

വര്‍ഷം 1985, സോവിയറ്റ് യൂണിയനില്‍ സിഐഎ നിയോഗിച്ച ഏജന്റുമാര്‍ ഒന്നൊന്നായി അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്നു. ചിലര്‍ കൊല്ലപ്പെട്ടു. മറ്റ് ചിലര്‍ ഒരു അടയാളം പോലും അവശേഷിപ്പിക്കാതെ എങ്ങോട്ടോ അപ്രത്യക്ഷരായി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ വാഷിങ്ടണിലെ ഉന്നത ഉദ്യോഗസ്ഥര്‍ അങ്കലാപ്പിലായി. വര്‍ഷങ്ങളോളം ആ അങ്കലാപ്പ് തുടര്‍ന്നു.
ഇതേസമയം, അങ്ങ് മോസ്‌കോയില്‍ റഷ്യന്‍ ചാര സംഘടനയായ കെജിബിയില്‍ പ്രവര്‍ത്തിക്കുന്ന ഒലെഗ് ഗോര്‍ഡീവ്‌സ്‌കി പിടിയിലാകുന്നു. വര്‍ഷങ്ങളായി അയാള്‍ രഹസ്യമായി ബ്രിട്ടീഷ് ചാര സംഘടനയായ എം16 ന് വേണ്ടി ജോലി ചെയ്യുന്ന ഡബിള്‍ ഏജന്റായിരുന്നു.
സോവിയറ്റ് യൂണിയന്‍ ഉദ്യോഗസ്ഥര്‍ അയാള്‍ക്ക് മയക്കുമരുന്ന് നല്‍കി അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തു. തളര്‍ന്ന് അവശനായ ഒലെഗിനെ ഒരു കാറിന്റെ ഡിക്കിക്കുള്ളില്‍ ഒളിപ്പിച്ച് MI6 സോവിയറ്റ് യൂണിയനില്‍ നിന്ന് കടത്തിയതോടെയാണ് അയാള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും ഒലെഗിന്റെ മനസ്സില്‍ ഒരു ചോദ്യം മാത്രം ബാക്കിയായി. എവിടെയാണ് തനിക്ക് പിഴച്ചത്? ആ ചോദ്യത്തിന് അയാള്‍ക്ക് ഉത്തരം കിട്ടുന്നത് ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്. ഒമ്പത് വര്‍ഷം, തന്നെ ചതിച്ചയാള്‍ ആരാണെന്ന് ഒലെഗ് അന്വേഷിച്ചു കൊണ്ടിരുന്നു.
1994 ഏപ്രില്‍ 28, യുഎസിലെ കോടതി മുറിയില്‍ നീളന്‍ കയ്യന്‍ ഷേര്‍ട്ട് ധരിച്ച, കണ്ണടയിട്ട, ബ്രേക്കിങ് ബാഡിലെ വാള്‍ട്ടര്‍ വൈറ്റിനെ പോലെ ശാന്തനായ മനുഷ്യന്‍ നിവര്‍ന്നു നിന്നു. സിഐഐയുടെ ഏജന്റുമാരെ ഒറ്റിയത് താനാണെന്ന് അയാള്‍ കുറ്റസമ്മതം നടത്തി.
