CR7 എന്ന ബ്രാൻഡിന് തോൽവിയില്ല

23 വർഷത്തെ കരിയറിനിടെ ക്രിസ്റ്റ്യാനോ തൻ്റെ രാജ്യത്തെ ഫുട്ബോളിൻ്റെ വിധി തന്നെയാണ് മാറ്റിയെഴുതിയത്.
Cristiano Ronaldo
Published on
Updated on

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് ഒപ്പമുള്ള യാത്ര ഒരിക്കലുമൊരു പരാജയമായി കണക്കാക്കാനാവില്ല. അദ്ദേഹത്തിന് മുമ്പ്, പോർച്ചുഗൽ മൂന്ന് ലോകകപ്പുകളിൽ മാത്രമേ പങ്കെടുത്തിട്ടുള്ളൂ. ഒരു പ്രധാന ട്രോഫി പോലും നേടിയിരുന്നുമില്ല. 23 വർഷത്തെ കരിയറിനിടയിൽ ക്രിസ്റ്റ്യാനോ തൻ്റെ രാജ്യത്തെ ഫുട്ബോളിൻ്റെ വിധി തന്നെയാണ് മാറ്റിയെഴുതിയത്. പോർച്ചുഗലിനെ സ്ഥിരമായി ലോകകപ്പ് യോഗ്യത നേടുന്ന രാജ്യമാക്കി അദ്ദേഹം മാറ്റിയെടുത്തു. കരിയറിൽ പോർച്ചുഗലിനായി മൂന്ന് ട്രോഫികളാണ് അദ്ദേഹം നേടിയത്. ലോകകപ്പിൽ ദേശീയ ടീമിനായി CR7 തൻ്റെ അവസാന മത്സരം കളിച്ചിരിക്കാം. പക്ഷേ മുമ്പ് നിലവിലില്ലാത്തൊരു ഫുട്ബോൾ സംസ്കാരവും... പോർച്ചുഗലിന് കൂടുതൽ വിജയങ്ങൾ കൊണ്ടുവരുന്ന മികച്ച കളിക്കാരുടെ ഒരു തലമുറയും അദ്ദേഹം സൃഷ്ടിച്ചെടുത്തിരിക്കുന്നു.

പോർച്ചുഗീസ് ഫുട്ബോളിൻ്റെ ചരിത്രം മാത്രമല്ല, ഈ ഗെയിമിൻ്റെ ചരിത്രം തന്നെയും അദ്ദേഹം മാറ്റിമറിച്ചു. നിങ്ങൾക്ക് ഒരുപക്ഷേ ക്രിസ്റ്റ്യാനോയുടെ ആരാധകനാകാം... ആവാതെയുമിരിക്കാം. പക്ഷേ മദീരയിൽ നിന്നുള്ള ഈ ഇതിഹാസ ഫുട്ബോളർ നമ്മളേറെയിഷ്ടപ്പെടുന്ന ഈ കായിക വിനോദത്തെ തന്നെ മാറ്റിമറിച്ചിരിക്കുന്നു. ലെജൻഡ് ക്രിസ്റ്റ്യാനോയ്ക്ക് നന്ദി...

ലോക ഫുട്ബോളിൻ്റെ തിരുമുറ്റത്ത് നിന്നും രാജാവ് പടിയിറങ്ങിയിരിക്കുന്നു. CR7 എന്ന ഇതിഹാസത്തിൻ്റെ ലൈഫ് സമ്പൂർണമാകാൻ അതിലൊരു ലോകകിരീടത്തിൻ്റെ ആവശ്യമൊന്നുമില്ല. 41ാം വയസ്സിലും കാൽപന്ത് കളിയോട് ക്രിസ്റ്റ്യാനോ പ്രകടിപ്പിക്കുന്ന അടങ്ങാത്ത സ്നേഹമുണ്ടല്ലോ... അതാണ് അയാളെ ഫുട്ബോളിൽ അനശ്വരനാക്കുന്നത്.

Cristiano Ronaldo
ആഫ്രിക്കയുടെ അഭിമാനം! സ്വപ്നക്കുതിപ്പിൽ മൊറോക്കോ...

