
'നിലാവുള്ള രാത്രിയില്‍ ഇരുട്ടിന്റെ മറവില്‍ ഒരാള്‍ നിങ്ങള്‍ക്കു പിന്നില്‍ നടന്നു വരുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഒരു നായയായോ, ഒരു കാളയായോ, അല്ലെങ്കില്‍... ഒരു മനുഷ്യനായോ? കേരളത്തിന്റെ നാട്ടുവഴികളില്‍ തലമുറകളായി കേള്‍ക്കുന്ന ഭയാനകമായ കഥ... ഒടിയന്‍!'
കേരളത്തിന്റെ സ്വന്തം മിത്ത്. ഈ മിത്തില്‍ നിന്നാണ് മോഹന്‍ലാല്‍ നായകനായ ഒടിയന്‍ എന്ന സിനിമയും ഇപ്പോള്‍ ലോകയില്‍ ദുല്‍ഖറിന്റെ കഥാപാത്രമായ ഒടിയനും രൂപപ്പെടുന്നത്. മലയാളത്തിലെ ഒടിയനും ജപ്പാനിലെ രഹസ്യ നിഞ്ജ യോദ്ധാക്കളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടാകാം ...
ആരാണ് ഒടിയന്‍? അങ്ങനെയൊരു കഥാപാത്രം എവിടെയെങ്കിലും ഉണ്ടായിരുന്നോ? ഒടിയന്‍ ഉണ്ടായിരുന്നു എന്നതിന് ശാസ്ത്രീയമായ ഉത്തരങ്ങളൊന്നുമില്ലെങ്കിലും മാടന്‍, മറുത, യക്ഷി, കുട്ടിച്ചാത്തന്‍ അങ്ങനെ ഒരുകാലത്ത് നമ്മുടെ കഥകളിലും വാമൊഴികളിലും നിറഞ്ഞു നിന്നവരില്‍ പ്രധാനിയായിരുന്നു ഒടിയന്‍. പക്ഷെ, ഇവരില്‍ നിന്ന് ഒടിയനൊരു വ്യത്യാസമുണ്ട്, ഒടിയന്‍ മനുഷ്യനാണ്.ഒടിയന്‍ മാണിക്യനും ഒടിയന്‍ ഭാര്‍ഗവനുമൊക്കെ അമാനുഷികരായി...
പാണന്‍, പറയ സമുദായങ്ങളില്‍ പെട്ടവരായിരുന്നു ഒടിയന്മാരായി എത്തിയിരുന്നതാണെന്നാണ് സങ്കല്‍പ്പം. ആ സങ്കല്‍പ്പത്തിനു പിന്നിലും ഒരു കഥയുണ്ട്. വളരെ പണ്ട് ജന്മിമാര്‍ ഭരിച്ചിരുന്ന നാട്ടിന്‍പുറം. ജന്മിമാരുടെ പീഡനങ്ങളും ക്രൂരതകളും ഏറ്റുവാങ്ങിയിരുന്നത് കീഴാളന്മാരും അവരില്‍ തന്നെ കീഴാള സ്ത്രീകളുമായിരുന്നല്ലോ. ഈ പീഡനങ്ങള്‍ നിരന്തരം സഹിച്ച കീഴാള വിഭാഗത്തില്‍ പെട്ട ഒരു പാണന്‍ ഇതില്‍ നിന്നൊരു മോചനം വേണമെന്ന് ഉറപ്പിച്ചു. അങ്ങനെ അയാള്‍ മണ്ണ് കുഴച്ച് ഒരു ബിംബത്തെ ഉണ്ടാക്കി തീയിലിട്ട് ചുട്ടെടുത്തു. കരിയുടെ നിറമുള്ള ഈ രൂപത്തെ വിളിച്ചിരുന്നത് കരിങ്കുട്ടി എന്നായിരുന്നു. കരിങ്കുട്ടിയെ പാണന്‍ ഉപാസിച്ചു തുടങ്ങി. പാണന്റെ ദിവസമുള്ള ഉപാസനയില്‍ പ്രസാദിച്ച് ഒരു ദിവസം കരിങ്കുട്ടി അയാള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. എന്താണ് താന്‍ ചെയ്തു തരേണ്ടതെന്ന് ചോദിച്ചു.
