
ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അവതരിപ്പിച്ച 20 ഇന പദ്ധതിയിൽ, അദ്ദേഹത്തിന്‍റെ പേരിനു പുറമേ പ്രത്യക്ഷപ്പെടുന്ന ഏക പേര് ടോണി ബ്ലെയര്‍ എന്നാണ്. യുകെ മുൻ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയർ. നോര്‍ത്ത് അയർലണ്ടിലെ പതിറ്റാണ്ടുകള്‍ നീണ്ട മത-വിഭാഗീയ സംഘർഷങ്ങൾക്ക് അവസാനം കുറിച്ച 1998ലെ സമാധാന ഉടമ്പടിയുടെ സൂത്രധാരനായിരുന്ന വ്യക്തി. പിന്നീട് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തിന്‍റെ മിഡിൽ ഈസ്റ്റ് സമാധാന പ്രതിനിധിയായും സേവനമനുഷ്ഠിച്ചു. സജീവ രാഷ്ട്രീയത്തില്‍ നിന്നും വിടവാങ്ങിയ ബ്ലെയര്‍ ലണ്ടനില്‍ ടോണി ബ്ലെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബര്‍ ചേയ്ഞ്ച് എന്ന എന്ന തിങ്ക്ടാങ്ക് നടത്തുന്നുണ്ട്.
72 കാരനായ ടോണി ബ്ലെയര്‍ യുകെ രാഷ്ട്രീയത്തില്‍ കത്തിനിന്ന കാലത്ത് ഒരിക്കലും വിവാദത്തില്‍ നിന്നും മുക്തനായിരുന്നില്ല. 2003-ൽ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് നയിച്ച അമേരിക്കൻ നേതൃത്വത്തിലുള്ള ഇറാഖ് അധിനിവേശത്തിൽ ചേർന്ന തീരുമാനത്താൽ ബ്ലെയർ യുകെയിലും അന്താരാഷ്ട്ര തലത്തിലും വ്യാപകമായി വിമർശിക്കപ്പെട്ടു. അന്ന് ഇറാഖിന്‍റെ കൈയ്യില്‍ വിനാശകരമായ ആയുധങ്ങള്‍ ഉണ്ടെന്ന യുഎസ് വാദത്തിന് തെളിവായി വന്നിരുന്ന യുകെ രേഖകള്‍ വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.
യുഎസിന്റെ ഇറാഖ് അധിനിവേശം ഏകദേശം രണ്ട് ലക്ഷം സാധാരണ പൗരന്മാരുടെ മരണത്തിനും, ആധുനിക ബ്രിട്ടീഷ് ചരിത്രത്തിലെ തെരുവിലെ ഏറ്റവും വലിയ പ്രതിഷേധങ്ങൾക്കും കാരണമായി. പത്ത് കൊല്ലത്തോളം ബ്രിട്ടീഷ് പ്രധാനമന്ത്രി എന്ന അധികാരത്തിൽ ആയിരുന്ന ടോണി ബ്ലെയറുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. ഇപ്സോസ് (Ipsos) അന്ന് നടത്തിയ സര്‍വേയില്‍ ആധുനിക ബ്രിട്ടീഷ് ചരിത്രത്തിൽ മറ്റ് ഏതൊരു പ്രധാനമന്ത്രിയും നേരിടാത്ത ജനപ്രീതി ഇടിവാണ് ടോണി നേരിട്ടത്.
2016-ൽ ബ്രിട്ടൻ സർക്കാർ നടത്തിയ അന്വേഷണത്തിൽ ഇറാഖ് അധിനിവേശത്തിൽ പങ്കുചേരാനുള്ള ബ്ലെയറിന്റെ തീരുമാനം പെട്ടെന്ന് എടുത്തതും തെറ്റായ ഇന്‍റലിജന്‍സ് വിവരത്തെ ആശ്രയിച്ചതുമാണെന്ന് കണ്ടെത്തി. തുടർന്ന് ടോണി ബ്ലെയര്‍ പൊതുമാപ്പ് പറഞ്ഞു. “നിങ്ങൾ ഒരിക്കലും വിശ്വസിക്കാന്‍ കഴിയാത്തത്ര ദുഃഖത്തോടെയും ഖേദത്തോടെയും ഞാന്‍ മാപ്പ് പറയുന്നു” എന്നായിരുന്നു കണ്ണുകള്‍ നിറഞ്ഞ് ടോണി ബ്ലെയര്‍ അന്ന് പറഞ്ഞത്.
