

മെക്സിക്കോ സിറ്റി: ചരിത്രമുറങ്ങുന്ന മെക്സിക്കോയിൽ ലോകകപ്പ് ഫുട്ബോളിന് ഇന്ന് രാത്രി തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ സൗത്ത് ആഫ്രിക്കയെ നേരിടുമ്പോൾ മെക്സിക്കോ സിറ്റിയിലെ ഐതിഹാസികമായ സ്റ്റേഡിയത്തിൽ ലക്ഷക്കണക്കിന് വരുന്ന ആരാധകരുടെ സാന്നിധ്യത്തിൽ അത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും സവിശേഷമായ ഒരു അധ്യായത്തിൻ്റെ രേഖപ്പെടുത്തൽ കൂടിയാണ്.
ഈ ടൂർണമെൻ്റോടെ ഫിഫ ലോകകപ്പിന് മൂന്ന് തവണ ആതിഥേയത്വം വഹിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ രാജ്യമായി മെക്സിക്കോ ഔദ്യോഗികമായി മാറുകയാണ്. ഇതിന് മുമ്പ് 1970ലും 1986ലും മെക്സിക്കോ ലോകകപ്പിന് വേദിയായപ്പോൾ... ഫുട്ബോൾ ലോകം സാക്ഷ്യം വായിച്ചത് എക്കാലത്തെയും മികച്ച മാന്ത്രിക നിമിഷങ്ങൾക്കായിരുന്നു. 1970ൽ പെലെയുടെ നേതൃത്വത്തിലുള്ള ബ്രസീൽ ടീം കിരീടമുയർത്തിയതും, 1986ൽ ഡീഗോ മാറഡോണയുടെ വിഖ്യാതമായ 'ദൈവത്തിൻ്റെ കൈ' ഗോളും 'നൂറ്റാണ്ടിൻ്റെ ഗോളും' പിറന്നത് ഇതേ മണ്ണിലായിരുന്നു.
സ്വന്തം മണ്ണിൽ കളിച്ച ഈ രണ്ട് പതിപ്പുകളിലും മെക്സിക്കോ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മുന്നേറ്റം നടത്തി ക്വാർട്ടർ ഫൈനൽ വരെ എത്തിയെന്ന പ്രത്യേകതയുമുണ്ട്. പക്ഷേ അതാത് വർഷങ്ങളിൽ റണ്ണറപ്പുകളായ ടീമുകളോട് തോറ്റ് പുറത്താകാനായിരുന്നു രണ്ട് തവണയും മെക്സിക്കോയുടെ വിധി.
ലോകകപ്പിൻ്റെ ആദ്യ പതിപ്പ് മുതലുള്ള നീണ്ട പാരമ്പര്യമാണ് മെക്സിക്കൻ ഫുട്ബോളിനുള്ളത്. 1930ൽ യുറുഗ്വേയിൽ നടന്ന ആദ്യ ലോകകപ്പിൽ പങ്കെടുത്ത 13 ടീമുകളിൽ ഒന്നായ മെക്സിക്കോ, ഫ്രാൻസിനെതിരായ ടൂർണമെൻ്റിലെ ഏറ്റവും ആദ്യത്തെ ഔദ്യോഗിക മത്സരത്തിലും പങ്കാളികളായി. അന്ന് അർജൻ്റീനയ്ക്ക് എതിരായ മത്സരത്തിൽ പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ലോകകപ്പ് ചരിത്രത്തിൽ പെനാൽറ്റിയിലൂടെ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയതും മെക്സിക്കോയുടെ മാനുവൽ റോസാസ് ആയിരുന്നു.
അൻ്റോണിയോ കാർബഹാൽ, റഫായേൽ മാർക്വേസ്, ആൻഡ്രേസ് ഗ്വാർഡാഡോ, ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവ എന്നിവരടക്കം അഞ്ച് വ്യത്യസ്ത ലോകകപ്പുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ച അപൂർവ പ്രതിഭകളുടെ വലിയൊരു നിര തന്നെ മെക്സിക്കോയ്ക്കുണ്ട്. അതിൽ ഒച്ചോവ മെസ്സിക്കും റൊണാൾഡോയ്ക്കും ഒപ്പം തൻ്റെ ചരിത്രപരമായ ആറാം ലോകകപ്പിൻ്റെ ഭാഗമാണ് ആകുന്നത് എന്ന നേട്ടവുമുണ്ട്.
മെക്സിക്കൻ ഫുട്ബോൾ ആരാധകർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് "ക്വിൻ്റോ പാർട്ടിഡോ" അഥവാ "അഞ്ചാം മത്സരത്തിലേക്കുള്ള പ്രയാണം". 1994 മുതൽ 2018 വരെയുള്ള തുടർച്ചയായ ഏഴ് ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടം വിജയകരമായി മറികടന്നിട്ടും, എല്ലാ തവണയും പ്രീ ക്വാർട്ടറിൽ പുറത്താകാനായിരുന്നു അവരുടെ വിധി. 2022ലാകട്ടെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുകയും ചെയ്തു.
ആതിഥേയരെന്ന നിലയിൽ സൗത്ത് ആഫ്രിക്കയ്ക്കെതിരെ ഇറങ്ങുമ്പോൾ ഈ ശാപം തകർക്കുക എന്നതു തന്നെയാണ് മെക്സിക്കോയുടെ പ്രധാന ലക്ഷ്യം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ തന്നെ മികച്ചൊരു വിജയം നേടി മുന്നേറാൻ മെക്സിക്കോ ശ്രമിക്കുമ്പോൾ, ഉദ്ഘാടന മത്സരത്തിൽ തന്നെ ആതിഥേയരെ ഞെട്ടിക്കാൻ ഉറച്ചാകും സൗത്ത് ആഫ്രിക്കയും ബൂട്ട് കെട്ടുന്നത്. അതിനാൽ ഈ പോരാട്ടം കേവലമൊരു മത്സരം എന്നതിലുപരി, ഇരു ടീമുകളുടെയും ലോകകപ്പ് സ്വപ്നങ്ങളുടെ അടിത്തറയായിരിക്കും.