തീരാപ്പകയുടെ ചരിത്രഭാരവുമായി വീണ്ടുമൊരു അർജൻ്റീന-ഇംഗ്ലണ്ട് പോരാട്ടം

ജൂലൈ 15ന് ആദ്യ സെമിയിൽ ഫ്രാൻസ് സ്പെയിനിനേയും... ജൂലൈ 16ന് ഇംഗ്ലണ്ട് അർജൻ്റീനയേയും നേരിടും.
World Cup 2026: Argentina and England
Published on
Updated on

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ലോക ഫുട്ബോളിലെ ഏറ്റവും വാശിയേറിയ വൈരങ്ങളിലൊന്നിന് വീണ്ടും കളമൊരുങ്ങുകയാണ്. 2026 ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീനയും ഇംഗ്ലണ്ടും നേർക്കുനേർ വരുമ്പോൾ പഴയ പകയുടെയും ബാക്കിയായ കണക്കുകളുടെയും ഓർമ്മകളാകും ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ മനസ്സിൽ നിറയുക.

അർജൻ്റീന-ഇംഗ്ലണ്ട് മത്സരങ്ങൾ എക്കാലത്തും ഫുട്ബോൾ ലോകത്തെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ഫാൽക്ക്‌ലാൻഡ് യുദ്ധത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ നടന്ന 1986ലെ മെക്സിക്കോ ലോകകപ്പ് ക്വാർട്ടർ ഫൈനലാണ് ഈ വൈരത്തിന്റെ തുടക്കം. തെക്കേ അമേരിക്കൻ തീരത്തോട് ചേർന്ന് കിടക്കുന്ന ഫാൽക്ക്‌ലാൻഡ് ദ്വീപുകളുടെ അവകാശവാദത്തെച്ചൊല്ലി 1982ൽ ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടിരുന്നു.

അർജന്റീനിയൻ സൈന്യം ബ്രിട്ടീഷ് അധീനതയിലുള്ള ഈ ദ്വീപുകൾ ആക്രമിച്ചു കീഴടക്കി. എന്നാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുകയും, വലിയൊരു നാവികസേനയെ അയച്ച് ദ്വീപുകൾ തിരിച്ചുപിടിക്കുകയും ചെയ്തു. 74 ദിവസം മാത്രം നീണ്ടുനിന്ന ഈ യുദ്ധത്തിൽ വലിയ ആൾനാശമാണ് സംഭവിച്ചത്. ഏകദേശം 649 അർജന്റീനിയൻ സൈനികർക്കും 255 ബ്രിട്ടീഷ് സൈനികർക്കും ജീവൻ നഷ്ടപ്പെട്ടു.

World Cup 2026: Argentina and England
'ദി ഡിക്ഡേറ്റർ'; സോഷ്യൽ മീഡിയയിൽ തരംഗമായി എംബാപ്പെ മീമും ഡിക്റ്റേറ്റർ ആൻതവും

യുദ്ധത്തിൽ ബ്രിട്ടൻ വിജയിച്ചെങ്കിലും, അർജന്റീനൻ ജനതയുടെ മനസ്സിൽ അതൊരു ഉണങ്ങാത്ത മുറിവും തീരാത്ത പകയുമായി അവശേഷിച്ചു. യുദ്ധം കഴിഞ്ഞ് കൃത്യം നാല് വർഷങ്ങൾക്ക് ശേഷമാണ് 1986ലെ മെക്സിക്കോ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീനയും ഇംഗ്ലണ്ടും നേർക്കുനേർ വരുന്നത്. അർജന്റീനയെ സംബന്ധിച്ചിടത്തോളം അത് വെറുമൊരു ഫുട്ബോൾ മത്സരമായിരുന്നില്ല, മറിച്ച് യുദ്ധഭൂമിയിലേറ്റ തിരിച്ചടിക്കുള്ള മറുപടി നൽകാനുള്ള അവസരമായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ഡീഗോ മറഡോണ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ രണ്ട് ഗോളുകൾ നേടിയത്. വിവാദമായ 'ദൈവത്തിന്റെ കൈ' ഗോളും, ആ ഗോളിന്റെ വിവാദം കെട്ടടങ്ങും മുമ്പ് മൈതാനത്തിന്റെ പകുതിയിൽ നിന്ന് ഒറ്റയ്ക്ക് പന്തുമായി കുതിച്ച് അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും ഗോളിയേയും കബളിപ്പിച്ച് നേടിയ നൂറ്റാണ്ടിന്റെ ഗോളെന്നറിയപ്പെടുന്ന അത്ഭുത ഗോളും. ഈ വിജയത്തിനെ ഫാൽക്ക്‌ലാൻഡ് യുദ്ധത്തിൽ മരിച്ചുവീണ തങ്ങളുടെ സൈനികർക്ക് നൽകുന്ന ആദരവായാണ് അർജന്റീനൻ ജനത കണ്ടത്.

