

ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന നായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി വന്നത് ദിവസങ്ങള്‍ക്കു മുമ്പാണ്. പൊതുസ്ഥലങ്ങളില്‍ നിന്ന് തെരുവുനായകളെ അടിയന്തരമായി നീക്കണമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ, മൃഗസ്നേഹികളും സംഘടനകളും സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.
ഈ അവസരത്തില്‍ 1832ല്‍ ബോംബെയില്‍ നടന്ന നായ ലഹളയെ കുറിച്ച് പറയാം. നായ്ക്കളുടെ ലഹളയല്ല, നായ്ക്കള്‍ക്കു വേണ്ടി മനുഷ്യര്‍ നടത്തിയ പ്രക്ഷോഭം! 1832-ലാണ് സംഭവം. ബ്രിട്ടീഷ് ഭരണാധികാരികളുടെ സൈ്വരജീവിതത്തിന് തടസ്സമാകുന്ന, ശല്യക്കാരായ നായ്ക്കളെ കൊല്ലാനായിരുന്നു അന്ന് ഉത്തരവ്്. അതിനെതിരെ ബോംബെയില്‍ നടന്ന ചരിത്രപ്രസിദ്ധമായ കലാപമാണ് 'ദി ബോംബെ ഡോഗ് റയട്ട്'.
ബ്രിട്ടീഷ് സര്‍ക്കാരിന്റെ കണ്ണില്‍ തെരുവുനായ്ക്കളും സമരക്കാരും ഒരുപോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടവരായിരുന്നു. പേപിടിച്ച നായ്ക്കളോടാണ് സ്വാതന്ത്ര്യ സമര സേനാനികളെപ്പോലും ബ്രിട്ടീഷ് ഗവണ്‍മെന്റും അവരുടെ മാധ്യമങ്ങളും അക്കാലത്ത് വിശേഷിപ്പിച്ചിരുന്നത്.
കഥ തുടങ്ങുന്നത് 1800 കളുടെ തുടക്കത്തിലാണ്. അന്ന് ബോംബെ ഒരു തീരദേശ പട്ടണമായിരുന്നു. സ്വന്തം നാട്ടില്‍ അടിമകളും രണ്ടാംകിട പൗരന്മാരുമായി നമ്മുടെ പൂര്‍വികര്‍ കഴിയുമ്പോള്‍, എല്ലാവിധ സുഖസൗകര്യങ്ങളും അനുഭവിച്ച് ബ്രിട്ടീഷുകാര്‍ വാണിരുന്ന കാലം.
ബോംബെയിലെ കടുത്ത ചൂടും കാലാവസ്ഥ മാത്രമായിരുന്നു അവരുടെ സുഖലോലുപതയ്ക്ക് അല്‍പമെങ്കിലും ഭംഗം വരുത്തിയത്. ചൂട് കൂടുന്ന ഉച്ചസമയങ്ങളില്‍,,, സ്വന്തം പാര്‍പ്പിടങ്ങളില്‍ വിശ്രമിക്കാനാണ് ബ്രിട്ടീഷ് അധികാരികള്‍ താല്പര്യപ്പെട്ടിരുന്നത്.
ജനലുകളില്‍ നനച്ച ഈറ്റപ്പായകള്‍ തൂക്കി, ചൂടകറ്റാന്‍ മുഴുവന്‍ സമയവും വലിയ വിശറികള്‍ വീശാന്‍ വേലക്കാരെയൊക്കെ നിര്‍ത്തിയായിരുന്നു ആ സുഖസുഷുപ്തി. എന്നാല്‍, ഈ സമയത്ത് അവര്‍ക്കുണ്ടായ ആകെയുള്ള ബുദ്ധിമുട്ട്, തെരുവില്‍ കുരച്ച് നടന്ന് ബഹളമുണ്ടാക്കുന്ന തെരുവ് നായ്ക്കളായിരുന്നു.
