സാംബ താളത്തിനൊത്ത് ആടിത്തിമിർക്കാൻ ബ്രസീൽ തയ്യാർ; 2026 ലോകകപ്പ് സ്ക്വാഡ് അവലോകനം

കളിക്കളത്തിൽ 11 പേരും തോറ്റെന്നുറപ്പിച്ചാലും... ആൻസലോട്ടിയെന്ന മുഖ്യപരിശീലകൻ പുറത്തുള്ളിടത്തോളം സമയം ബ്രസീൽ ടീം തിരിച്ചുവരുമെന്നൊരു പ്രതീക്ഷ ആരാധകരുടെ മനസിലുണ്ടാകും!
2026 brasil world cup team
Published on
Updated on

1958, 1962, 1970, 1994, 2002... സോക്കർ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ലോകകപ്പ് നേടിയ ടീം! എന്നും കാൽപന്തു കളിയെ ജീവവായു പോലെ നെഞ്ചോട് ചേർക്കുന്നവരുടെ നാട്! ആക്രമണ ഫുട്ബോൾ കൊണ്ടും സീംഗ കേളിശൈലിയുടെ വ്യത്യസ്തത കൊണ്ടും ലോകമെമ്പാടും നിന്നും കോടിക്കണക്കിന് ആരാധകവൃന്ദത്തെ കൂടെ കൂട്ടിയ ലാറ്റിനമേരിക്കൻ രാജ്യം! പിന്നിട്ട എട്ട് പതിറ്റാണ്ടിനിടെ പെലെ, ഗരിഞ്ച, റൊമാരിയോ, ദുംഗ, കഫു, റൊണാൾഡോ, റൊണാൾഡീഞ്ഞോ, റിവാൾഡോ, റോബർട്ടോ കാർലോസ്, കക്ക, നെയ്മർ തുടങ്ങി... എണ്ണിയാലൊടുങ്ങാത്ത ഇതിഹാസങ്ങളെ ലോക ഫുട്ബോളിന് സംഭാവന നൽകിയ വൺ ആൻഡ് ഒൺലി ബ്രസീൽ!

ബ്രസീലിലെ ലക്ഷ്യം മറന്നൊരു പുതുതലമുറയെ ലോകകപ്പിന് തൊട്ടു മുൻപായി മാമോദീസ മുക്കി... സ്വർഗാരോഹണത്തിനായി ഒരുക്കിയിട്ടുണ്ട് കാർലോ ആൻസലോട്ടിയെന്ന ബുദ്ധി രാക്ഷസൻ!! കളിക്കളത്തിൽ 11 പേരും തോറ്റെന്നുറപ്പിച്ചാലും... ആൻസലോട്ടിയെന്ന മുഖ്യപരിശീലകൻ പുറത്തുള്ളിടത്തോളം സമയം ബ്രസീൽ ടീം തിരിച്ചുവരുമെന്നൊരു പ്രതീക്ഷ ആരാധകരുടെ മനസിലുണ്ടാകും!

പെലെയും ഗരിഞ്ചയും റൊണാൾഡീഞ്ഞോയും നെയ്മറുമെല്ലാം ഒരു കലാരൂപം പോലെ അനുഷ്ഠിച്ച് പോരുന്ന സീംഗ ശൈലിയിൽ ലോക ഫുട്ബോളിനെ അടക്കി ഭരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് കാർലോ എന്ന ബോസ്. അഞ്ച് ലോകകിരീടങ്ങളുടെ ചരിത്രമുണ്ടെങ്കിലും, തോറ്റ് തോറ്റ്... തലകുനിഞ്ഞ് പോയ രണ്ട് പതിറ്റാണ്ടുകൾക്കായി കണക്കു ചോദിക്കാതെ... കിരീടധാരണം കൊണ്ട് സാംബനൃത്തമാടാതെ... ഈ ലോകകപ്പ് കാലത്ത് ഒരു ബ്രസീൽ ആരാധകനും മുന്നോട്ട് പോകാനാകില്ല!