World Cup 2026: Argentina and England
THE FINAL WHISTLE | ഫ്രാൻസും സ്പെയിനുമായി; ഇനി ആരൊക്കെയാകും സെമി ഫൈനലിസ്റ്റുകൾ?

1998ലെ ഫ്രാൻസ് ലോകകപ്പിൽ ഡീഗോ സിമിയോണിയും ഡേവിഡ് ബെക്കാമും തമ്മിലുള്ള കൊമ്പുകോർക്കലാണ് ഈ പോരാട്ട ചരിത്രത്തിലെ മറ്റൊരു പ്രധാന ഏട്. ഇരു ടീമുകളും നേർക്കുനേർ വന്ന അന്നത്തെ പ്രീ ക്വാർട്ടർ മത്സരം ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയമായ മുഹൂർത്തങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയിലൂടെ അർജന്റീനയും, അലൻ ഷിയററിലൂടെ ഇംഗ്ലണ്ടും ആദ്യ പത്ത് മിനിറ്റിനുള്ളിൽ തന്നെ ഗോളുകൾ നേടി. പിന്നീട് പതിനെട്ടുകാരനായ മൈക്കൽ ഓവൻ ഇംഗ്ലണ്ടിനായി നേടിയ വിഖ്യാതമായ ഗോൾ അവരെ മുന്നിലെത്തിച്ചെങ്കിലും, ആദ്യ പകുതിയുടെ അവസാന നിമിഷം ഹാവിയർ സാനെറ്റിയിലൂടെ അർജന്റീന സമനില പിടിച്ചു.

പക്ഷെ മത്സരത്തിന്റെ 47-ാം മിനിറ്റിൽ ഡേവിഡ് ബെക്കാമിനെ അർജന്റീനിയൻ മിഡ്ഫീൽഡർ ഡീഗോ സിമിയോണി പിന്നിൽ നിന്ന് ഫൗൾ ചെയ്ത് വീഴ്ത്തി.നിലത്തുവീണ ബെക്കാം പ്രകോപിതനായി തന്റെ വലതുകാൽ പിന്നിലേക്ക് ഉയർത്തി സിമിയോണിയുടെ കാലിൽ തട്ടി. അതോടെ സിമിയോണി നാടകീയമായി നിലത്തുവീണു. ഇതുകണ്ട ഡാനിഷ് റഫറി കിം മിൽട്ടൺ നീൽസൺ ഒട്ടും മടിച്ചില്ല, സിമിയോണിക്ക് മഞ്ഞക്കാർഡും ബെക്കാമിന് നേരെ ഒരു ചുവപ്പുകാർഡും വീശി.

തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിന് നേരിടേണ്ടി വന്ന ഹൃദയഭേദകമായ പരാജയവും ഇംഗ്ലീഷ് ആരാധകർക്ക് വലിയൊരു മുറിവായി മാറി. ഇംഗ്ലണ്ടിലെ മാധ്യമങ്ങളും ആരാധകരും തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്തം 23-കാരനായ ഡേവിഡ് ബെക്കാമിന്റെ തലയിലാണെഴുതിയത്. ബെക്കാമിന് നേരെ വ്യാപകമായ വധഭീഷണികളുയർന്നു. ലണ്ടനിലെ പബ്ബുകൾക്ക് പുറത്ത് അദ്ദേഹത്തിന്റെ കോലങ്ങൾ തൂക്കിലേറ്റി. ഫുട്ബോൾ ചരിത്രത്തിൽ ഒരു ഇംഗ്ലീഷ് കളിക്കാരന് നേരെ സ്വന്തം നാട്ടുകാരിൽ നിന്നുണ്ടാകുന്ന ഏറ്റവും വലിയ വേട്ടയാടലുകളിലൊന്നായിരുന്നു അത്.

