിട്ടുണ്ട്.
ശിവകാർത്തികേയന് മുൻപായി നയൻതാര, വിഘ്‌നേഷ് ശിവൻ, അനിരുദ്ധ്, മാധവൻ, യുവാൻ ശങ്കർ രാജ തുടങ്ങിയവരും അജിത്തിന് പിന്തുണയുമായി റേസിങ് സർക്യൂട്ടുകളിൽ എത്തിയിരുന്നു.
മോട്ടോർസ്‌പോർട്‌സിനോടുള്ള അജിത്തിന്റെ അർപ്പണബോധത്തെ ആസ്പദമാക്കി ഒരു ഡോക്യുമെന്ററി ചിത്രം പുറത്തിറങ്ങാൻ ഒരുങ്ങുന്നുണ്ട്. ഐഎഎൻഎസ് റിപ്പോർട്ട് പ്രകാരം, തിയേറ്ററുകളിലായിരിക്കും ഈ ചിത്രം റിലീസ് ചെയ്യുക. അതേസമയം, 'ഗുഡ് ബാഡ് അഗ്ലി'യുടെ സംവിധായകൻ ആദിക് രവിചന്ദ്രനോടൊപ്പമാണ് അജിത്തിന്റെ അടുത്ത സിനിമ. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.