തന്റെ ജാതിക്കാരെ ദ്രോഹിക്കുന്ന ജന്മിമാരെ ഇല്ലാതാക്കാനുള്ള ശക്തി വേണമെന്നായിരുന്നു പാണന്റെ മറുപടി. പക്ഷെ, അങ്ങനെയൊരു വരം കൊടുക്കാന്‍ കരിങ്കുട്ടിക്ക് സാധിച്ചില്ല, എന്നാല്‍, തന്റെ ഭക്തന് മറ്റൊരു വിദ്യ കരിങ്കുട്ടി പറഞ്ഞു കൊടുത്തു. ആഗ്രഹിക്കുന്ന രൂപത്തില്‍ ശത്രുവിന്റെ മുന്നിലെത്തി അവരെ ഇല്ലായ്മ ചെയ്യാനുള്ള ഒരു മരുന്ന്. പക്ഷെ, അത് നേടിയെടുക്കാനുള്ള വഴി അതികഠിനമായിരുന്നു.
അതിന് ആദ്യ ഗര്‍ഭം ധരിച്ച ഒരു അന്തര്‍ജനത്തിന്റെ വയറിനുള്ളിലെ ഭ്രൂണം വേണം. പ്രായം തികയാത്ത ഭ്രൂണത്തെ ഗര്‍ഭിണിയുടെ വയറ് കീറി പുറത്തെടുത്തു വേണം മരുന്നുണ്ടാക്കാന്‍. എന്തു വിലകൊടുത്തും ഈ മരുന്നുണ്ടാക്കാന്‍ തന്നെ പാണന്‍ തീരുമാനിച്ചു. ഒരുപാട് അന്വേഷണങ്ങള്‍ക്കൊടുവില്‍ ആദ്യ ഗര്‍ഭം ധരിച്ച ഒരു അന്തര്‍ജനത്തെ പാണന്‍ കണ്ടെത്തുകയും വയറ് കീറി ഭ്രൂണത്തെ പുറത്തെടുക്കുകയും ചെയ്തു. ഈ ഭ്രൂണത്തില്‍ നിന്നുണ്ടാക്കുന്ന പ്രത്യേക മഷി ചില പച്ചിലകള്‍ കൂടി ചേര്‍ത്താണ് മാന്ത്രിക മരുന്ന് ഉണ്ടാക്കേണ്ടത്.
അങ്ങനെയുണ്ടാക്കിയ മരുന്ന് ചെവിയുടെ പിന്നില്‍ തേച്ച് പാണന്‍ പല രൂപങ്ങളില്‍ ജന്മിമാരോട് പ്രതികാരം ചെയ്തെന്നാണ് കഥ.