2002 ലോകകപ്പിലെ മരണഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കപ്പെട്ട ഗ്രൂപ്പ് എഫിൽ ഇംഗ്ലണ്ടും അർജന്റീനയും നേർക്കുനേർ വീണ്ടും വന്നു. ഇത്തവണ ക്യാപ്റ്റന്റെ ആംബാൻഡ് അണിഞ്ഞ് ബെക്കാം മൈതാനത്തിറങ്ങുമ്പോൾ, കഴിഞ്ഞ നാല് വർഷങ്ങളായി അദ്ദേഹം കേട്ട പഴിചാരലുകൾക്കും പരിഹാസങ്ങൾക്കുമുള്ള മറുപടി നൽകാനുള്ള അവസരം കൂടിയായിരുന്നു അത്. ഇരു ടീമുകൾക്കും പ്രീ-ക്വാർട്ടർ സാധ്യതകൾ നിലനിർത്താൻ വിജയം അനിവാര്യമായ ഈ മത്സരത്തിന്റെ 44-ാം മിനിറ്റിൽ അർജന്റീനിയൻ പെനാൽറ്റി ബോക്സിലേക്ക് പന്തുമായി കുതിച്ച ഇംഗ്ലീഷ് താരം മൈക്കൽ ഓവനെ, പ്രതിരോധനിരക്കാരൻ മൗറീഷ്യോ പൊച്ചെറ്റിനോ ഫൗൾ ചെയ്തു വീഴ്ത്തി. ഇതോടെ ഇറ്റാലിയൻ റഫറി പിയർലൂജി കൊളീന ഒട്ടും മടിക്കാതെ പെനാൽറ്റി സ്പോട്ടിലേക്ക് വിരൽചൂണ്ടി.

പന്തെടുത്തത് ക്യാപ്റ്റൻ ഡേവിഡ് ബെക്കാമായിരുന്നു. അർജന്റീനയുടെ ഗോൾവല കാക്കാൻ നിൽക്കുന്നതാകട്ടെ പാബ്ലോ കവല്ലെറോ എന്ന പ്രതിഭാശാലിയായ ഗോൾക്കീപ്പറും.

World Cup 2026: Argentina and England
THE FINAL WHISTLE | ദിദിയർ ദെഷാംപ്സിൻ്റെ കുട്ടികൾ തീർക്കുന്ന വിസ്മയം

ഗാലറിയിലും ടിവി സ്ക്രീനുകൾക്ക് മുന്നിലുമുള്ള ദശലക്ഷക്കണക്കിന് ഇംഗ്ലീഷ് ആരാധകർ ശ്വാസമടക്കിപ്പിടിച്ചാണ് ആ നിമിഷങ്ങളെ അതിജീവിച്ചത്. നാല് വർഷം മുമ്പത്തെ ആ നിർഭാഗ്യകരമായ രാത്രി ബെക്കാമിന്റെയും ആരാധകരുടെയും മനസ്സിലൂടെ മിന്നിമറഞ്ഞിട്ടുണ്ടാകണം. പക്ഷെ പൂർണ ആത്മവിശ്വാസത്തോടെ പെനാൽറ്റിയെടുത്ത ബെക്കാം പോസ്റ്റിന്റെ മധ്യത്തിലേക്ക് തന്നെ ഷോട്ടുതിർത്തു. കവല്ലെറോയുടെ സകല കണക്കുകൂട്ടലുകളും തെറ്റിച്ച് അത് വലയിലേക്ക് കയറുമ്പോൾ ബെക്കാം നടത്തിയ ആഘോഷം ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വൈകാരികമായ മുഹൂർത്തങ്ങളിലൊന്നാണ്.

