"യഥാർഥ കഥകളെ തിയേറ്ററുകളിൽ പിന്തുണയ്ക്കണം"; 'അസ്സി' റിലീസിന് മുന്നോടിയായി തപ്സിയുടെ കുറിപ്പ്

അനുഭവ് സിൻഹ ഒരുക്കുന്ന 'അസ്സി' ഫെബ്രുവരി 20ന് തിയേറ്ററുകളിൽ എത്തും
'അസ്സി ' സിനിമ
'അസ്സി ' സിനിമ
Published on
Updated on

'തപ്പഡി'ന് ശേഷം തപ്സി പന്നുവിനെ കേന്ദ്ര കഥാപാത്രമാക്കി അനുഭവ് സിൻഹ ഒരുക്കുന്ന ചിത്രമാണ് 'അസ്സി'. ഫെബ്രുവരി 20ന് റിലീസ് ചെയ്യുന്ന ചിത്രം എല്ലാവരും തിയേറ്ററിൽ തന്നെ കാണണമെന്നാണ് തപ്സി പറയുന്നത്. അർഥവത്തായ സിനിമകൾ ഉണ്ടാകാത്തതിന് ഹിന്ദി സിനിമാ മേഖലയെ പഴിചാരുന്നത് നിർത്തണമെന്നും, നല്ല സിനിമകളെ പിന്തുണയ്ക്കുന്നതിൽ പ്രേക്ഷകർ എന്ന നിലയിൽ തങ്ങൾക്കുള്ള പങ്കിനെക്കുറിച്ച് സ്വയം ചിന്തിക്കണമെന്നും ഇൻസ്റ്റഗ്രമിൽ പങ്കുവച്ച കുറിപ്പിൽ നടി അഭ്യർഥിച്ചു.

"ഒരു സിനിമയും അതിന്റെ അണിയറപ്രവർത്തകരും ആ ചിത്രം നിങ്ങളിലേക്ക് എത്തിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമ്പോൾ, അറിവില്ലായ്മയുടെ മറവിൽ ഒളിച്ചിരിക്കാൻ നമുക്ക് ശ്രമിക്കാതിരിക്കാം. ഇത്തരം കഥകൾ തിയേറ്ററുകളിൽ എത്താതിരിക്കുന്നതിന് കാരണം നമ്മുടെ മടിയാണെന്ന സത്യം കണ്ടില്ലെന്ന് വയ്ക്കരുത്. അല്ലാതെ അത് ചലച്ചിത്ര മേഖലയുടെ പോരായ്മയല്ല. ലോക സിനിമയോട് മത്സരിക്കാനാണ് നമ്മൾ ആഗ്രഹിക്കുന്നതെങ്കിൽ, ആദ്യം നമ്മുടെ കഥകളെ- യാഥാർത്ഥ്യമായവയെ- പിന്തുണച്ചു തുടങ്ങാം," എന്നാണ് നടി കുറിച്ചത്.

'അസ്സി ' സിനിമ
"അതിശയിപ്പിക്കുന്ന ഫ്രെയിമുകൾ"; 'ധുരന്ധർ 2'ന്റെ ഭാഗങ്ങൾ വീഡിയോ കോളിൽ കണ്ടുവെന്ന് രൂപാലി ഗാംഗുലി

"ഇന്ന് ഒരു സിനിമ നിർമിച്ച ശേഷം വെറുതെ ഇരിക്കാൻ പറ്റുന്ന അവസ്ഥയല്ല. നല്ല സിനിമകളെ നാം വിലമതിക്കുമ്പോൾ മാത്രമേ അവ ആസ്വദിക്കാൻ നമുക്ക് അർഹതയുണ്ടാവൂ. ഇടത്തരം സിനിമകളെ നാം ചോദ്യം ചെയ്തതുകൊണ്ടല്ല സമൂഹത്തിൽ നല്ല സിനിമകളില്ലാതാകുന്നത്. മറിച്ച് സിനിമയുടെ ഉയർച്ചക്കായി നിങ്ങളുടെ ശബ്ദം ഉയർത്തേണ്ടിയിരുന്നപ്പോൾ നിങ്ങൾ പുലർത്തിയ മൗനം കാരണമാണ്," എന്നും നടി കൂട്ടിച്ചേർത്തു.

ഗൗരവ് സോളങ്കിയാണ് 'അസ്സി'യുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 'അസ്സി' അഥവാ 80 എന്ന സിനിമയുടെ ടൈറ്റിൽ രാജ്യത്തെ ക്രൈം റെക്കോർഡ്‌സുമായി ബന്ധപ്പെട്ടതാണ്. രാജ്യത്ത് ഒരു ദിവസം 80 ലൈംഗികാതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുവെന്നാണ് കണക്ക്. ഇതുപ്രകാരം, ഓരോ 20 മിനിറ്റിനിടയിലും രാജ്യത്ത് ഏതെങ്കിലും കോണിൽ ഒരു ലൈംഗിക അതിക്രമം നടക്കുന്നു. ഇത്തരം കാലികമായ സംഭവങ്ങളിലൂടെ കോർട്ട് റൂം ഡ്രാമയായാണ് സിനിമ മുന്നോട്ട് പോകുന്നത്.

'അസ്സി ' സിനിമ
"ഞങ്ങളുടെ ദാമ്പത്യം തകരാൻ കാത്തിരിക്കുകയാണ് ആളുകൾ"; തുറന്നുപറഞ്ഞ് പ്രിയങ്ക ചോപ്ര

തപ്സിക്ക് പുറമേ കനി കുസൃതി, രേവതി, മനോജ് പഹ്‌വ, കുമുദ് മിശ്ര, സീശാൻ അയ്യൂബ്, നസീറുദ്ദീൻ ഷാ, സുപ്രിയ പഥക്, സീമ ഭാർഗവ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ബനാറസ് മീഡിയ വർക്‌സിന്റെ ബാനറിൽ ഭൂഷൺ കുമാർ, കിഷൻ കുമാർ, അനുഭവ് സിൻഹ എന്നിവർ ചേർന്നാണ് നിർമാണം.

News Malayalam 24x7
newsmalayalam.com