ഇപ്പോൾ, ഗാസയില്‍ 60,000ലധികം മരണങ്ങള്‍ സംഭവിച്ച വിനാശകരമായ യുദ്ധം ആരംഭിച്ച് ഏകദേശം രണ്ട് വർഷം പിന്നിടുമ്പോൾ, ബ്ലെയർ മറ്റൊരു അമേരിക്കൻ പ്രസിഡന്റിനൊപ്പം വീണ്ടും രംഗത്തിറങ്ങാനൊരുങ്ങുന്നു എന്നത് കൗതുകമാണ്.
ട്രംപിന്‍റെ പ്ലാനിലെ ബ്ലെയര്‍
ട്രംപിന്റെ പുതിയ ഗാസാ പദ്ധതിയിൽ, അമേരിക്കൻ പ്രസിഡന്റ് തന്നെ അധ്യക്ഷനായിരിക്കുന്ന ഒരു ബോർഡ് ഓഫ് പീസ് എന്ന സംവിധാനം ഉണ്ടായിരിക്കും. ആ ബോർഡിൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള അത്യന്തം പ്രശസ്തരായ നേതാക്കളെയും ഉൾപ്പെടുത്തുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതില്‍ ട്രംപ് പേരെടുത്ത് പരാമർശിച്ച ഏക വ്യക്തി ബ്ലെയറായിരുന്നു.
ട്രംപിന്‍റെ ഗാസ പദ്ധതിയെ ബ്ലെയര്‍ ഒരു പ്രസ്താവനയിൽ, 'ഉറച്ചതും, ബുദ്ധിപരമായതും' എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം ബ്ലെയറുടെ പേര് ഈ പദ്ധതിയുടെ ഭാഗമായത് വെറുതെയല്ല എന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പറയുന്നത്. ട്രംപിന് വേണ്ടി ഈ പദ്ധതി രൂപപ്പെടുത്തുന്നതില്‍ ബ്ലെയറിന്‍റെ തിങ്ക് ടാങ്ക് ടോണി ബ്ലെയര്‍ ഇന്‍സ്റ്റ്യൂട്ട് ഫോര്‍ ഗ്ലോബര്‍ ചേയ്ഞ്ച് കുറച്ചുകാലമായി പ്രവര്‍ത്തിക്കുന്നുണ്ട്.
അടുത്തിടെ ടോണി ബ്ലെയര്‍ ഒന്നു രണ്ട് തവണ വൈറ്റ് ഹൗസില്‍ എത്തുകയും ട്രംപിന്‍റെ ഗാസ പദ്ധതി നോക്കുന്ന ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാരെഡ് കുഷ്‌നർ ഉൾപ്പെടെയുള്ള വ്യക്തികളുമായി ഗാസയെക്കുറിച്ചുള്ള ചർച്ചകൾ നടത്തുകയായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.
പലസ്തീനികളുടെ നിലപാട്
ട്രംപിന്റെ ഗാസയ്ക്കുള്ള 20 ഇന പദ്ധതി ഭാഗികമായി ഇപ്പോള്‍ ഹമാസ് അംഗീകരിച്ചു കഴിഞ്ഞു. എന്നാല്‍ ഗാസയുടെ ഭാവിയിൽ ബ്ലെയറിന്റെ പങ്കിനെക്കുറിച്ചും പലസ്തീനികളോട് യാതൊരു ആലോചനയും നടന്നിട്ടില്ല എന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്.
ബുധനാഴ്ച, ഉന്നത പലസ്തീൻ ഉദ്യോഗസ്ഥനായ ഒമർ അവദല്ല താൻ ട്രംപിന്റെ ശ്രമങ്ങളെ “സ്വാഗതം ചെയ്യുന്നു ” എന്നും എന്നാല്‍ പദ്ധതിയുടെ വിശദാംശങ്ങളെക്കുറിച്ച് കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് കരുതുന്നുണ്ടെന്നുമാണ് എന്‍പിആര്‍ എന്ന മാധ്യമത്തോട് പറഞ്ഞത്.
