ഡാളസ്: ലോകകപ്പിൽ പോർച്ചുഗലിനെ ഒറ്റഗോളിന് വീഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ. ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലാണ് പറങ്കിപ്പടയുടെ തോൽവി. 91-ാം മിനിറ്റിലാണ് മിഖേൽ മെറീനോ സ്പെയിനിൻ്റെ വിജയശിൽപിയായത്. ബോക്‌സിനുള്ളില്‍ നിന്ന് മെറീനോ തൊടുത്ത ഇടങ്കാലന്‍ ഷോട്ട് പോര്‍ച്ചുഗലിൻ്റെ വല കുലുക്കി.
ഇനിയൊരു ലോകകപ്പില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കകമാണ് ഹൃദയം തകർക്കുന്ന തോൽവി. ആറാം വട്ടവും കിരീട നേട്ടത്തിന് ഇറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ കണ്ണീരോടെ ലോകകപ്പ് കരിയർ അവസാനിപ്പിച്ചു. പരാജയത്തിന് പിന്നാലെ റോബർട്ടോ മാർട്ടിനെസ് പരിശീലകസ്ഥാനം രാജിവച്ചു.
മത്സരശേഷം വികാരാധീനനായി കളം വിട്ടിറിങ്ങിയ റൊണാൾഡോയുടെ ചിത്രം ആരാധാകരേയും കണ്ണീരിലാഴ്ത്തി. 2006ൽ ജർമനിയിൽ ലോകകപ്പ് അരങ്ങേറ്റം കുറിച്ച യുവതാരം, 2026ൽ ആറാം ലോകകപ്പിലും പോർച്ചുഗലിനെ നയിച്ചാണ് കളം വിടുന്നത്. അഞ്ച് ബലോൺ ദോർ, അഞ്ച് ചാംപ്യൻസ് ലീഗ്, യൂറോ കപ്പ്, രണ്ട് വട്ടം നേഷൻസ് ലീഗ്, ഫുട്ബോളിൽ നേടാനാകുന്ന മിക്ക നേട്ടങ്ങളും സ്വന്തമാക്കിയ റൊണാൾഡോയ്ക്ക് ലോകകിരീടം കിട്ടാക്കനിയായി തുടരും.
2006ൽ സെമിഫൈനൽ, 2010ൽ പ്രീക്വാർട്ടർ, 2014ൽ ഗ്രൂപ്പ് ഘട്ടം, 2018ൽ പ്രീക്വാർട്ടർ, 2022ൽ ക്വാർട്ടർ , 2026ൽ സ്പെയിന് മുന്നിലെത്തിയപ്പോൾ 2010ൻ്റെ തനിയാവർത്തനത്തിന് വേദിയായി. നോക്കൗട്ട് പോരാട്ടത്തിൽ കണ്ണീരോടെ മടക്കം... ഓരോ ലോകകപ്പിലും പ്രതീക്ഷയുമായി എത്തിയെങ്കിലും വിധി വഴിമുടക്കി.ഈ ലോകകപ്പിൽ ബ്രൂണോ ഫെർണാണ്ടസും നുനോ മെൻഡസും വിറ്റീഞ്ഞയും ബെർണാർഡോ സിൽവയും റാഫേൽ ലിയോയും ഉൾപ്പെടുന്ന ശക്തമായ നിര കൂടെയുണ്ടായിരുന്നു. പക്ഷേ ഒത്തിണക്കം എന്നോ നഷ്ടപ്പെട്ട സൂപ്പർതാരനിര സ്വന്തം വിധി നേരത്തെ എഴുതിയിരുന്നു.