Carlo Ancelotti
കാർലോ ആൻസലോട്ടി

ബ്രസീലിനായി മൂന്ന് ലോകകപ്പുകൾ നേടിയ പെലെയും, രണ്ട് ലോകകപ്പുകൾ നേടിയ ഗരിഞ്ചയും ചേർന്ന് തുടക്കമിട്ടതാണ് 'സീംഗ ശൈലി'യിലുള്ള ആകർഷകരമായ ഫുട്ബോൾ.... ബ്രസീലിൻ്റേത് മാത്രമായൊരു തനത് ഫുട്ബോൾ ശൈലിയും.. കണ്ണഞ്ചിപ്പിക്കുന്ന മാജിക്കൽ ഡ്രിബ്ലിങ്ങും... എതിരാളികളെ വീഴ്ത്താനുള്ള ശരവേഗവും... പുൽമൈതാനത്തെ പുളകം കൊള്ളിക്കുന്ന അപ്രതീക്ഷിത നീക്കങ്ങളും.. ഇംപ്രവൈസേഷനുകളുമെല്ലാം കൂടിച്ചേരുമ്പോൾ ലഭിക്കുന്ന... ടോട്ടൽ ഫുട്ബോളിൻ്റെ സൗകുമാര്യത്തെയാണ് അന്നാട്ടുകാർ 'ബ്രസീലിയൻ സീംഗ' എന്ന് പെരുങ്കളിയാട്ടത്തിൻ്റെ പേര് ചൊല്ലി വിളിച്ചത്.

2026 brasil world cup team
ബ്രസീൽ ആരാധകർക്ക് നിരാശ... ലോകകപ്പിലെ ആദ്യ മത്സരത്തിൽ നെയ്മർ കളിക്കില്ല

പെലെയുടെ സമകാലികനായ ഗരിഞ്ച ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഡ്രിബ്ലൾമാരിൽ ഒരാളായിരുന്നു... ഒരൽപ്പം നീളക്കൂടുതലുള്ള ചട്ടുകാലു കൊണ്ട് അയാൾ സൃഷ്ടിച്ച മാന്ത്രികതയൊന്നും ഫുട്ബോളിൽ മറ്റൊരാൾക്കും പുനഃസൃഷ്ടിക്കാൻ കഴിയാത്തവണ്ണം ലെഗസി നിറഞ്ഞതാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് യുഗത്തിൽ നിന്നും കളറിലേക്ക് ടെലിവിഷൻ പരകായ പ്രവേശം ചെയ്ത കാലത്ത്... സീംഗയെ ലോകം ആരാധിക്കുന്നൊരു കലാസൃഷ്ടിയാക്കി അവതരിപ്പിക്കാനും, കയ്യടി നേടിക്കൊടുക്കാനും കഴിഞ്ഞിടത്താണ്, റൊണാൾഡീഞ്ഞോയെന്ന ഇതിഹാസത്തിൻ്റെ അവതാരോദ്ദേശ്യം സഫലമാകുന്നത്.

brasil team

പിന്നീടത് കാനറിപ്പടയുടെ സുൽത്താനായ നെയ്മർ ഏറ്റെടുത്തു... അയാളുടെ ജന്മനിയോഗം ഇനിയും സഫലമായിട്ടില്ല... ഒരു ലോകകപ്പ് കിരീടത്തിനേ അയാളുടെ പ്രതിഭയെ സുവർണലിപികളാൽ ബ്രസീലിയൻ ചരിത്രത്തിൽ രേഖപ്പെടുത്താനാകൂ... അതിനുള്ള സുവർണാവസരമാണ് യുഎസും മെക്സിക്കോയും കാനഡയും ആതിഥ്യം വഹിക്കുന്ന ഈ ലോകകപ്പ് വേദി....