“ഗാസയിലെ രക്തച്ചൊരിച്ചിലിന് അവസാനം വരുത്താനുള്ള അവസരമായി ഞങ്ങൾ ഇത് കാണുന്നതിനാൽ, എല്ലാ പലസ്തീനികളും ട്രംപിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യണം” എന്ന് പലസ്തീൻ അതോറിറ്റിയുടെ ഉപ വിദേശകാര്യ മന്ത്രിയായ അവദല്ല പറഞ്ഞു. “ സർക്കാർ അല്ലെങ്കിൽ പരിവർത്തന കമ്മിറ്റിയെ കുറിച്ച് പറഞ്ഞാൽ, ഇതിന്റെ ഘടനയും വിശദാംശങ്ങളും സംബന്ധിച്ച് കൂടുതൽ സംഭാഷണം ആവശ്യമാണെന്ന് ഞാൻ കരുതുന്നു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതി പ്രകാരം, യുദ്ധവിരാമത്തിന്റെ ആരംഭത്തിൽ ഹമാസ് എല്ലാ ഇസ്രയേൽ തടവുകാരെയും വിട്ടയയ്ക്കണം — അതിനുശേഷം മാത്രമേ ഇസ്രയേൽ കരാറിന്റെ ഏതെങ്കിലും ഘട്ടത്തിലേക്ക് കടക്കൂ എന്നാണ് വിവരം. ഈ പദ്ധതിയിൽ ഇസ്രയേൽ ഗാസയിൽ നിന്ന് പിൻവാങ്ങാനുള്ള വ്യക്തമായ സമയരേഖ നൽകിയിട്ടില്ല. പകരം അത് ആയുധനിരായുധീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഹമാസിന്‍റെ വാദം.
ചൊവ്വാഴ്ച ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത് പ്രകാരം, ഹമാസിന് തന്റെ പദ്ധതിക്ക് മറുപടി നൽകാൻ “മൂന്ന് മുതൽ നാല് ദിവസങ്ങൾ വരെ” സമയമാകും നൽകുക എന്നാണ് പറയുന്നത്. ഹമാസ് രാഷ്ട്രീയ ബ്യൂറോ അംഗമായ ഹുസാം ബദ്രാൻ ഇതിനകം തന്നെ ടോണി ബ്ലെയറിനെ “പിശാചിന്റെ സഹോദരൻ” എന്നാണ് വിശേഷിപ്പിച്ച് അദ്ദേഹത്തിന്റെ പങ്കാളിത്തത്തെ ശക്തമായി വിമർശിച്ചതുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
“ടോണി ബ്ലെയർ പലസ്തീൻ കാരണത്തിന് അനുയോജ്യനായ വ്യക്തിയല്ല, അതിനാൽ അദ്ദേഹവുമായി ബന്ധപ്പെട്ട ഏത് പദ്ധതിയും പലസ്തീൻ ജനതയ്ക്ക് ദൗർഭാഗ്യകരമായതാണ്” എന്ന് ബദ്രാൻ അൽ ജസീറയോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. പലസ്തീനുമായി ബന്ധപ്പെട്ട് മുമ്പ് പ്രവർത്തിച്ച അന്താരാഷ്ട്ര വ്യക്തികളും സംശയം പ്രകടപ്പിക്കുന്നുണ്ട്. അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെ ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധിയായ ഫ്രാൻസെസ്ക അൽബനീസ് സാമൂഹിക മാധ്യമങ്ങളില്‍ ടോണി ബ്ലെയറെ അംഗീകരിക്കാന്‍ കഴിയില്ല എന്ന പ്രതികരണമാണ് നടത്തിയത്.
ബ്ലെയറിനോടുള്ള അന്താരാഷ്ട്ര സമീപനം
ഇറാഖ് സംബന്ധിച്ച ബ്ലെയറിന്റെ തീരുമാനങ്ങൾ ഇന്നും അദ്ദേഹത്തിന്റെ ബ്രിട്ടനിലെ പ്രതിച്ഛായയെ വളരെ വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. യുകെയിലെ പോളിംഗ് സ്ഥാപനമായ യുജിവിഒ നടത്തിയ സർവേ പ്രകാരം 43% ബ്രിട്ടനുകാർക്ക് ബ്ലെയറിനെ ഇഷ്ടമില്ല, 25% പേർക്ക് അദ്ദേഹത്തെപ്പറ്റി അനുകൂല അഭിപ്രായവുമുണ്ട്, 26% പേർ നിഷ്പക്ഷരാണ്.
ഈ ആഴ്ച ബിബിസി ഗാസ പദ്ധതികളിൽ ബ്ലെയറിന്റെ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബ്രിട്ടീഷ് എഴുത്തുകാരിയും രാഷ്ട്രീയ ചിന്തകയും പ്രഭാഷകയുമായ ആഷ് സർകാറിനോട് ചോദിച്ചപ്പോൾ, ചെകുത്താനെ കിട്ടാത്തത് കൊണ്ടാണ് ഇദ്ദേഹത്തെ ഒപ്പം കൂട്ടിയത് എന്നാണ് മറുപടി പറഞ്ഞത്.
