സ്പൈഡർ വലയിൽ കുരുങ്ങി ബോക്സ് ഓഫീസ്! 'പത്താനേ'യും 'ധുരന്ധറിനേ'യും മറികടന്ന് 'ബ്രാൻഡ് ന്യൂ ഡേ'

'അവഞ്ചേഴ്സ്: എൻഡ്ഗെയിമി'ന്റെ ഇന്ത്യൻ ഓപ്പണിങ്ങും 'സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ' മറികടന്നു
'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' സിനിമ
'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' സിനിമ
Published on
Updated on

ന്യൂഡൽഹി: ബോക്സ് ഓഫീസിൽ തന്റെ സൂപ്പർ പവർ കാട്ടിയിരിക്കുകയാണ് 'സ്പൈഡർമാൻ'. ടോം ഹോളണ്ടും സെൻഡയയും പ്രധാന വേഷങ്ങളിലെത്തിയ 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' ഇന്ത്യയിൽ നിന്ന് 72 കോടി രൂപയിലേറെ ഗ്രോസ് കളക്ഷൻ നേടി വമ്പൻ ഓപ്പണിങ്ങാണ് സ്വന്തമാക്കിയിരിക്കുന്നത്. സിദ്ധാർത്ഥ് ആനന്ദിന്റെ ഷാരൂഖ് ഖാൻ ചിത്രം 'പത്താൻ' (2023), ആദിത്യ ധാറിന്റെ രൺവീർ സിംഗ് ചിത്രം 'ധുരന്ധർ' (2025) എന്നിവയുടെ ആദ്യ ദിന കളക്ഷൻ റിക്കോർഡുകൾ മറികടന്നാണ് ഈ നേട്ടം.

ബോക്സ് ഓഫീസ് ട്രാക്കറായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം, ജൂലൈ 30ന് റിലീസ് ആയ ചിത്രം ഇന്ത്യയിൽ നിന്ന് 72.44 കോടി രൂപ ഗ്രോസ് കളക്ഷനാണ് നേടിയിരിക്കുന്നത്. ഇന്ത്യയിലെ നെറ്റ് കളക്ഷൻ 60.60 കോടി രൂപയാണ്. ഇതോടെ റൂസ്സോ ബ്രദേഴ്സിന്റെ 'അവഞ്ചേഴ്സ്: എൻഡ്ഗെയിം' (65 കോടി ഗ്രോസ്; 53.60 കോടി നെറ്റ്), ജെയിംസ് കാമറൂണിന്റെ 'അവതാർ: ദ വേ ഓഫ് വാട്ടർ' (48.75 കോടി ഗ്രോസ്; 40.30 കോടി നെറ്റ്) എന്നിവയുടെ റെക്കോർഡുകൾ ചിത്രം തകർത്തു.

'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' സിനിമ
മാറ്റം ആഗ്രഹിക്കുന്ന സ്പൈഡർമാൻ, സമ്മതിക്കാതെ മാർവൽ; SPIDERMAN: BRAND NEW DAY REVIEW

ആദ്യദിനത്തിൽ 67.19 കോടി രൂപ നേടിയ 'പത്താൻ', 'ധുരന്ധർ' എന്നീ ചിത്രങ്ങളേക്കാൾ മികച്ച പ്രകടനമാണ് സ്പൈഡർമാൻ കാഴ്ചവച്ചരിക്കുന്നത്. എംസിയു ചിത്രമായ സ്പൈഡർമാന് ബ്ലോക്ക് ബുക്കിങ്ങുകൾ ഒന്നുമില്ലായിരുന്നു എന്നതും ശ്രദ്ധേയമാണ്. കേരള ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. ഏകദേശം 5.6 കോടി രൂപ ചിത്രം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഒരു ഹോളിവുഡ് ചിത്രത്തിന്റെ കേരളത്തിലെ ഏറ്റവും വലിയ ഓപ്പണിങ്ങാണിത്.

റിലീസ് ദിനത്തിൽ രാജ്യത്തുടനീളം 56.58 ശതമാനം ഒക്യുപൻസിയാണ് ചിത്രത്തിന് ലഭിച്ചത്. മോണിങ് ഷോകളിൽ 51.22 ശതമാനം ഉണ്ടായിരുന്ന ഒക്യുപൻസി വൈകുന്നേരത്തോടെ 58.78 ശതമാനമായും നൈറ്റ് ഷോകളിൽ 65.11 ശതമാനമായും ഉയർന്നു. വരും ദിവസങ്ങളിലും ഇതേ മുന്നേറ്റം തുടരുകയാണെങ്കിൽ, 'അവതാർ: ദി വേ ഓഫ് വാട്ടർ' (477.50 കോടി), 'അവഞ്ചേഴ്സ്: എൻഡ്ഗെയിം' (445 കോടി) എന്നിവയെ മറികടന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹോളിവുഡ് ചിത്രമായി 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' മാറും.

സാക്നിൽക്കിന്റെ പ്രാഥമിക കണക്കുകൾ പ്രകാരം ചിത്രം ലോകമെമ്പാടുമായി ഇതുവരെ 1,000 കോടി രൂപയിലധികം ഗ്രോസ് കളക്ഷൻ നേടിയിട്ടുണ്ട്. ഇന്ത്യയിൽ റിലീസ് ചെയ്തതിന് ഒരു ദിവസം ശേഷമാണ് യുഎസിൽ ചിത്രം തിയേറ്ററുകളിലെത്തുന്നത്.

'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' സിനിമ
"ഇതാണോ സീത, എന്തിനാണിത്ര മേക്കപ്പ്"; 'രാമായണ' ട്രെയ്‌ലറിന് പിന്നാലെ സായ് പല്ലവിക്ക് സൈബർ ആക്രമണം

'സ്പൈഡർമാൻ: ഹോംകമിങ്' (2017), 'ഫാർ ഫ്രം ഹോം' (2019), 'നോ വേ ഹോം' (2021) എന്നീ ചിത്രങ്ങളുടെ തുടർച്ചയാണ് 'ബ്രാൻഡ് ന്യൂ ഡേ'. മുൻ ചിത്രങ്ങൾ ജോൺ വാട്സ് ആണ് സംവിധാനം ചെയ്തതെങ്കിൽ ഇത്തവണ ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ ആണ് സംവിധായകന്റെ റോളിൽ. സേഡി സിങ്ക്, ജേക്കബ് ബാറ്റലോൺ, ജോൺ ബെർന്താൽ, ഫ്ലോറൻസ് പ്യൂ, ട്രാമെൽ ടിൽമാൻ, മരീസ ടോമി, മാർക്ക് റഫലോ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 38ാമത് ചിത്രമാണിത്.

News Malayalam 24x7
newsmalayalam.com