അവയുടെ കുര അധികാരികളുടെ ഉച്ചയുറക്കത്തെ പലപ്പോഴും തടസ്സപ്പെടുത്തി. ഇതൊരു വലിയ ശല്യമായി മാറിയപ്പോള്‍, 1813-ല്‍ ചൂട് കൂടിയ ഏപ്രില്‍, മെയ് മാസങ്ങളില്‍ തെരുവ് നായകളെ അടിയന്തരമായി പിടികൂടാന്‍ ഒരു മുനിസിപ്പല്‍ ഉത്തരവ് പുറപ്പെടുവിച്ചു. അതങ്ങനെ വര്‍ഷങ്ങളോളം തുടര്‍ന്നു. പിന്നീട്, 1832-ല്‍ ഒരു ബ്രിട്ടീഷ് മജിസ്‌ട്രേറ്റ് ഈ കാലാവധി ജൂണ്‍ പകുതി വരെ നീട്ടി. മാത്രമല്ല, നായ്ക്കളെ പിടികൂടി കൊല്ലുന്നവര്‍ക്ക് ആകര്‍ഷകമായ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തു. ഒരു നായയെ കൊല്ലുന്നവര്‍ക്ക് 'എട്ടണ'യായിരുന്നു പ്രതിഫലം!
മുമ്പും തെരുവുനായ്ക്കളെ കൊന്നിരുന്നെങ്കിലും, മുന്‍വര്‍ഷങ്ങളേക്കാള്‍ നായവേട്ട ശക്തമാക്കിയതും പ്രതിഫലം പ്രഖ്യാപിച്ചതും, ചിലര്‍ക്കൊക്കെ പുതിയൊരു വരുമാനമാര്‍ഗ്ഗമായി മാറുകയായിരുന്നു. ായ്ക്കളെ തിരഞ്ഞുപിടിച്ച് വകവരുത്താന്‍, പല പൊലീസ് ഉദ്യോഗസ്ഥരെയും പട്ടിപിടിത്തക്കാരെയും ഇത് പ്രേരിപ്പിച്ചു... തെരുവുനായ്ക്കളെ കിട്ടാതായതോടെ, വളര്‍ത്തു നായ്ക്കളെ വരെ അവര്‍ കണ്ടെത്തി കൊല്ലാന്‍ തുടങ്ങി. പക്ഷേ, ഈ ക്രൂരമായ നായവേട്ടയില്‍ ആഴത്തില്‍ വേദനിച്ച ഒരു വലിയ വിഭാഗം അവിടെയുണ്ടായിരുന്നു ബോംബെയിലെ പ്രബലരായ 'പാഴ്‌സി' സമൂഹം!
പേര്‍ഷ്യയില്‍ നിന്നെത്തിയവരുടെ പിന്‍ഗാമികളാണ് പാര്‍സികള്‍. ഇറാനിയന്‍ പ്രവാചകനായ സറാത്തുസ്ത്രയുടെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കി രൂപംകൊണ്ട,,, ലോകത്തിലെ ഏറ്റവും പഴയ സംഘടിത മതങ്ങളിലൊന്നാണ് സൊരാസ്ട്രിയന്‍ മതം, അഥവാ പാഴ്‌സി മതം. സൊരാസ്ട്രിയന്‍ വിശ്വാസപ്രകാരം, നായകള്‍ പ്രപഞ്ച സ്രഷ്ടാവായ 'അഹുറ മസ്ദ'യുടെ ഏറ്റവും പവിത്രവും ഉത്കൃഷ്ടവുമായ സൃഷ്ടിയാണ്.
അവയില്‍ തിന്മയില്ല, നന്മ മാത്രമേയുള്ളൂ... മരണശേഷം സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയിലുള്ള 'ചിന്‍വാദ് പാലം' കാത്തുസൂക്ഷിക്കുന്നത്, നായ്ക്കളാണെന്ന് ഇവരുടെ വിശുദ്ധ ഗ്രന്ഥമായ 'വെന്‍ഡിദാദ്' പറയുന്നു. നീതിമാനായ ഒരാളുടെ ആത്മാവിന് ആ പാലം കടക്കാന്‍ നായ തുണയാകുമെന്നാണ് സങ്കല്‍പ്പം. മൂന്ന് സഹസ്രാബ്ദങ്ങളായി ഇവരുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പോലും നായകള്‍ക്ക് വലിയൊരു സ്ഥാനമുണ്ട്... അത്രയേറെ പവിത്രമായ ഒരു മൃഗത്തെ, ഒരു ദാക്ഷീണ്യവുമില്ലാതെ കൊന്നു തള്ളുന്നതിനെതിരെ അവര്‍ രംഗത്തെത്തിയത് തികച്ചും സ്വാഭാവികമായിരുന്നു.
