

നോർത്ത് അമേരിക്കൻ ലോകകപ്പിൽ പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് തടസ്സപ്പെടുന്ന ആദ്യ മാച്ചായി മാറി ഫ്രാൻസും ഇറാഖും തമ്മിലുള്ള ഐ ഗ്രൂപ്പ് മത്സരം. ആദ്യ പകുതിയുടെ അവസാനത്തോടെ തന്നെ കനത്ത മഴയാണ് ഫിലാഡെൽഫിയയിലെ സ്റ്റേഡിയത്തിൽ പെയ്തത്.
കനത്ത ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ തെളിഞ്ഞിരുന്നു. അതിനാൽ മത്സരം കുറച്ച് നേരത്തേക്ക് നിർത്തിവയ്ക്കുന്നു എന്ന അറിയിപ്പാണ് വന്നത്.
ഇന്ത്യയിലെ ലോകകപ്പിൻ്റെ സംപ്രേഷണ ചുമതലയുള്ള സീ5 അവരുടെ ഒഫീഷ്യൽ പേജിലൂടെയും ഈ വിവരം പങ്കുവച്ചു. മത്സരത്തിൻ്റെ 14ാം മിനിറ്റിൽ കിലിയൻ എംബാപ്പെ ഇടങ്കാല് കൊണ്ട് നേടിയ കിടിലനൊരു ഗോളിൻ്റെ കരുത്തിൽ ഫ്രാൻസ് ഇറാഖിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലാണ്.