കാലം മാറി ജന്മിമാരൊക്കെ ഇല്ലാതായതിനു ശേഷം ഒടിയന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളും മാറിവന്നു. പാണന്റെ കുടുംബ പരമ്പരയില്‍ പെട്ട ഒരാള്‍ ഈ വിദ്യ സ്വായത്തമാക്കുകയും അത് പലരിലും പരീക്ഷിക്കാനും തുടങ്ങിയതോടെയാണ് ഒടിയന്‍ നാട്ടുകാര്‍ക്കൊരു ശല്യമായിത്തുടങ്ങിയത്രേ. ഒരു ഭ്രൂണത്തില്‍ നിന്ന് ഒന്നോ രണ്ടോ തവണ ഒടിവെക്കാനുള്ള മരുന്ന് മാത്രമേ കിട്ടുകയുള്ളൂ, അതുകൊണ്ട് മരുന്നിനു വേണ്ടി കൂടുതല്‍ അന്തര്‍ജനങ്ങള്‍ വയറ് കീറി കൊല്ലപ്പെടുകയും നിരവധിയനവധി കുഞ്ഞുങ്ങള്‍ ഭൂമിയില്‍ പിറന്നുവീഴുന്നതിനു മുമ്പ് മരുന്നായി മാറുകയും ചെയ്തു. ഒടിയന്മാരെ ഉപയോഗിച്ച് പലരും ശത്രുവിനെ ഇല്ലാതാക്കാന്‍ തുടങ്ങി. നാട്ടിലെ സമ്പന്നരും പ്രധാനികളുടേയും വാടകക്കൊലയാളികളായി ഒടിയന്മാര്‍ മാറിയെന്നും പറയപ്പെടുന്നു. കീഴാളന്മാരെ ഭരണാധികാരികള്‍ അവരുടെ കാര്യസാധ്യത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്നും ഇതിന് മറ്റൊരു വശമുണ്ട്. മൃഗങ്ങളുടെ തോലും കൊമ്പുമൊക്കെ ഉപയോഗിച്ച് വേഷപ്രശ്ചന്നരായി എതിരാളികളെ ഭയപ്പെടുത്തുകയും ഒളിച്ചിരുന്ന് ആക്രമിക്കുകയും ചെയ്യുന്നവര്‍ക്ക് അമാനുഷിക പരിവേഷം നല്‍കിയുണ്ടാക്കിയ കഥായാണെന്നും അഭിപ്രായമുണ്ട്.
ആര്‍ക്കാണോ ഒടി വെക്കേണ്ടത്, അവരുടെ ജനന വര്‍ഷവും ദിവസവും ജന്മനക്ഷത്രവും കൃത്യമായി അറിയണം. ഇതെല്ലാം മനസ്സിലാക്കി ചില മന്ത്രങ്ങളൊക്കെ ചൊല്ലി ഒരു ചുള്ളിക്കമ്പ് ഒടിച്ചാല്‍ കഴുത്തൊടിഞ്ഞ് ശത്രു മരിക്കുമെന്നതാണ് ഒടി. കഴുത്തൊടിഞ്ഞ് മരിക്കുന്നതിനാലാണ് ഒടിയന്‍ എന്ന പേര് വന്നതെന്നും ഒടിമറിയുക എന്നതിന്റെ അര്‍ത്ഥം വേഷപ്രച്ഛന്നനാകുക എന്നുമാണത്രേ.
എല്ലാ അമാനുഷിക ശക്തികള്‍ക്കും എന്തെങ്കിലുമൊരു വീക്ക്നസ്, അല്ലെങ്കില്‍ അവര്‍ ഭയപ്പെടുന്ന എന്തെങ്കിലും ഉണ്ടെന്നാണല്ലോ മിത്ത്, ഒടിയനും അങ്ങനെയൊന്നുണ്ട്. ദേഹത്ത് ചൂട് തട്ടിയാല്‍ ഒടിയന് മനുഷ്യ രൂപത്തിലേക്ക് തിരിച്ചു വരേണ്ടി വരും. അതുകൊണ്ടാണ് പണ്ടുള്ളവര്‍ രാത്രി യാത്രയ്ക്ക് ചൂട്ടും കത്തിച്ച് നടന്നിരുന്നത് പോലും. ഇരുട്ടിന്റെ മറവില്‍ മാനായും മാടായുമെത്തുന്ന ഒടിയന്മാര്‍ നാട്ടില്‍ വൈദ്യുതി വന്നതോടെ ഒടിവെക്കാനാകാതെ വംശനാശം സംഭവിച്ചു കാണണം.