ആൻസലോട്ടിക്ക് കീഴിൽ ആ ബ്യൂട്ടിഫുൾ ഗെയിം ഇനി തിരികെ വരുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്... !! കാരണം ആ സാംബ താളത്തിന് പകരം വയ്ക്കാൻ മറ്റൊന്ന് ഈ ലോകത്ത് പിറന്നിട്ടില്ല... ഇനി പിറക്കുകയുമില്ല... !! കാലം കൊതിച്ച നെയ്മറുടെ ഈ ഹീറോയിക് തിരിച്ചുവരവിനൊപ്പം... ഈ പെരുങ്കളിയാട്ട വേദിയിൽ വിനീഷ്യസും എൻഡ്രിക്കും റയാനും മാർട്ടിനല്ലിയുമെല്ലാം സീംഗ ശൈലിയിൽ ആടിത്തിമിർത്താൽ യുഎസിൽ എതിരാളികൾക്കിനി അധികം വിയർക്കേണ്ടി വരില്ല...

2026 brasil world cup team
അമേരിക്കൻ ആധിപത്യത്തിൽ തകർന്നടിഞ്ഞ് പരാഗ്വേ

മുൻ തലമുറകളെ പോലെ ആക്രമണ ഫുട്ബോളും സാങ്കേതിക മികവും വിന്നിങ് മെൻ്റാലിറ്റിയും നിലനിർത്താനായാൽ, ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കാൻ വലിയ സാധ്യത ബ്രസീലിനുണ്ട്. ലോക ഫുട്ബോളിൻ്റെ അഭിമാനവും ലോകകപ്പ് ചരിത്രത്തിലെ മഹത്തായ പാരമ്പര്യവുമാണ് ബ്രസീൽ. ആ ലെഗസി തുടരാൻ വേണ്ട ആദ്യ കരുക്കൾ ആൻസലോട്ടിയെന്ന മികച്ച കോച്ചിനെ കണ്ടെത്തിയതിലൂടെ ബ്രസീൽ ഫുട്ബോൾ നീക്കിക്കഴിഞ്ഞു... ഇനി വരുന്ന അഞ്ച് ആഴ്ചകൾ സമർഥമായി കരുക്കൾ നീക്കാനുള്ള ബുദ്ധിവൈഭവം കാർലോയ്ക്കുണ്ട്... പ്രതീക്ഷകളുടെ അമിത ഭാരമില്ലാതെയെത്തുന്ന മഞ്ഞപ്പടയെ ലോകത്തിൻ്റെ നെറുകയിലെത്തിക്കാൻ ആൻസലോട്ടി വിജയിക്കട്ടെയെന്ന്... ഓരോ ബ്രസീലിയൻ ഡൈ ഹാർഡ് ഫാനും നെഞ്ചുരുകി പ്രാർഥിക്കുന്നുണ്ട്...

നെയ്മർ എന്ന് മുതൽ മാച്ച് ഫിറ്റ് ആകുമെന്ന കാര്യത്തിൽ ആശങ്കകൾ തുടരുകയാണെങ്കിലും ടൂർണമെൻ്റിൽ രണ്ടാം മത്സരം ഉറപ്പായും കളിക്കുമെന്ന സൂചന ആൻസലോട്ടി നൽകിക്കഴിഞ്ഞു. പരിക്ക് കാരണം എഡർ മിലിറ്റാവോ, റോഡ്രിഗോ, എസ്റ്റാവോ എന്നീ പ്രമുഖർക്ക് ടീമിലിടം നേടാനാകാതെ പോയതിനാൽ... മുന്നേറ്റനിര താരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന 4-2-4 എന്ന ഫോർമേഷനാണ് ആൻസലോട്ടി ലോകകപ്പിൽ പയറ്റുകയെന്നാണ് സൂചന.