അന്താരാഷ്ട്ര ഫുട്ബോളിൽ കണക്കുനിരത്താൻ അധികം കിരീടങ്ങളും ചെങ്കോലുമൊന്നുമില്ലാതെ... അയാൾ തുകൽ പന്ത് തട്ടി കീഴടക്കിയത് അനവധി തലമുറകളിലെ ഫുട്ബോൾ ആരാധക ഹൃദയങ്ങളാണ്. 146 തവണ ഗോൾവല കുലുക്കി അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവുമധികം തവണ ഗോൾനേടിയ സർവകാല റെക്കോർഡിനുടമ... കരിയറിലെ അവസാന ലോകകപ്പ് മത്സരം പൂർത്തിയാക്കി നിറഞ്ഞ കണ്ണുകളോടെ സ്റ്റേഡിയം വിട്ടിരിക്കുകയാണ്.

ഫുട്ബോൾ കണ്ട എക്കാലത്തേയും വലിയ ബ്രാൻഡാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ 41ാം വയസിലും ലോകത്തെ കോടിക്കണക്കിന് ആരാധകരെ ഉറക്കമൊഴിച്ച് ടെലിവിഷൻ സ്ക്രീനുകൾക്ക് മുന്നിലെത്തിക്കാൻ അയാൾക്ക് സാധിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോയുടെ ടീം തോൽക്കുമ്പോൾ കുട്ടികളെന്നോ... മുതിർന്നവരെന്നോ ഭേദമില്ലാതെ കണ്ണീരൊഴുക്കുന്നത് ആ കഠിനാധ്വാനിയായ അത്‌ലറ്റിനോട് ഭ്രാന്തമായ സ്നേഹം കൊണ്ടാണ്. മത്സരശേഷം വികാരാധീനനായി കളം വിട്ടിറിങ്ങിയ റൊണാൾഡോയുടെ ചിത്രം ആരാധകരേയും കണ്ണീരിലാഴ്ത്തി.

Cristiano Ronaldo
സോറി ആൻഡ് താങ്ക്യൂ നെയ്മർ; നിങ്ങളിത് അർഹിക്കുന്നില്ല

2006ൽ ജർമനിയിൽ ലോകകപ്പ് അരങ്ങേറ്റം കുറിച്ച യുവതാരം, 2026ൽ ആറാം ലോകകപ്പിലും പോർച്ചുഗലിനെ നയിച്ചാണ് കളം വിടുന്നത്. യഥാർഥത്തിൽ പോർച്ചുഗൽ ഇങ്ങനെ പ്രീ ക്വാർട്ടറിൽ തോറ്റ് മടങ്ങുമ്പോൾ ചൂണ്ടുവിരൽ ഉയരുന്നത് റോബർട്ടോ മാർട്ടിനസ് എന്ന കോച്ചിലേക്കാണ്. ലോകകപ്പ് ടൂർണമെൻ്റിലേക്ക് ഇത്ര മികച്ചൊരു ഫുട്ബോൾ യൂണിറ്റിനെ കിട്ടീട്ടും അവരെ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കാനും ചരിത്രത്തിലാദ്യമായി കിരീടനേട്ടത്തിലേക്ക് കൊണ്ടുചെന്ന് എത്തിക്കാനും അയാൾക്ക് സാധിച്ചില്ല. ടീമിലെ മറ്റൊരു താരത്തിൻ്റേയും പേരെടുത്ത് വിമർശിക്കാൻ ആഗ്രഹിക്കുന്നില്ല. ഇത്രയധികം പ്രതിഭാ ധാരാളിത്തമുള്ള ടീം പ്രീ ക്വാർട്ടറിൽ തോറ്റ് മടങ്ങുന്നത് കാണുമ്പോൾ ആകെ നിരാശയിലാണ് പോർച്ചുഗീസ് ആരാധകർ.

