

റോക്കിങ് സ്റ്റാർ യഷ് നായകനാകുന്ന ഗീതു മോഹൻദാസ് ചിത്രമാണ് 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്'. 'കെജിഎഫ്' ഫ്രാഞ്ചൈസിയിലൂടെ പാൻ ഇന്ത്യൻ താരമായി മാറിയ യഷിന്റെ പുതിയ ചിത്രം അനൗൺസ് ചെയ്ത നിമിഷം മുതൽ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാണ്. റിയലിസ്റ്റിക് സിനിമകളിലൂടെ ശ്രദ്ധേയയായ ഗീതു മോഹൻദാസ് ഒരു മാസ് കൊമേഷ്യൽ ചിത്രം സംവിധാനം ചെയ്യുന്നു എന്നതായിരുന്നു ആദ്യം വിമർശനങ്ങൾക്ക് കാരണമായത്. സിനിമയിലെ യഷിന്റെ ക്യാരക്ടർ ടീസർ പുറത്തുവന്നതോടെ ഈ വിമർശനം ഗീതുവിന്റെ 'സ്ത്രീപക്ഷ കാഴ്ചപ്പാടുകൾ എവിടെപ്പോയി' എന്നായി. 'ടോക്സിക്കി'ലെ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ലേഡീസ് & ലേഡീസ്’ എന്ന വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടതോടെ സമൂഹമാധ്യമങ്ങളിലെ സിനിമാപ്രേമികൾ രണ്ടു തട്ടിലായിരിക്കുകയാണ്.
നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിങ്ങനെ 'ടോക്സിക്കി'ൽ ശക്തമായ സാന്നിധ്യങ്ങളാകുന്ന താരങ്ങളെ അവതരിപ്പിക്കുന്ന ഗ്ലിംപ്സ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സ്റ്റൈലിഷ്, മാസ് ലുക്കിലാണ് നടിമാരെ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതിന് ഉപരിയായി ഗ്ലാമറിനും ലൈംഗികച്ചുവയുള്ള ദൃശ്യങ്ങൾക്കുമാണ് ഈ വീഡിയോയിൽ മുൻഗണന നൽകിയിരിക്കുന്നതെന്നാണ് പലരും വാദിക്കുന്നത്.
"ഗീതു മോഹൻദാസിൽ നിന്നും യഷിലും നിന്നും ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല" എന്നാണ് ഒരു എക്സ് യൂസർ കുറിച്ചത്. സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളെയും ചൂഷണങ്ങളെയും ടീസർ മഹത്വവൽക്കരിക്കുന്നുവെന്നാണ് മറ്റൊരാളുടെ ആരോപണം. ചിത്രത്തിന് സെൻസർ ബോർഡ് അനുമതി നൽകരുതെന്ന് പറയുന്നവരേയും സമൂഹമാധ്യമങ്ങളിൽ കാണാം.
എന്നാൽ, ഒരു മാസ് ആക്ഷൻ ചിത്രത്തെ ഗീതു മോഹൻദാസ് വ്യത്യസ്തമായിട്ട് സമീപിക്കുകയാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. നേരത്തെ, യഷും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. 'ടോക്‌സിക്' സാധാരണ ഗ്യാങ്‌സ്റ്റർ സിനിമയല്ലെന്നും ഗീതു പുതിയൊരു കാഴ്ചപ്പാടാണ് പങ്കുവയ്ക്കുന്നതെന്നുമാണ് ലാസ് വെഗാസിൽ നടന്ന സിനിമാകോൺ 2026 ചടങ്ങിൽ നടൻ പറഞ്ഞത്.
ഓഗസ്റ്റ് 26നാണ് 'ടോക്സിക്' ആഗോള തലത്തിൽ തിയേറ്ററുകളിലേക്ക് എത്തുന്നത്. 'റായ','ടിക്കറ്റ്' എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളുള്ള ഇരട്ടവേഷത്തിലാണ് ചിത്രത്തിൽ നടൻ പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. യഷിനൊപ്പം ചേർന്ന് ഗീതു തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം രാജീവ് രവിയാണ്. രവി ബസ്രൂർ ആണ് സംഗീത സംവിധാനം. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന ‘ടോക്സിക്’, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും റിലീസ് ചെയ്യും. മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെ.വി.എൻ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.