Neymar jr
നെയ്മർ

ഇനി ബ്രസീലിയൻ ടീം സ്ക്വാഡിലേക്ക്

രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം നെയ്മർ ജൂനിയർ ടീമിലേക്ക് തിരിച്ചെത്തിയതാണ് ബ്രസീൽ സ്ക്വാഡിൽ ആവേശം നിറയ്ക്കുന്നത്. മാർക്കീഞ്ഞോസ്, കാസെമിറോ എന്നിവർ ചേർന്നാണ് ലോകകപ്പിൽ യെല്ലോ ആർമിയെ നയിക്കുന്നത്. ആലിസൺ ബെക്കർ, എഡേഴ്സൺ, വീവർട്ടൺ എന്നീ പരിചയസമ്പന്നർക്ക് കീഴിൽ ഗോൾവല ഭദ്രമാണ്. ലിവർപൂൾ ഗോൾകീപ്പറായ അലിസൺ ബെക്കർ തന്നെയാകും ലോകകപ്പിൽ മഞ്ഞപ്പടയുടെ ഗോൾവല കാക്കുക.

brasil team
ബ്രസീലിയൻ ടീം

പ്രതിരോധ നിര

പിഎസ്‌ജിയെ തുടരെ രണ്ട് വർഷം ചാംപ്യൻസ് ലീഗ് ജേതാക്കളാക്കിയ നായകനാണ് മാർക്കീഞ്ഞോസ്... അയാൾ നയിക്കുന്ന പ്രതിരോധം പാറപോലുറച്ചതാണ്. സെൻ്റർ ബാക്കിൽ പ്രതിരോധക്കോട്ട തീർക്കാൻ മാർക്കീഞ്ഞോസിനൊപ്പം ചാംപ്യൻസ് ലീഗിൽ റണ്ണറപ്പായ ആഴ്സണലിൻ്റെ വിശ്വസ്തനായ പ്രതിരോധ മതിൽ ഗബ്രിയേൽ മഗലാസ് കൂടി ചേരും. റൈറ്റ് ബാക്കിൽ വെസ്ലി ഫ്രാൻകയും ലെഫ്റ്റ് ബാക്കിൽ അലക്സ് സാൻഡ്രോ അല്ലെങ്കില്‍ ഡഗ്ലസ് സാൻ്റോസ് എന്നിവരിൽ ആരെങ്കിൽ ഒരാളുമാകും ആൻസലോട്ടി ആദ്യ ഇലവനിൽ ഇടംനേടുക. പകരക്കാരായ ഗ്ലെയ്സൺ ബ്രെമർ, ഡാനിലോ, റോജർ ഇബാനസ്, ലിയോ പെരേര എന്നിവർ കൂടി ചേരുന്നതാണ് ബ്രസീലിൻ്റെ പ്രതിരോധ മതിൽ.

brasil squad

ബോഗോ ജൊനീറ്റ മധ്യനിര

ഡിഫൻസീവ് മിഡ് ഫീൽഡറായി കാസെമിറോയും സെൻട്രൽ മിഡ് ഫീൽഡറായി ന്യൂകാസിൽ യുണൈറ്റഡിൻ്റെ ബ്രൂണോ ഗ്യുമാറസും എത്തുമ്പോൾ ബ്രസീൽ ടീമിൻ്റെ മധ്യനിരയിലെ മുന്നേറ്റങ്ങൾക്ക് പുത്തനൂർജം ലഭിക്കും. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി മികച്ച ഫോമിലായിരുന്നു കാസെമീറോ. ഗ്രൗണ്ടിൽ എതിർ മുന്നേറ്റനിരയുടെ നീക്കങ്ങളുടെ ഗതി അതിവേഗം തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള മികവും കൗണ്ടർ അറ്റാക്കിന് അതിവേഗം പന്ത് എത്തിച്ചു നൽകാനുമുള്ള മികവാണ് അയാളെ ആൻസലോട്ടിയുടെ സ്ക്വാഡിൽ എത്തിച്ചിരിക്കുന്നത്.

ന്യൂകാസിൽ യുണൈറ്റഡിൻ്റെ ക്യാപ്റ്റനായ ഗ്യുമാറസ് ലോകത്തെ മികച്ച സെൻട്രൽ മിഡ് ഫീൽഡർമാരിൽ ഒരാളാണ്. 2025-26 സീസണിലെ ന്യൂകാസിൽ യുണൈറ്റഡിൻ്റെ ടീമിൽ 'പ്ലെയർ ഓഫ് ദി ഇയർ' ആയി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഈ സീസണിൽ പ്രീമിയർ ലീഗിൽ മാത്രം 9 ഗോളുകളും 5 അസിസ്റ്റുകളും താരം സ്വന്തമാക്കി.