കേരളത്തില്‍ പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലായിരുന്നു പണ്ട് കാലത്ത് ഒടിയന്മാരുടെ വിഹാര കേന്ദ്രം. മലപ്പുറത്തെ പുലാമന്തോള്‍, വിളയൂര്‍, പാലക്കാട്ടെ പേരടിയൂര്‍ എന്നിവിടങ്ങളിലായിരുന്നു ഒടിയന്മാരുടെ കഥകള്‍ ഏറ്റവും കൂടുതല്‍ പ്രചരിച്ചത്.
ഇനി ഒടിയനെ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം, ഒടി വിദ്യയിലൂടെ രൂപം മാറുന്ന മൃഗത്തിന്റെ എന്തെങ്കിലുമൊരു വൈകല്യമുണ്ടാകും. രൂപ പരിണാമത്തില്‍ ഒടിയനു 100 ശതമാനം ആ രൂപം നേടാന്‍ സാധിക്കില്ല എന്നാണ് വയ്പ്പ്. ഉദാഹരണത്തിന് ഒരു പട്ടിയായാണ് രൂപം മാറുന്നതെങ്കില്‍ അതിന് എന്തെങ്കിലുമൊരു വൈകല്യമുണ്ടാകും. ലോക സിനിമയില്‍ കല്യാണി പ്രിയദര്‍ശന്റെ ചന്ദ്രയുടെ ഒരു സീനില്‍ രണ്ട് നായ്ക്കളെ കാണാം, അതില്‍ ഒരു നായയ്ക്ക് വൈകല്യമുണ്ട്. ഇത് ഒടിയനാകാം.
വള്ളുവനാട്ടെ ഒടിയനില്‍ നിന്ന് നമുക്ക് നേരെ ജപ്പാനിലെ നിഞ്ജകളിലേക്ക് പോകാം. ഒടിയന്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രമാണെങ്കില്‍ ജപ്പാനിലെ നിഞ്ജകള്‍ അങ്ങനെയല്ല, അങ്ങനെയൊരു കൂട്ടര്‍ ഉണ്ടായിരുന്നു. ഷിനോബി എന്നറിയപ്പെട്ടിരുന്ന നിഞ്ചകള്‍ ഫ്യൂഡല്‍ ജപ്പാനിലെ ഒരു രഹസ്യ സൈനിക വിഭാഗമായിരുന്നു. സമുറായ് യോദ്ധാക്കള്‍ യുദ്ധ നിയമങ്ങളും യുദ്ധ മര്യാദകളും പാലിച്ചിരുന്നവരാണെങ്കില്‍ നിഞ്ജകള്‍ക്ക് അങ്ങനെയൊന്നില്ല. ജയിക്കാന്‍ അവര്‍ ഏത് മാര്‍ഗവും സ്വീകരിക്കും. പരസ്പരം പോരടിച്ചിരുന്ന ഫ്യൂഡല്‍ പ്രഭുക്കന്മാരുടെ കാലമായിരുന്നു പതിനഞ്ചാം നൂറ്റാണ്ടിലെ ജപ്പാന്‍. അവര്‍ക്ക് ശത്രുക്കളുടെ നീക്കം അറിയാനും നുഴഞ്ഞു കയറ്റത്തിനും ഒളിപ്പോരിനുമായി കുറച്ചു പേരെ ആവശ്യമുണ്ടായിരുന്നു, അവരായിരുന്നു നിഞ്ജകള്‍. സിനിമകളില്‍ കാണുന്നതു പോലെ കറുത്ത വേഷം മാത്രമായിരുന്നില്ല അവര്‍ ധരിച്ചിരുന്നത്. ആളുകള്‍ക്കിടയില്‍ അവരിലൊരാളായിട്ടായിരുന്നു നിഞ്ജകളുടെ പ്രവര്‍ത്തനം. മിക്കപ്പോഴും, അവര്‍ രാത്രികാലങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഇരുണ്ട നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. ഇത് കറുപ്പ് ആകണമെന്നില്ല. എന്നാല്‍ ഇത് അവര്‍ക്ക് ഒരു രഹസ്യസ്വഭാവം നല്‍കി. നിഞ്ജകള്‍ക്ക് അമാനുഷിക ശക്തികളുണ്ടെന്നത് സിനിമകളിലൂടെയും കഥകളിലൂടെയും പ്രചാരത്തില്‍ വന്ന മിത്താണ്. നക്ഷത്ര ആകൃതിയിലുള്ള ഷുറികെനുകളും വാളുമൊക്കെയായി മുഖം മറച്ചാണ് ഇവരുടെ ആക്രമണം.