നീണ്ട ഒമ്പത് വര്‍ഷത്തോളം സോവിയറ്റ് യൂണിയന് രഹസ്യങ്ങള്‍ വിറ്റ ആല്‍ഡ്രിച്ച് ആംസ്. സിഐഐയുടെ ചരിത്രത്തില്‍ അവര്‍ നേരിട്ട ഏറ്റവും വലിയ ചതിയുടെ പേരാണ് ആല്‍ഡ്രിച്ച് ആംസ്. കെജിബിക്കുള്ളില്‍ കൊലോകോള്‍ എന്നായിരുന്നു ആല്‍ഡ്രിച്ച് ആംസിന്റെ വിളിപ്പേര്. സിഐഎക്കു വേണ്ടി ചാരപ്പണി ചെയ്തിരുന്ന മുപ്പതിലധികം ഏജന്റുമാരുടെ വിവരങ്ങള്‍ ഒമ്പത് വര്‍ഷത്തിനുള്ളില്‍ കൊലോകോള്‍ കെജിബിക്ക് ചോര്‍ത്തി നല്‍കി. നൂറിലധികം രഹസ്യ ഓപ്പറേഷനുകള്‍ തകര്‍ത്തു. കുറഞ്ഞത് പത്ത് സിഐഎ ഏജന്റുമാരെ ഒറ്റി കൊലയ്ക്ക് കൂട്ടു നിന്നു. ഇതില്‍ 20 വര്‍ഷത്തിലേറെയായി സിഐഎയ്ക്ക് വിവരങ്ങള്‍ നല്‍കിയ സോവിയറ്റ് രഹസ്യാന്വേഷണ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജനറല്‍ ദിമിത്രി പൊളിയാക്കോവും ഉള്‍പ്പെടും. ആംസ് വരുത്തിവെച്ച നാശനഷ്ടങ്ങള്‍ അവിശ്വസനീയതോടെ നോക്കി നില്‍ക്കാന്‍ മാത്രമേ വാഷിങ്ടണിന് കഴിഞ്ഞുള്ളൂ.
അമേരിക്കയോടുള്ള രാഷ്ട്രീയപരമായ വിയോജിപ്പുകളൊന്നുമായിരുന്നില്ല, ആംസിനെ കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്. പണം, പണം മാത്രമായിരുന്നു ലക്ഷ്യം. ചാരപ്പണിക്ക് സോവിയറ്റ് യൂണിയനില്‍ നിന്ന് ഏകദേശം 4.6 മില്യണ്‍ ഡോളറാണ് ആല്‍ഡ്രിച്ച് ആംസ് കൈപ്പറ്റിയത്. ഒരു സോവിയറ്റ് ചാരന് ലഭിച്ചതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന തുക.
ദി റൈസ് ഓഫ് ആല്‍ഡ്രിച്ച് ആംസ്
സിഐഎയിലെ മികച്ച ഉദ്യോഗസ്ഥനായിരുന്നില്ല ആല്‍ഡ്രിച്ച് ആംസ്. കരിയറിന്റെ തുടക്കത്തില്‍ ലഭിച്ച ദൗത്യങ്ങളില്‍ അയാള്‍ ശോഭിച്ചിരുന്നില്ല. സിഐഎ ഉദ്യോഗസ്ഥനായിരുന്ന പിതാവിനെ പോലെ സ്ഥിരം മദ്യപാനി. അച്ചടക്കവും ഉത്തരവാദിത്തവും ഇല്ലാത്ത മോശം ഉദ്യോഗസ്ഥന്‍ എന്ന പേര് വളരെ പെട്ടെന്നു തന്നെ അയാള്‍ സമ്പാദിച്ചു. ഒരിക്കല്‍ സിഐഎയുടെ രഹസ്യ രേഖകള്‍ സൂക്ഷിച്ച ബ്രീഫ് കേസ് സബ് വേയില്‍ മറന്നുവെക്കുക പോലും ചെയ്തു. പക്ഷെ, എങ്ങനെയൊക്കെയോ ഉദ്യോഗത്തില്‍ അയാള്‍ ഉയര്‍ച്ചകള്‍ നേടിക്കൊണ്ടിരുന്നു.
സംശയിക്കുന്ന കരിയര്‍ഗ്രാഫായിരുന്നിട്ടും 1985 ല്‍ സിഐഎയുടെ സോവിയറ്റ് കൗണ്ടര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ തലവനായി ആംസ് നിയമിക്കപ്പെട്ടു. ഏജന്‍സിയുടെ ഏറ്റവും വലിയ രഹസ്യങ്ങളിലേക്ക് നിയന്ത്രണങ്ങളില്ലാത്ത പ്രവേശനമായിരുന്നു ഈ പദവി ആംസിന് നല്‍കിയത്.