ആൻസലോട്ടിയുടെ ചാണക്യ തന്ത്രങ്ങൾക്കനുസരിച്ച് മധ്യനിരയിൽ പകരക്കാരായി അൽ ഇത്തിഹാദിൻ്റെ ഫാബിഞ്ഞോ, ഫ്ലെമെംഗോ താരങ്ങളായ ലൂക്കാസ് പക്വേറ്റ, ഗെർസൺ, ആന്ദ്രേ, ബോട്ടഫോഗോയുടെ ഡാനിലോ സാൻ്റോസ് എന്നിവരും കളത്തിലിറങ്ങും.

brasil squad
2026 brasil world cup team
ഒറ്റ ഗോള്‍ തുടക്കം; വംശീയത വേരറ്റുപോകാത്ത മണ്ണില്‍ നിന്നുയരുന്ന ഏകതാളം

പ്രതീക്ഷയേകുന്ന 'ഫ്രഷ് മുന്നേറ്റനിര'

ആൻസലോട്ടിയുടെ 9 അംഗ അറ്റാക്കിങ് സ്ക്വാഡിലെ സ്റ്റാർ നെയ്മറാണ്... സാൻ്റോസ് എഫ്.സിയെ റെലഗേഷനിൽ നിന്ന് രക്ഷിച്ചെടുത്ത പ്രതിഭാ പാടവം നെയ്മർ ജൂനിയർ രണ്ടര വർഷത്തിനിപ്പുറം വീണ്ടും വിശ്വവേദിയിൽ പുറത്തെടുക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ താരം എന്ന് മുതൽ ആദ്യ ഇലവനിൽ ഇടം പിടിക്കുമെന്ന് ഉറപ്പില്ല.

ആദ്യ ഇലവനിൽ വലതു വിങ്ങറായി തിളങ്ങാൻ ബാഴ്സലോണയുടെ സൂപ്പർ താരം റഫീഞ്ഞ ഉറപ്പായും ഉണ്ടാകും. ലെഫ്റ്റ് വിങ്ങിൽ റയൽ മാഡ്രിഡിൻ്റെ സ്റ്റാർ സ്ട്രൈക്കർ വിനീഷ്യസ് ജൂനിയറുണ്ട്. ദേശീയ ടീമിൽ ഇരുവരും താൻ പ്രതീക്ഷിക്കുന്ന ഫോമിലേക്കുയരുന്നത് കാണാൻ കാത്തിരിപ്പിലാണ് ഇറ്റാലിയൻ പരിശീലകനായ ആൻസലോട്ടി.

ഒരു ഫാൾസ് 9 സ്ട്രൈക്കറുടെ രൂപത്തിൽ തിളങ്ങാൻ 19കാരനായ എൻഡ്രിക്കിനെയാണ് ആൻസലോട്ടി നിയോഗിച്ചിരിക്കുന്നത്. ബ്രസീൽ കോച്ചിൻ്റെ അഭ്യർഥന പ്രകാരം റയൽ മാഡ്രിഡ് ഒളിംപിക് ലിയോണിലേക്ക് എൻഡ്രിക്കിനെ ലോണിൽ അയച്ചിരുന്നു. കഴിഞ്ഞ സീസണിൽ അവിടെ മാസ്മരിക ഫോമിലായിരുന്നു ഈ കുട്ടിത്താരം. സീസണിൽ ലിയോണിനായി 5 ഗോളുകളും 7 അസിസ്റ്റുകളും ഈ വണ്ടർ കിഡ് സംഭാവന ചെയ്തിട്ടുണ്ട്.