ചുരുക്കത്തില്‍, സിനിമകളില്‍ കാണുന്നതുപോലുള്ള അമാനുഷിക ശക്തികളുള്ള യോദ്ധാക്കളല്ലായിരുന്നു നിഞ്ചകള്‍. അവര്‍ അതിജീവനത്തിനും രഹസ്യ ദൗത്യങ്ങള്‍ക്കും പ്രാധാന്യം നല്‍കിയ വിദഗ്ദ്ധരായ ചാരന്മാരും ഒളിപ്പോരാളികളും ആയിരുന്നു.
വള്ളുവനാട്ടിലെ ഒടിയനും ജപ്പാനിലെ നിഞ്ജയും തമ്മില്‍ എന്താണ് ബന്ധം? യാതൊരു ബന്ധവുമില്ല, പക്ഷെ, ചില സാമ്യതകളുണ്ട്... ഇരു കൂട്ടരും രാത്രികാലങ്ങളില്‍ സഞ്ചരിക്കുന്നവരും ക്രൂരന്മാരായ ഭൂപ്രക്കളുടെ ഗുണ്ടകളായി പ്രവര്‍ത്തിച്ചവരുമാണ്.. ശത്രുവിനെ കണ്‍കെട്ടിലൂടെ വീഴ്ത്താന്‍ പാടവമുള്ളവര്‍... രാത്രിയുടേയും നിഴലിന്റേയും പ്രതീകങ്ങള്‍... ഭയം, രഹസ്യം എന്നിവയാല്‍ ചുറ്റപ്പെട്ട കഥാപാത്ര നിര്‍മിതി, മറഞ്ഞിരുന്ന് ആക്രമിക്കുന്ന ശക്തി എന്ന പ്രതീതി.
ഒടിയനും നിഞ്ജയും വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നുമുള്ള രണ്ട് പ്രതീകങ്ങള്‍ ആണെങ്കിലും, മനുഷ്യ സമൂഹത്തില്‍ ഭയത്തെയും രഹസ്യത്തെയും പ്രതിനിധീകരിക്കുന്ന ശക്തികളാണ്. ഒടിയന്‍ നാട്ടിന്‍പുറങ്ങളിലെ നിറംപിടിപ്പിച്ച കഥകളിലും നിഞ്ജ ചരിത്ര യുദ്ധങ്ങളിലും നിഴലായി നില്‍ക്കുന്നവര്‍.
ഒടിയനെ കുറിച്ചുള്ള പലകഥകള്‍ പ്രചാരത്തിലുണ്ട്, നിഴല്‍ പോലെ ഒപ്പം വന്ന് ഒടിവെച്ച് പോകുന്ന നെഗറ്റീവ് ഷെയ്ഡുള്ള ഒടിയന്‍ അല്‍പം നിഞ്ജ ടെക്നിക്കുകളൊക്കെ വശമുള്ള സൂപ്പര്‍ പവറുള്ള ഒരു ഹീറോ ആയാല്‍ എങ്ങനെയിരിക്കും. മിത്തെന്നും പുരാണമെന്നും നമ്മള്‍ വിശ്വസിക്കുന്ന പലതും സത്യമാണോ?അവര്‍ നമുക്കിടയില്‍ നമ്മളറിയാതെ ജീവിക്കുന്നുണ്ടെങ്കിലോ? നമ്മുടെ ലോക യൂണിവേഴ്സ് വലുതാകട്ടെ, വികസിക്കട്ടെ.