ഈ സമയം തന്നെയാണ് ആദ്യ ഭാര്യയുമായുള്ള ആംസിന്റെ വിവാഹ മോചനം നടക്കുന്നതും റൊസാരിയോ എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നതും. ചെലവേറിയ വിവാഹമോചനവും ആഢംബര പൂര്‍ണമായ രണ്ടാം വിവാഹവും തുടര്‍ന്നുള്ള ആഢംബര ജീവിതവും ആംസിന് വലിയ സാമ്പത്തിക ബാധ്യതകളുണ്ടാക്കി.
സിഐഐയിലെ ഉന്നത പദവി കൊണ്ടൊന്നും വീട്ടാനാകാത്ത ആ ബാധ്യതകള്‍ തീര്‍ക്കാന്‍ എന്തെങ്കിലും എക്‌സ്ട്രാ വരുമാനം വേണം. അങ്ങനെ, മദ്യം നല്‍കിയ ധൈര്യത്തില്‍ അയാള്‍ വാഷിംഗ്ടണിലെ സോവിയറ്റ് എംബസിയിലേക്ക് നടന്നു കയറി. അയാളുടെ കയ്യില്‍ സോവിയറ്റ് യൂണിയനുള്ളില്‍ സിഐഎയ്ക്ക് വേണ്ടി രഹസ്യമായി ജോലി ചെയ്യുന്ന ഏജന്റുമാരുടെ പേരുകള്‍ അടങ്ങിയ ഒരു കവറുമുണ്ടായിരുന്നു. അമ്പതിനായിരം ഡോളറിനാണ് ആ രഹസ്യം ആംസ് വിറ്റത്.
അതായിരുന്നു തുടക്കം. വെറും അമ്പതിനായിരത്തില്‍ തുടങ്ങിയ ഡീല്‍ പിന്നീട് ദശലക്ഷക്കണക്കിന് പ്രതിഫലം ലഭിക്കുന്ന വലിയ രഹസ്യ കൈമാറ്റങ്ങളിലേക്ക് നയിച്ചു. ഓരോ വട്ടവും പിടിക്കപ്പെടാതിരുന്നപ്പോള്‍ അയാള്‍ക്ക് കൂടുതല്‍ ധൈര്യം ലഭിച്ചു കാണും.
ആംസിന്റെ ചതിയുടെ അനന്തരഫലം സിഐഎയ്ക്ക് വളരെ പെട്ടെന്ന് തന്നെ കിട്ടിത്തുടങ്ങി. 85 ല്‍ തന്നെ സിഐഎയുമായി സഹകരിച്ചിരുന്ന സോവിയറ്റ് ഏജന്റുമാരെ കാണാതായി തുടങ്ങി. ഓരോരുത്തരെയായി സോവിയറ്റ് യൂണിയന്‍ പിടിക്കുകയും പീഡിപ്പിക്കുകയും കൊലപ്പെടുത്താനും തുടങ്ങി.
ഏകദേശം ഒരു പതിറ്റാണ്ടോളം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇന്റലിജന്‍സ് വീഴ്ച അവരുടെ ഇടനാഴിയില്‍ നടന്നു കൊണ്ടിരുന്നു. സോവിയറ്റ് യൂണിയന് രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ചാരനെ കണ്ടെത്താന്‍ സിഐഎ ആകാശവും ഭൂമിയും തലകീഴാക്കി പരിശോധന നടത്തുമ്പോള്‍ അവരുടെ കണ്‍മുന്നില്‍ ആംസ് ആഢംബര വാഹനവും ഭാര്യയുടെ കോസ്മറ്റിക് സര്‍ജറിക്കായി വലിയ തുക ചെലവഴിക്കുകയും, ആര്‍ലിംഗ്ടണില്‍ 5,40,000 ഡോളര്‍ വിലമതിക്കുന്ന വീട്ടിലേക്ക് താമസം മാറുകയുമായിരുന്നു. മാസം വെറും 60,000 ഡോളര്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഓഫീസര്‍ക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് വെറുതേ പോലും ആരും ചിന്തിച്ചില്ലേ എന്നോര്‍ത്താല്‍ തമാശയാണ്.