ജൂണ്‍ ആറ്, പാഴ്‌സികള്‍ക്ക് വളരെ വിശേഷപ്പെട്ട ഒരു പുണ്യദിവസമാണ്. ആ ദിവസം നായ്ക്കളെ കൊല്ലരുതെന്ന് അവര്‍ അധികാരികളോട് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അവരുടെ അഭ്യര്‍ത്ഥന ഒട്ടും മാനിക്കാതെ, ഒരു കൂട്ടം പൊലീസുകാരും പട്ടിപിടിത്തക്കാരും നായ്ക്കളെ തിരഞ്ഞിറങ്ങി.
ഇതോടെ പ്രകോപിതരായ ഒരു കൂട്ടം പാര്‍സികള്‍ നായ്ക്കളെ പിടിക്കുന്നവരെ ആക്രമിക്കുകയും, നായകളെ കൊല്ലുന്നത് തടയണമെന്ന് ആവശ്യപ്പെട്ട്, ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ കൂടുതലായി താമസിച്ചിരുന്ന, ഫോര്‍ട്ട് മേഖലയിലെ പോലീസ് സ്റ്റേഷനും, ഹൈക്കോടതിക്കും മുന്നില്‍ വടികളും കല്ലുകളുമായി ഇരുനൂറോളം പേര്‍ തടിച്ചുകൂടി. നായ്ക്കളെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ട് യൂറോപ്യന്‍ കോണ്‍സ്റ്റബിള്‍മാര്‍ക്ക് നേരെയും ആക്രമണമുണ്ടായി.
തൊട്ടടുത്ത ദിവസം പാര്‍സി സമൂഹം നഗരത്തില്‍ സമ്പൂര്‍ണ്ണ പണിമുടക്ക് പ്രഖ്യാപിച്ചു! പാഴ്‌സികളുടെ ഈ ജനകീയ പ്രതിഷേധത്തിനൊപ്പം ബോംബെയിലെ ഹിന്ദുക്കളും മുസ്ലീങ്ങളും ജൈനരുമെല്ലാം അണിചേര്‍ന്നു. ഭേണ്ടി ബസാറിലെയും എസ്പ്ലനേഡിലെയും കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായി അടഞ്ഞുകിടന്നു. തെരുവുകളില്‍ പ്രതിഷേധക്കാര്‍ വണ്ടികള്‍ തടഞ്ഞു. ചീഫ് ജസ്റ്റിസ് സര്‍ ജെ. ഡബ്ല്യു. ഓഡ്രിയുടെ വാഹനത്തിനു നേരെ കല്ലുകളും മാലിന്യങ്ങളും ചത്ത എലികളേയും എറിഞ്ഞു!
മൂവായിരത്തോളം പ്രതിഷേധക്കാരാണ് ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ അന്ന് തെരുവിലിറങ്ങിയത്... ഗവേഷകയായ ജെസ്സി പാല്‍സെറ്റിയയുടെ 'മാഡ് ഡോഗ്‌സ് ആന്‍ഡ് പാര്‍സിസ്' എന്ന പ്രബന്ധത്തില്‍ ഈ കലാപത്തെ കുറിച്ച് വിശദമായി പറയുന്നുണ്ട്. തുറമുഖത്ത് കപ്പലുകളില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുന്നത് അവര്‍ തടഞ്ഞു. പട്ടാളത്താവളത്തിലേക്ക് ഭക്ഷണവും വെള്ളവും മറ്റ് സാധനങ്ങളും എത്തിക്കുന്നത് തടയാന്‍ പാര്‍സികള്‍ ജനക്കൂട്ടത്തെ സംഘടിപ്പിക്കുകയും, അഞ്ഞൂറോളം വരുന്ന സംഘം പോലീസ് ഓഫീസ് വളയുകയും ചെയ്തു.
