

"ഹബീബി... ജനുവരിയിൽ എന്നെ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത് താങ്കളാണ്..." മിഷിഗണിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടത്തിയ പ്രസംഗത്തിലെ അബ്ദുൽ എൽ സയ്യിദിന്റെ ഈ വാക്കുകളിൽ പരിഹാസം മാത്രമല്ല നിറഞ്ഞു നിന്നത്. മധുര പ്രതികാരം കൂടിയാണ്. മിഷിഗണിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ചതിന് പിന്നാലെ അബ്ദുൽ എൽ സയ്യിദിനെ പരിഹസിച്ച് ജെ.ഡി. വാൻസ് ഒരു പരാമർശം നടത്തിയിരുന്നു. ഒരുപക്ഷേ മൂന്നു വർഷത്തിനുള്ളിൽ അബ്ദുൾ എൽ സയ്യ്ദ് എന്നൊരാൾ യുഎസിന്റെ പ്രസിഡൻ്റായി വൈറ്റ് ഹൗസിൽ എത്തിയേക്കാം എന്നും അങ്ങനെ വന്നാൽ ട്രംപ് ഭരണകൂടം കൈവരിച്ച മികച്ച നേട്ടങ്ങളും പ്രവർത്തനങ്ങളും റദ്ദാക്കപ്പെടാൻ സാധ്യതയുണ്ടെന്നും ആയിരുന്നു അത്. അന്നാദ്യമായി അല്ല ട്രംപും വാൻസും റിപ്പബ്ലിക്കൻസും എൽ സയ്യിദിനെ പരിഹസിക്കുന്നതും ഭയപ്പെടുത്തുന്നതും അപമാനിക്കുന്നതും. പ്രചാരണ വേളയിലെല്ലാം ആവർത്തിച്ച് ആവർത്തിച്ച് എൽ സയ്യിദ് വേട്ടയാടപ്പെട്ടിട്ടുണ്ട്. റാഡിക്കൽ ജിഹാദിസ്റ്റ്, കമ്മ്യൂണിസ്റ്റ്, ജൂത ഇസ്രയേൽ വിരുദ്ധൻ തുടങ്ങി ട്രംപ് നടത്തിയ വംശീയ വിദ്വേഷങ്ങൾ ചെറുതായിരുന്നില്ല.
എന്നാൽ അതിനൊന്നും സയ്യിദ് ഉയർത്തിയ രാഷ്ട്രീയ സന്ദേശത്തെ ഇല്ലാതാക്കാൻ കെൽപ്പില്ലായിരുന്നു. വംശീയ പ്രചാരണങ്ങൾക്ക് ജനപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചായിരുന്നു സയ്യിദിന്റെ മറുപടി. മണി ഔട്ട് ഓഫ് പൊളിറ്റിക്സ്, മണി ഇൻ യുവർ പോക്കറ്റ്സ്, മെഡികെയർ ഫോർ ഓൾ തുടങ്ങിയ അദ്ദേഹത്തിൻ്റെ മുദ്രാവാക്യം ജനം ഏറ്റെടുക്കുകയും ട്രംപിന്റെ വംശീയ കാർഡിനെ തള്ളുകയും ചെയ്യുന്ന കാഴ്ചയാണ് മിഷിഗണിൽ കണ്ടത്. തൻ്റെ പേര് വിളിക്കാൻ മടിയുള്ള ട്രംപ് തന്നെ സെനറ്റർ എന്ന് വിളിച്ചാൽ മതിയെന്നുള്ള തല ഇയർത്തിപ്പിടിച്ചുള്ള അബ്ദുൽ എൽ സയ്യിദ് വാക്കുകൾ സെനറ്റിലും ജനപ്രതിനിധി സഭയിലും തോറ്റ ട്രംപിന് മുറിവിൽ മുളകു തേക്കുന്നത് പോലെയുള്ള നീറ്റലാകുമെന്നതും തീർച്ചയാണ്. എൽ സയ്യിദ് തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ദിവസവും മെറ്റൽ ഡിറ്റക്ടർ പരിശോധനയ്ക്ക് വിധേയനാകാണം എന്നുള്ള ട്രംപിന്റെ വർഗീയ പരാമർശങ്ങൾക്കുള്ള എൽ സയ്യിദിന്റെ മറുപടിയും കൈയ്യടി നേടുകയാണ്. മെറ്റൽ ഡിറ്റക്ടർ പരിശോധനയ്ക്ക് താൻ റെഡിയാണെന്നും എന്നാൽ ഒരു തവണ ലൈ ഡിറ്റക്റ്റർ ടെസ്റ്റിന് ട്രംപ് തയ്യാറാവുമോ എന്നായിരുന്നു ആ ചോദ്യം.
അബ്ദുൽ എൽ സയ്യിദ് എന്ന നാൽപ്പത്തൊന്നുകാരൻ മിഷിഗണിലെ പ്രമുഖ എപ്പിഡെമിയോളജിസ്റ്റും ഫിസിഷ്യനുമാണ്. നേരത്തെ വെയ്ൻ കൗണ്ടിയിലെ ആരോഗ്യവകുപ്പ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. 237 വർഷത്തെ ചരിത്രമുള്ള യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലീം എന്ന നേട്ടം അബ്ദുൽ എൽ സയ്യിദ് സ്വന്തമാക്കുമ്പോൾ അതിന്റെ ആഹ്ലാദവും ആവേശവും 8,000 കിലോമീറ്ററുകൾക്കപ്പുറം ഇന്ത്യയിലെ കർണാടക തീരത്തെ ഒരു ചെറിയ പട്ടണത്തിലും പ്രതിധ്വനിക്കുകയാണ്. എൽ സയ്യിദിന്റെ പങ്കാളിയും പ്രശസ്ത സൈക്യാട്രിസ്റ്റുമായ ഡോ. സാറാ ജുക്കാക്കുവിന്റെ കുടുംബവേരുകൾ കർണാടകയിലെ ഭട്കലിലാണ്. കർണാടക സംസ്ഥാന രൂപീകരണത്തിനും മുൻപ് തന്നെ ഈ പ്രദേശത്തിന്റെ വികസനത്തിന് അടിത്തറയിട്ട പ്രമുഖ 'ജുക്കാക്കു' കുടുംബത്തിലെ അംഗമാണ് സാറ.