ദി ഫോള്‍ ഓഫ് ആല്‍ഡ്രിച്ച് ആംസ്
അമേരിക്കയുടെ അത്യാധുനിക രഹസ്യാന്വേഷണ സംവിധാനങ്ങളിലൂടെയായിരുന്നില്ല ആംസ് പിടിക്കപ്പെട്ടത്. എത്ര വിദഗ്ധമായി മറച്ചുവെച്ചാലും തെളിവിന്റെ എന്തെങ്കിലും ഒരു അടയാളം എല്ലാ കുറ്റവാളികളും അവശേഷിപ്പിക്കുമെന്ന തീയറി തന്നെയാണ് ആംസിനേയും കുടുക്കിയത്. ഒരു തപാല്‍ പെട്ടിയിലെ ചോക്ക് മാര്‍ക്ക്.... അതായിരുന്നു ആംസിന്റെ ഇരട്ട വ്യക്തിത്വം അവസാനിപ്പിച്ചത്. രഹസ്യ രേഖകള്‍ കൈമാറേണ്ട സമയത്ത് വാഷിങ്ടണ്‍ ഡിസിയിലെ ഒരു പോസ്റ്റ് ബോക്‌സില്‍ ആംസ് ചോക്ക് കൊണ്ട് അടയാളമിടും. അതായിരുന്നു സിഗ്നല്‍, അന്ന് രാത്രി രേഖകള്‍ കൈമാറും.
90 കളുടെ തുടക്കമായപ്പോഴേക്കും സിഐഎക്കും എഫ്ബിഐക്കും ആംസില്‍ ചില സംശയങ്ങളൊക്കെ തോന്നിത്തുടങ്ങി. അയാളുടെ ആഡംബര ജീവിതം തന്നെയായിരുന്നു ആ സംശയങ്ങള്‍ക്ക് കാരണവും. അങ്ങനെ നീണ്ട കാലത്തെ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ 1994 ഫെബ്രുവരി 21-ന് വിര്‍ജീനിയയിലെ ആര്‍ലിംഗ്ടണിലുള്ള വീടിന് പുറത്തുവെച്ച് ആല്‍ഡ്രിച്ച് ആംസും ഭാര്യ റൊസാരിയോയും അറസ്റ്റ് ചെയ്യപ്പെട്ടു.
അഞ്ച് വര്‍ഷം കൊണ്ട് റൊസാരിയോയുടെ തടവ് ശിക്ഷ പൂര്‍ത്തിയായി. പരോള്‍ പോലുമില്ലാത്ത ജീവപര്യന്തം തടവായിരുന്നു യുഎസ് കോടതി ആംസിന് വിധിച്ചത്. എയ്മ്‌സ് മെരിലാന്‍ഡിലെ ജയിലിലായിരുന്ന ആംസ് 2026 ജനുവരി 5 ന് 84ാം വയസിലാണ് മരണപ്പെടുന്നത്.
പിടിക്കപ്പെട്ടതിലായിരുന്നു അയാള്‍ക്ക് നിരാശ, അല്ലാതെ ഒരു ചാരനായതിലല്ല എന്നാണ് ആല്‍ഡ്രിച്ച് ആംസിനെക്കുറിച്ച് എഫ്ബിഐ ഏജന്റായ ലെസ്ലി വൈസര്‍ പറഞ്ഞത്. അപ്പോഴും ഒരു ചോദ്യം മാത്രം ബാക്കിയാണ്, മദ്യപാനവും അലസതയും ഉണ്ടായിരുന്നിട്ടും ഇത്രയും നിര്‍ണ്ണായകമായ പദവിയിലിരുന്ന് ആംസ് നടത്തിയ ചാരപ്രവര്‍ത്തി ലോകത്തിലെ ഏറ്റവും വലിയ ഇന്റലിജന്‍സ് സംവിധാനം എങ്ങനെ അറിയാതെ പോയി?