ബ്രിട്ടീഷുകാര്‍ക്കാണെങ്കില്‍ ഇത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പിന്തിരിയാനുള്ള പൊലീസിന്റെ ആവശ്യം ആള്‍ക്കൂട്ടം കേള്‍ക്കാതായതോടെ അവര്‍ സൈന്യത്തെ ഇറക്കി. പ്രതിഷേധത്തിനെതിരെ 1715-ലെ 'കലാപ നിയമം' പ്രഖ്യാപിച്ചു. നേതാക്കളില്‍ പലരേയും അറസ്റ്റ് ചെയ്ത് ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. തൊട്ടടുത്ത ദിവസം, നായ്ക്കളോട് കരുണ കാണിക്കണമെന്ന് അപേക്ഷിച്ചും, അതേസമയം ബ്രിട്ടീഷുകാരോട് തങ്ങള്‍ക്കുള്ള വിശ്വസ്തത ഉറപ്പുനല്‍കിക്കൊണ്ടും, 40 പ്രമുഖ വ്യാപാരികള്‍ നയതന്ത്രപരമായി എഴുതിയ ഒരു നിവേദനം സമര്‍പ്പിച്ചു. തല്‍ക്കാലത്തേക്ക് ആ വിഷയം അവിടെ അവസാനിച്ചു.
1832 ഒക്ടോബറിലാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ, ജാമ്യത്തിലായിരുന്ന 19 പേരുടെ വിചാരണ നടക്കുന്നത്. പത്ത് പേര്‍ കുറ്റക്കാരാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. അതില്‍ അഞ്ച് പേര്‍ പാര്‍സികളായിരുന്നു. ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ പലതും അപൂര്‍ണമായിരുന്നുവെന്നും, ജഡ്ജിമാര്‍ക്കും ജൂറിക്കും ഇടയില്‍ പോലും വലിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നും പാല്‍സെറ്റിയയുടെ പ്രബന്ധത്തില്‍ പറയുന്നുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്ക് ഒരു മാസം മുതല്‍ പതിനെട്ട് മാസം വരെ തടവുശിക്ഷയും ചിലര്‍ക്ക് 2,000 രൂപ വരെ പിഴയുമാണ് ചുമത്തിയത്.
പൊതുവെ ശാന്തപ്രകൃതരും വ്യാപാരത്തില്‍ മാത്രം ശ്രദ്ധയുള്ളവരുമായി കരുതപ്പെട്ടിരുന്ന പാഴ്‌സികളുടെ ഇമേജ്, 1832 ജൂണിലെ സംഭവങ്ങളോടെ പാടെ മാറിയെന്നതാണ് വസ്തുത. ബ്രിട്ടീഷുകാരുമായുള്ള അവരുടെ ആഴത്തിലുള്ള ബന്ധത്തില്‍ ഈ സംഭവം വലിയൊരു വിള്ളലുണ്ടാക്കി. പക്ഷേ, തദ്ദേശീയരുടെ മതവികാരങ്ങളെയും ആചാരങ്ങളെയും വ്രണപ്പെടുത്തരുത് എന്ന വിലപ്പെട്ട പാഠം ബ്രിട്ടീഷുകാര്‍ ആദ്യമായി പഠിച്ചത് ഈ കലാപത്തിലൂടെയാണ്.
എന്നിട്ടും, ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, 1857-ലെ സിപായി ലഹളയിലൂടെ ഈ പാഠം അവര്‍ക്ക് ഒരിക്കല്‍ക്കൂടി പഠിക്കേണ്ടി വന്നു. ഈ നായസംരക്ഷണ പ്രതിഷേധം, രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ളതല്ലാത്തതിനാലും,,, ആര്‍ക്കും ജീവന്‍ നഷ്ടപ്പെടാത്തതിനാലും അറസ്റ്റിലായ ഭൂരിഭാഗം പേരെയും പിന്നീട് വിട്ടയക്കുകയായിരുന്നു. പക്ഷേ, തങ്ങള്‍ക്കേറ്റ വലിയൊരു മാനക്കേടാകുമെന്ന് കരുതിയിട്ടാകാം, നായ്ക്കള്‍ക്കെതിരെയുള്ള ആ കരിനിയമം പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ ബ്രിട്ടീഷുകാര്‍ തയ്യാറായില്ല.
പകരം, തെരുവ് നായ്ക്കളെ ഭാവ്നഗര്‍ പോലുള്ള ദൂരസ്ഥലങ്ങളിലേക്ക് നാടുകടത്താനായിരുന്നു അവരുടെ ശ്രമം. എങ്കിലും, പാഴ്‌സികളുടെ ശക്തമായ കേന്ദ്രമായിരുന്ന പൂനെയില്‍ നായ നിയന്ത്രണ നിയമം പൂര്‍ണ്ണമായും എടുത്തുമാറ്റാന്‍ അവര്‍ നിര്‍ബന്ധിതരായി.