"അവര്‍ക്ക് മെസ്സിയെ വേണമായിരിക്കും, ചതിക്കപ്പെട്ടത് ഞങ്ങളാണ്''

കളിക്കളത്തിന് അകത്തും പുറത്തും ചോദ്യം ചെയ്യപ്പെടേണ്ട ഒരുപാട് കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്നും ഈജിപ്ത് പരിശീലകൻ
"അവര്‍ക്ക് മെസ്സിയെ വേണമായിരിക്കും, ചതിക്കപ്പെട്ടത് ഞങ്ങളാണ്''
Image: X
Published on
Updated on

പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയോട് നേരിട്ട തോല്‍വിക്ക് പിന്നാലെ ഫിഫയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഈജിപ്ത്. ടീമിന്റെ പരശീലകനും താരങ്ങളുമെല്ലാം ഫിഫയ്‌ക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. അര്‍ജന്റീനയ്ക്കും ലയണല്‍ മെസ്സിക്കും അനുകൂലമായ രീതിയിലാണ് റഫറിയടക്കമുള്ളവര്‍ പെരുമാറിയതെന്നാണ് ആരോപണവും വിമര്‍ശനവും. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം.

ചതിക്കപ്പെട്ടുവെന്നാണ് മത്സര ശേഷം ഈജിപ്ത് പരിശീലകന്‍ ഹൊസം ഹസ്സന്‍ പ്രതികരിച്ചത്. രൂക്ഷമായ ഭാഷയിലായിരുന്നു ഈജിപ്ത് കോച്ചിന്റെ പ്രതികരണം. ഈജിപ്തിന്റെ നിര്‍ഭാഗ്യത്തെ കുറിച്ചോ നേരിട്ട കാര്യങ്ങള്‍ ഭംഗിയായോ പറയാന്‍ താത്പര്യമില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് ഹൊസം ഹസ്സന്‍ തുറന്നടിച്ചു.

''അവിടെ ഒരു തരത്തിലുള്ള മര്യാദയോ നീതിപൂര്‍വമായ കളിയോ ഞങ്ങള്‍ കണ്ടിട്ടില്ല. മാന്യതയും നീതിയും അവര്‍ പൂര്‍ണ്ണമായും കാറ്റില്‍പ്പറത്തി''. അര്‍ജന്റീനയ്‌ക്കെതിരെ ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുമ്പോഴാണ്, മൊസ്തഫ സിക്കോയുടെ ഗോള്‍ വാര്‍ ഇടപെടലിലൂടെ റദ്ദാക്കി. ഗോള്‍ നേടിക്കഴിഞ്ഞ ശേഷം ഗോളിന് തൊട്ടുമുമ്പുള്ള നീക്കങ്ങള്‍ക്കിടയില്‍ ലിസാന്‍ഡ്രോ മാര്‍ട്ടീനസിനെ ഫൗള്‍ ചെയ്തത് ചൂണ്ടിക്കാണിച്ചായിരുന്നു റഫറിയുടെ തീരുമാനം.

"അവര്‍ക്ക് മെസ്സിയെ വേണമായിരിക്കും, ചതിക്കപ്പെട്ടത് ഞങ്ങളാണ്''
ഈജിപ്ത് തുടക്കമിട്ടു, മെസിയും സംഘവും തീര്‍ത്തു; അര്‍ജന്റീന ക്വാര്‍ട്ടറില്‍

എന്നാല്‍, തൊട്ടുപിന്നാലെ വീണ്ടുമൊരു ഗോള്‍ കൂടി നേടി ടീമിന്റെ ലീഡ് രണ്ടാക്കുക വഴി, ചരിത്രത്തിലാദ്യമായി ഈജിപ്തിനെ ക്വാര്‍ട്ടര്‍ ഫൈനലിന്റെ തൊട്ടരികില്‍ എത്തിക്കാന്‍ സിക്കോയ്ക്ക് സാധിച്ചു.

റൊമേരോയിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച് നിലവിലെ ചാമ്പ്യന്മാര്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. തൊട്ടുപിന്നാലെ, ആദ്യ പകുതിയിലെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ലയണല്‍ മെസ്സി ടൂര്‍ണമെന്റിലെ തന്റെ എട്ടാം ഗോളിലൂടെ അര്‍ജന്റീനയ്ക്ക് സമനില സമ്മാനിച്ചു.

പക്ഷെ, വിവാദങ്ങള്‍ അവിടെയും തീര്‍ന്നില്ല. എന്‍സോ ഫെര്‍ണാണ്ടസ് നേടിയ അര്‍ജന്റീനയുടെ വിജയഗോളിന് വഴിയൊരുക്കിയ നീക്കത്തിനിടെ, ഹംദി ഫാത്തിയെ അലക്‌സിസ് മാക് അലിസ്റ്റര്‍ വലിച്ചിട്ടതിന് തങ്ങള്‍ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിക്കേണ്ടതായിരുന്നു എന്നാണ് ഈജിപ്തിൻ്റെ വാദം.