സാറാ ജുക്കാക്കുവിന്റെ മുത്തശ്ശനായ ജെ.എച്ച്. ഷംസുദ്ദീൻ ജുക്കാക്കു പ്രദേശത്തെ ഏറ്റവും പ്രമുഖനായ അഭിഭാഷകനും ഭരണകർത്താവുമായിരുന്നു. മുസ്ലീം വ്യാപാരി സമൂഹമായ നവായതിൽ നിന്നുള്ള ആദ്യ വക്കീലും അന്നത്തെ മൈസൂരു സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രി ബി.ഡി. ജാട്ടിയുടെ മന്ത്രിസഭയിൽ ഡെപ്യൂട്ടി ധനകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ച ആദ്യ ജനപ്രതിനിധിയുമായിരുന്നു അദ്ദേഹം. ആ നാടിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കെല്ലാം ആദ്യം ആസൂത്രണം നടത്തിയത് ഷംസുദ്ദീൻ സാഹിബായിരുന്നു.
ഷംസുദ്ദീന്റെ കാലശേഷം അദ്ദേഹത്തിന്റെ മക്കൾ ഉന്നത വിദ്യാഭ്യാസത്തിനും ബിസിനസിനുമായി ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിലേക്ക് താമസം മാറി. സാറയുടെ പിതാവായ ഡോ. ജുക്കാക്കു എസ്. തായെബ് 1976ൽ ബെംഗളൂരു മെഡിക്കൽ കോളേജിൽ നിന്നാണ് മെഡിക്കൽ ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് മിഡിൽ ഈസ്റ്റിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 1980കളിലാണ് യുഎസിലേക്ക് കുടിയേറിയതും മിഷിഗണിലെ പ്രശസ്തനായ നെഫ്രോളജിസ്റ്റാവുകയും ചെയ്തത്.
യുഎസിൽ ജനിച്ചുവളർന്ന സാറ, മിഷിഗൺ സർവകലാശാലയിലെ പഠനകാലത്താണ് അബ്ദുൾ എൽ സയ്യിദിനെ പരിചയപ്പെടുന്നത്. തുടർന്ന് ഓക്സ്ഫോർഡ് സർവകലാശാലയിൽ ഉപരിപഠനം നടത്തുകയും കൊളംബിയ സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദം കരസ്ഥമാക്കുകയും ചെയ്തു. നിലവിൽ പ്രശസ്തമായ മിഷിഗൺ യൂണിവേഴ്സിറ്റി ഹെൽത്തിൽ സൈക്യാട്രി വിഭാഗത്തിൽ ഉന്നത തസ്തികയിൽ ജോലി ചെയ്യുകയാണ് സാറ. 'ദാമ്പത്യത്തിന്റെ 20 വർഷങ്ങൾ പൂർത്തിയാകുമ്പോൾ ഞാൻ ഒരു ഈജിപ്ഷ്യൻ വംശജനേക്കാൾ കൂടുതൽ ഇന്ത്യക്കാരനായി മാറിയിരിക്കുന്നു എന്ന് ഒരു അഭിമുഖത്തിൽ എൽ സയ്യിദ് പറഞ്ഞത് വാർത്തകളിൽ ഇടംനേടിയിരുന്നു.
ഓഗസ്റ്റിൽ, തന്റെ ട്രൂത്ത് സോഷ്യൽ ട്രംപ് പങ്കുവച്ച ചിത്രത്തോടെയാണ് എൽ സയ്യിദിൻ്റെ പങ്കാളി ദേശീയ ശ്രദ്ധ നേടിയത്. ട്രംപും അദ്ദേഹത്തിന്റെ പങ്കാളിയും എൽ സയ്യിദും സാറാ ജുകാകുവും ഉള്ള ചിത്രമായിരുന്നു അത്. "Two VERY DIFFERENT America's എന്ന അടിക്കുറിപ്പോടെയായിരുന്നു ആ പോസ്റ്റ്. അന്ന് അതിനെ സ്വാഗതം ചെയ്തുകൊണ്ട് എൽ സയ്യിദ് പറഞ്ഞ് ഇതെങ്ങനെയാണ്. ട്രംപ് മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടിലാണ് നിങ്ങൾ ജീവിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ നിങ്ങൾക്ക് നിങ്ങളുടെ ജീവിതച്ചെലവുകൾ കണ്ടെത്താൻ സാധിക്കുന്നുണ്ടോ? എന്നായിരുന്നു.
തെരഞ്ഞെടുപ്പിൽ മതവും വംശീയതയും ചർച്ചയാകുമ്പോൾ, അതിനെ മറികടന്ന് ഒരു സ്ഥാനാർഥിക്ക് വോട്ടർമാരുടെ പിന്തുണ നേടാനാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായി ഈ ഈ വിജയം മാറുമ്പോൾ യുഎസ് രാഷ്ട്രീയത്തിലെ ഒരു പുതിയ ഉദയത്തിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്.