brasil

രണ്ടാമത്തെ സ്ട്രൈക്കറായി മാത്യൂസ് കുൻഹയോ ഇഗോർ തിയാഗോയോ ആൻസലോട്ടിയുടെ ആദ്യ ഇലവനിൽ ഇടമുറപ്പിക്കും. മുൻ വോൾവർഹാംപ്ടൺ താരമായ മാത്യൂസ് കുൻഹ 2025ലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയത്. കഴിഞ്ഞ സീസണിൽ 10 ഗോളുകളും 2 അസിസ്റ്റുകളുമായി കളം നിറഞ്ഞിരുന്നു. ഏറെ സാങ്കേതിക തികവുള്ള കൂഞ്ഞ മുൻനിരയിൽ സെൻട്രൽ സ്‌ട്രൈക്കറായോ... സെക്കൻഡ് സ്‌ട്രൈക്കറായോ... വിംഗർ ആയോ കളിക്കാൻ ശേഷിയുള്ള താരമാണ്.

പ്രീമിയർ ലീഗിൽ ബ്രെൻ്റ്‌ഫോർഡിനായി തകർപ്പൻ ഫോമിലായിരുന്നു 24കാരനായ ഇഗോർ തിയാഗോ. ഇക്കഴിഞ്ഞ സീസണിൽ 22 ഗോളുകളും ഒരു അസിസ്റ്റുമായി ഗോൾവേട്ടക്കാരിൽ എർലിങ് ഹാലണ്ടിന് (27) തൊട്ടുപിന്നിലാണ് തിയാഗോയുടെ സ്ഥാനം.

brasil team

പ്രീമിയർ ലീഗിൽ ഇക്കുറി ആഴ്സണലിനെ ജേതാക്കളാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ലെഫ്റ്റ് വിങ്ങറാണ് ഗബ്രിയേൽ മാർട്ടിനെല്ലി. ചാംപ്യൻസ് ലീഗിൽ 13 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും 2 അസിസ്റ്റുകളുമായി ടീമിൻ്റെ ആക്രമണങ്ങളെ മുന്നിൽ നിന്ന് നയിച്ചത് മാർട്ടിനെല്ലിയായിരുന്നു. പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും വേഗതയേറിയ സ്ട്രൈക്കറായാണ് അദ്ദേഹം അറിയപ്പെടുന്നത്. ലോകകപ്പ് സ്ക്വാഡിൽ താരത്തിൻ്റെ സാന്നിധ്യം ബ്രസീലിന് ഏറെ ഗുണം ചെയ്യും.

19കാരനായ റയാന് ലോകകപ്പ് ടീമിൽ സ്ഥാനം കിട്ടിയത് എസ്റ്റാവോയുടെ പരിക്കിനെ തുടർന്നാണ്. 2026 ജനുവരിയിൽ ഏകദേശം 30 മില്യൺ പൗണ്ടിലധികം ട്രാൻസ്ഫർ തുകയ്ക്കാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബോൺമൗത്ത് ഈ വിങ്ങറെ സ്വന്തമാക്കിയത്. സീസണിൽ 15 മത്സരങ്ങളിൽ നിന്നായി അഞ്ച് ഗോളുകൾ നേടി ക്ലബ്ബിൻ്റെ ചരിത്രത്തിലാദ്യമായി അവർക്ക് യൂറോപ്യൻ ഫുട്ബോൾ ക്വാളിഫിക്കേഷൻ നേടിക്കൊടുക്കാനും റയാന് സാധിച്ചിരുന്നു.

റഷ്യൻ പ്രീമിയർ ലീഗ് ക്ലബ്ബായ സെനിറ്റ് സെൻ്റ് പീറ്റേഴ്സ്ബർഗിൻ്റെ റൈറ്റ് വിങ്ങറായി കളിക്കുന്ന 25കാരൻ ലൂയിസ് ഹെൻറിക് ബ്രസീൽ സ്ക്വാഡിൽ പകരക്കാരൻ്റെ റോളിൽ തിളങ്ങാൻ കഴിയുന്ന താരമാണ്.

News Malayalam 24x7
newsmalayalam.com