ഫുട്ബോളിൻ്റെ മാത്രമല്ല, ഒരു അത്‌ലറ്റ് എന്ന നിലയിൽ ആഗോള കായികരംഗത്തിൻ്റെ മുന്നിലെന്നും വിലമതിക്കാനാകാത്ത ബ്രാൻഡ് വാല്യൂ ഉള്ള വ്യക്തിയാണ് CR7. കളിക്കളത്തിലെ അതുല്യ പ്രകടനങ്ങൾ, കഠിനാധ്വാനം, അച്ചടക്കം, ഫിറ്റ്നസിനോടുള്ള പ്രതിബദ്ധത, സോഷ്യൽ മീഡിയയിലെ വമ്പൻ സ്വാധീനം എന്നിവയാണ് അദ്ദേഹത്തെ ഒരു കായികതാരത്തിൽ നിന്ന് ബില്യൺ ഡോളർ മൂല്യമുള്ള ബ്രാൻഡായി വളർത്തിയത്. 'CR7' എന്ന ബ്രാൻഡ് ഇന്ന് ഫുട്ബോളും കടന്ന് ഫാഷൻ, ഫിറ്റ്നസ്, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ഹോട്ടലുകൾ തുടങ്ങി നിരവധി മേഖലകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പേരും ലോഗോയും ലോകമെമ്പാടുമുള്ള ആരാധകർ വിശ്വാസത്തിൻ്റേയും വിജയത്തിൻ്റേയും പ്രതീകമായാണ് കാണുന്നത്.

Cristiano Ronaldo
മൂന്ന് പതിറ്റാണ്ടിനിപ്പുറം ആൽഫ് ഇൻഗെയുടെ സ്വപ്നങ്ങൾക്ക് യുഎസ് മണ്ണിൽ ഹാലണ്ടിലൂടെ സാക്ഷാത്കാരം

സോഷ്യൽ മീഡിയയിലും റൊണാൾഡോ അതിശക്തനാണ്. കോടിക്കണക്കിന് ആളുകളിലേക്കുള്ള താരത്തിൻ്റെ റീച്ച്, ലോകത്തിലെ പ്രമുഖ ബ്രാൻഡുകളുടെ ഏറ്റവും മൂല്യമേറിയ ബ്രാൻഡ് അംബാസഡർമാരിൽ ഒരാളാക്കി അദ്ദേഹത്തെ മാറ്റിയിട്ടുണ്ട്. താരത്തിൻ്റെ ഓരോ സ്പോൺസേർഡ് പോസ്റ്റിനും വൻ വിപണന മൂല്യമുണ്ടെന്നാണ് വിലയിരുത്തൽ.

എന്നാൽ റൊണാൾഡോ എന്ന ബ്രാൻഡിൻ്റെ ശക്തി പരസ്യങ്ങളിലോ ബിസിനസിലോ മാത്രം ഒതുങ്ങുന്നില്ല. സ്ഥിരത, വിജയിക്കാനുള്ള മനോഭാവം, സ്വയം മെച്ചപ്പെടുത്താനുള്ള ആഗ്രഹം, ഒരിക്കലും കീഴടങ്ങാത്ത സമീപനം എന്നിവയാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ കൂടുതൽ ശക്തമാക്കുന്നത്. അതുകൊണ്ടു തന്നെ, പലർക്കും അദ്ദേഹം ഒരു ഫുട്ബോൾ താരം മാത്രമല്ല, പ്രചോദനത്തിൻ്റെ പ്രതീകവുമാണ്.

അതുകൊണ്ടാണ് ലോകം പറയുന്നത്, ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു കളിക്കാരൻ മാത്രമല്ല, ഒരു ബ്രാൻഡ് ആണെന്ന്. അഞ്ച് ബാലൺ ഡ്യോർ, അഞ്ച് ചാംപ്യൻസ് ലീഗ്, യൂറോ കപ്പ്, രണ്ട് നേഷൻസ് ലീഗ്.... അങ്ങനെ ഫുട്ബോളിൽ നേടാനാകുന്ന മിക്ക നേട്ടങ്ങളും സ്വന്തമാക്കിയ റൊണാൾഡോയ്ക്ക്... പക്ഷേ ലോകകിരീടം മാത്രം ഒരു സ്വപ്നമായി തുടരും.

News Malayalam 24x7
newsmalayalam.com