

മസാച്ച്യുസെറ്റ്സ്: 28 വർഷത്തിന് ശേഷമുള്ള ലോകകപ്പിലേക്കുള്ള തിരിച്ചു വരവിൽ ഇറാഖിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് നോർവേയുടെ കുതിപ്പ്. ഇരട്ട ഗോളുകളുമായി എർലിങ് ഹാലണ്ട് (29, 43) വരവറിയിച്ച മത്സരത്തിലൂടെ നിർണായകമായ മൂന്ന് പോയിൻ്റുകളും ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും നോർവെ സ്വന്തമാക്കി.
29ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയത് ഹാലണ്ട് ആയിരുന്നു. എന്നാൽ ആദ്യ പകുതിയുടെ 39ാം മിനിറ്റിൽ അയ്മൻ ഹുസൈനിലൂടെ ഇറാഖ് ഒരു ഗോൾ മടക്കി. പിന്നാലെ 43ാം മിനിറ്റിൽ ഹാലണ്ടിലൂടെ നോർവേ ലീഡ് തിരികെപ്പിടിച്ചു.
രണ്ടാം പകുതിയിൽ ലിയോ ഒസ്റ്റിഗാർഡ് (76) ഒരു ഗോൾ കൂടി നോർവേയ്ക്ക് സമ്മാനിച്ചു. ഒടുവിൽ ഇഞ്ച്വറി ടൈമിൽ (90+7) അയ്മൻ ഹുസൈനിൻ്റെ സെൽഫ് ഗോളിലൂടെ നോർവേ നാലാം ഗോളും നേടി. ജയത്തോടെ ഗ്രൂപ്പ് ഐയിൽ ഗോൾ ശരാശരിയിൽ ഫ്രാൻസിനെ മറികടന്ന് നോർവെ ഒന്നാമതെത്തി. ഇരു ടീമുകൾക്കും മൂന്ന് പോയിൻ്റ് വീതമാണ് ലഭിച്ചത്.