തന്റെ ജേഴ്സിയിലെ ഇംഗ്ലീഷ് ബാഡ്ജിൽ പിടിച്ചുവലിച്ച്, കണ്ണുകൾ ഇറുകെയടച്ച്, സർവ്വ ശക്തിയുമെടുത്ത് അലറിക്കൊണ്ടാണ് ആ നാല് വർഷത്തെ ഭാരം മുഴുവൻ അദ്ദേഹം ഇറക്കിവെച്ചത്. ആ ഒറ്റ ഗോളിൽ ഇംഗ്ലണ്ട് മത്സരം വിജയിച്ചു. ഈ പരാജയം അർജന്റീനയുടെ കുതിപ്പിന് കനത്ത തിരിച്ചടിയാവുകയും, ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അവർ ടൂർണമെന്റിൽ നിന്ന് പുറത്താവുകയും ചെയ്തു.

ഇതിനുശേഷം 24 വർഷങ്ങൾക്കിപ്പുറമാണ് ഇരു ടീമുകളും ലോകകപ്പിൽ വീണ്ടും മുഖാമുഖം വരുന്നത്. ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ 5 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 3 തവണ ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. തോൽവിയറിയാതെ ഇരു ടീമുകളും തങ്ങളുടെ കരുത്ത് തെളിയിച്ചാണ് ഇത്തവണ സെമിയിൽ ഇടംപിടിച്ചിരിക്കുന്നത്. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെതിരെ അധിക സമയത്തേക്ക് നീണ്ട കടുത്ത പോരാട്ടത്തിൽ 3-1 എന്ന സ്കോറിനാണ് ലയണൽ സ്കലോണിയുടെ സംഘം വിജയം പിടിച്ചെടുത്തത്. മറുവശത്ത് പരിശീലകൻ തോമസ് ടൂച്ചലിന്റെ കീഴിലിറങ്ങിയ ഇംഗ്ലീഷ് പട നോർവേയെ 2-1ന് പരാജയപ്പെടുത്തിയാണ് സെമിയിൽ പ്രവേശിച്ചിരിക്കുന്നത്.

ലോകകപ്പ് കിരീടം നിലനിർത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ കളത്തിലിറങ്ങുന്ന ലയണൽ മെസ്സിക്ക്, ഇംഗ്ലീഷ് പ്രതിരോധത്തെ എങ്ങനെ മറികടക്കാൻ കഴിയും എന്നതിനെ ആശ്രയിച്ചായിരിക്കും അർജന്റീനയുടെ കുതിപ്പ്. 39-ാം വയസ്സിലും മെസ്സി കളത്തിൽ കാഴ്ചവെയ്ക്കുന്ന മാന്ത്രികതയ്ക്ക് യാതൊരു മങ്ങലുമേറ്റിട്ടില്ല എന്നതാണ് ഈ ലോകകപ്പിലെ ഏറ്റവും വലിയ സവിശേഷത.

World Cup 2026: Argentina and England
"അവൻ്റെ ബെസ്റ്റ് പെർഫോമൻസിന് കാത്തിരിക്കൂ"; യമാലിനെ പിന്തുണച്ച് സ്പാനിഷ് പരിശീലകൻ

സ്വിറ്റ്സർലൻഡിന് എതിരെയുള്ള ക്വാർട്ടർ ഫൈനൽ ഉൾപ്പെടെയുള്ള നിർണായക നോക്ക്ഔട്ട്‌ മത്സരങ്ങളിൽ കണ്ടതുപോലെ 120 മിനിറ്റ് വരെയും പൂർണ്ണമായി കളിക്കാനും, ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കാനും ഉള്ള പ്രായത്തിനെ വെല്ലുന്ന ശാരീരിക ക്ഷമത അദ്ദേഹത്തിന് ഇന്നും ഉണ്ട് എന്നത് ഇംഗ്ലീഷ് ക്യാമ്പിന് വലിയ തലവേദനയാണ്. 1986ൽ മറഡോണ ഇംഗ്ലണ്ടിനെതിരെ കാണിച്ച ആ പോരാട്ടവീര്യം നാല് പതിറ്റാണ്ടുകൾക്കിപ്പുറം തന്റെ കാലുകളിലൂടെ പുനഃസൃഷ്ടിക്കാൻ മെസ്സിക്ക് കഴിഞ്ഞാൽ അത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കാവ്യാത്മകമായ മുഹൂർത്തമായി അടയാളപ്പെടുത്തപ്പെടും.

News Malayalam 24x7
newsmalayalam.com