

ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32വിൽ ഇന്ന് രാത്രിയും നാളെ രാവിലെയുമായി നടക്കുന്നത് വാശിയേറിയ മൂന്ന് പോരാട്ടങ്ങളാണ്. യൂറോപ്യൻ ഫുട്ബോളിലെ വമ്പന്മാരാണ് ഇന്ന് ഏറ്റുമുട്ടുന്നവരിൽ ഏറെയും. പോർച്ചുഗൽ, സ്പെയിൻ, ക്രൊയേഷ്യ, ഓസ്ട്രിയ, സ്വിറ്റ്‌സർലൻഡ് എന്നിവരൊക്കെ ഇന്ന് രാത്രി ലോകകപ്പിലെ നോക്കൗട്ട് പോരാട്ടത്തിൻ്റെ ചൂടറിയും.
ഇന്ന് രാത്രി 12.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ യൂറോ കപ്പ് ജേതാക്കളായ സ്പെയിനും ഓസ്ട്രിയയുമാണ് ഏറ്റുമുട്ടുന്നത്. നിക്കോ വില്യംസും ലാമിൻ യമാലും ഒയർസബാലും പെഡ്രിയുമൊക്കെ അണിനിരക്കുന്ന സ്പെയിൻ മികച്ച ഫോമിലാണുള്ളത്. ഓസ്ട്രിയയെ അവർ അനായാസം മറികടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
അതേസമയം, പുലർച്ചെ 4.30ന് നടക്കുന്ന ഹൈ വോൾട്ടേജ് മാച്ച് ലാസ്റ്റ് ഡാൻസിനെത്തിയ ലെജൻഡുകളുടെ കൊമ്പുകോർക്കൽ കൂടിയായി മാറുകയാണ്. നോക്കൗട്ടിൽ ഇന്ന് പുറത്തായാൽ 41കാരൻ റോണോയും 40കാരൻ മോഡ്രിച്ചും അന്താരാഷ്ട്ര ഫുട്ബോളിനോട് എന്നെന്നേക്കുമായി വിട പറയുമോയെന്ന ആശങ്കയിലാണ് ഫുട്ബോൾ ആരാധകർ.
ക്രൊയേഷ്യ ആയാലും പോർച്ചുഗൽ ആയാലും പ്രതീക്ഷിച്ച പോലുള്ള പ്രകടനമല്ല ഈ ലോകകപ്പിൽ പുറത്തെടുത്തത്. ആദ്യ റൗണ്ടിൽ നിന്ന് കഷ്ടിച്ചാണ് ഇരുവരും കയറിക്കൂടിയത്. കളിക്കളത്തിലെ ടാക്റ്റിക്കൽ പാളിച്ചകളാണ് പറങ്കിപ്പടയ്ക്ക് ഭീഷണിയാകുന്നതെങ്കിൽ, സുവർണകാല ഫുട്ബോളിൻ്റെ അസ്തമനകാലത്താണ് ഹാകൻ സുകേറിൻ്റെ പിൻഗാമികൾ. എങ്കിലും മികച്ച ഒരുപിടി താരങ്ങൾ ഇരു ടീമുകളിലും ഉണ്ടെന്നതിനാൽ ഇന്നത്തെ രാത്രിയിൽ ഫുട്ബോൾ ആരാധകർക്ക് ഉറക്കം നഷ്ടപ്പെടുമെന്ന് ഉറപ്പാണ്.
വെള്ളിയാഴ്ച രാവിലെ 8.30നാണ് യൂറോപ്യൻ ശക്തികളായ സ്വിറ്റ്‌സർലൻഡും ആഫ്രിക്കൻ ശക്തികളായ അൾജീരിയയും തമ്മിലേറ്റു മുട്ടുന്നത്. തുല്ല്യശക്തികൾ തമ്മിലുള്ള പോരാട്ടത്തിൽ ആര് ജയിക്കുമെന്ന് വ്യക്തമല്ല. എങ്കിലും മത്സരം പൊടിപാറിക്കുമെന്ന് ഉറപ്പാണ്.