"അവര്‍ക്ക് മെസ്സിയെ വേണമായിരിക്കും, ചതിക്കപ്പെട്ടത് ഞങ്ങളാണ്''
വീണ്ടും പെനാല്‍റ്റി പാഴാക്കി; നാണക്കേടിന്റെ ആ റെക്കോഡും മെസിക്ക് സ്വന്തം

''ഈജിപ്തിന് ലഭിക്കേണ്ടിയിരുന്ന പെനാല്‍റ്റി റദ്ദാക്കി, അത് വാര്‍ പരിശോധിക്കുക പോലും ചെയ്തില്ല. ഞങ്ങളുടെ രണ്ടാമത്തെ ഗോള്‍ നിഷേധിക്കപ്പെട്ടതെങ്ങനെയാണെന്നത് അവിശ്വസനീയമാണ്. എതിര്‍ താരം ജെഴ്‌സി വലിച്ചുപിടിക്കുന്ന ദൃശ്യങ്ങള്‍ നമ്മളെല്ലാവരും കണ്ടിട്ടും അവിടെ ഒരു വാര്‍ പരിശോധന പോലും ഉണ്ടായില്ല''. ഈജിപ്ത് പരിശീലകന്‍ പറഞ്ഞു.

കടുത്ത അനീതിയാണ് നേരിട്ടതെന്നും ലോകകപ്പില്‍ ഇനിയുള്ള മത്സരങ്ങള്‍ കാണില്ലെന്നും ഹൊസം ഹസ്സന്‍ പ്രഖ്യാപിച്ചു. അന്യായങ്ങള്‍ക്കെതിരെയുള്ള തന്റെ പ്രതിഷേധമാണിതെന്നും അദ്ദേഹം പറഞ്ഞു.

ടൂര്‍ണമെന്റിലെ ഏറ്റവും വലിയ താരങ്ങളെ നിലനിര്‍ത്താന്‍ റഫറിമാര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടെന്നും ഈജിപ്ത് പരിശീലകന്‍ ആരോപിച്ചു. 'ഒരുപക്ഷേ, ലോക ചാമ്പ്യനെ ടൂര്‍ണമെന്റില്‍ നിര്‍ത്തണമെന്ന് അവര്‍ക്ക് താത്പര്യമുണ്ടാകും. മെസ്സി തുടരണമെന്ന് അവര്‍ ആഗ്രഹിച്ചിട്ടുണ്ടാകാം.

ഫുട്‌ബോളില്‍ ചിലപ്പോഴൊക്കെ സാങ്കേതിക വശങ്ങള്‍ക്കും അപ്പുറത്തുള്ള ചില ബാഹ്യശക്തികളുടെ ഇടപെടലുകള്‍ ഉണ്ടാകാറുണ്ട്. ലോക ചാമ്പ്യന്മാര്‍ക്ക് എല്ലാ തലങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നു'.

ഈജിപ്ത് താരങ്ങളുടെ പ്രകടനത്തില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും ഹസ്സന്‍ പറഞ്ഞു. മത്സരങ്ങളുടെ ഫിക്‌സ്ചര്‍ ക്രമീകരണത്തേയും ഈജിപ്ത് പരിശീലകന്‍ വിമര്‍ശിച്ചു. "മത്സരങ്ങളുടെ സമയക്രമം നിശ്ചയിക്കുന്നത് ആരായാലും അവര്‍ ഒരിക്കല്‍ പോലും ഫുട്‌ബോള്‍ കളിച്ചിട്ടില്ലാത്തവരാണ്. ഉച്ചയ്ക്ക് 12 മണിക്ക് ആരെങ്കിലും കളി നിശ്ചയിക്കുമോ? ആളുകള്‍ ബ്രഞ്ച് കഴിക്കുകയും വെറുതെ നടക്കാന്‍ ഇറങ്ങുകയും ചെയ്യുന്ന സമയമാണത്. അല്ലാതെ, ഫുട്‌ബോള്‍ കളിക്കേണ്ട സമയമല്ല. മാത്രമല്ല, ഈ സമയത്ത് മത്സരം വെച്ചാല്‍ കളിക്കാര്‍ എത്ര മണിക്കാണ് ഭക്ഷണം കഴിക്കേണ്ടത്, രാവിലെ 7.30 നോ?" കളിക്കളത്തിന് അകത്തും പുറത്തും ചോദ്യം ചെയ്യപ്പെടേണ്ട ഒരുപാട് കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

News Malayalam 24x7
newsmalayalam.com