ദി ഗാർഡിയൻ പത്രത്തിൽ എഴുതിയ ഒരു ലേഖനത്തിൽ യുദ്ധാനന്തര ഇറാഖിലും ഇസ്രയേൽ–പലസ്തീൻ പ്രദേശങ്ങളിലും യു.എസ്. സുരക്ഷാ കോർഡിനേറ്ററായി പ്രവർത്തിച്ച ജോഷ് പോൾ ഇരുവിടങ്ങളുടെയും യാഥാർത്ഥ്യങ്ങളുമായി ബ്ലെയറിന്റെ നിലപാടുകളും നയങ്ങളും പൊരുത്തപ്പെടില്ലെന്ന് വ്യക്തമാക്കി. ഗാസയ്ക്കായി “കുഷ്‌നർ–ബ്ലെയർ പദ്ധതി” എന്നറിയപ്പെടുന്ന ഈ നീക്കം മദ്ധ്യപൂർവദേശത്ത് പാശ്ചാത്യ ശക്തികൾ അടിച്ചേൽപ്പിക്കുന്ന “പാശ്ചാത്യ അധിനിവേശ സർക്കാർ” ആയി കാണപ്പെടുമെന്നും അദ്ദേഹം പറയുന്നു.
സമാധാനം കൊണ്ടുവരാന്‍ ബ്ലെയര്‍ പ്രാപ്തനോ?
ഗാസയില്‍ താന്‍ ഏതെങ്കിലും തരത്തില്‍ ഇടപെടുന്നുണ്ട് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല ടോണി ബ്ലെയര്‍. എന്നാൽ അദ്ദേഹത്തിന്റെ മുൻ രാഷ്ട്രീയ സെക്രട്ടറിയായ ജോൺ മക്റ്റേർനൻ ഒരു ബ്രിട്ടീഷ് മാധ്യമത്തോട് ഇപ്പോള്‍ ഗാസ വിഷയത്തില് ഉയരുന്ന വിമര്‍ശനങ്ങള്‍ ബ്ലെയർ അവഗണിക്കുകയും മുന്നോട്ട് പോവുകയും ചെയ്യും എന്നാണ് പറയുന്നത്. കൂടാതെ ഗാസയിൽ താൻ സഹായകരമാകും എന്ന ആത്മവിശ്വാസവും അദ്ദേഹത്തിനുണ്ടെന്നും ജോൺ മക്റ്റേർനൻ പറയുന്നു.
“അദ്ദേഹം ബ്രിട്ടനും അയർലൻഡിനും ഇടയിൽ 800 വർഷം നീണ്ടു നിന്ന സംഘർഷം അവസാനിപ്പിച്ചു. അതിനാൽ സമാധാന പ്രക്രിയ നടപ്പിലാക്കാനും ചർച്ചകൾ നടത്താനും അറിയുന്ന ഒരാളാണ് അദ്ദേഹം.” ജോൺ മക്റ്റേർനൻ പറയുന്നു.
1997 മുതൽ 2007 വരെ യുകെ പ്രധാനമന്ത്രിയായിരുന്ന ബ്ലെയർ, ഉത്തര അയർലണ്ടിൽ പതിറ്റാണ്ടുകളായി റോമൻ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകളും തമ്മിലുള്ള മതപരമായ അക്രമസംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട സമാധാന ചർച്ചകളില്‍ വിജയം നേടിയിട്ടുണ്ട്. 1998-ൽ അദ്ദേഹം ഗുഡ് ഫ്രൈഡേ ഉടമ്പടി ഒപ്പുവെച്ചു, അത് ആ സംഘർഷത്തിന്റെ അവസാനത്തിന് കാരണമായി.
പദവി ഒഴിഞ്ഞ ശേഷം, ബ്ലെയർ ഏകദേശം എട്ട് വർഷത്തോളം ക്വാർട്ടെറ്റിന്‍റെ പ്രത്യേക പ്രതിനിധിയായി പ്രവർത്തിച്ചു — യുഎസ്, യുഎൻ, യൂറോപ്യൻ യൂണിയൻ, റഷ്യ എന്നിവരടങ്ങുന്ന സംഘമാണ് ഇത്. പ്രധാനമായും ഇസ്രയേൽ–പലസ്തീൻ സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനായിരുന്നു ശ്രമം. എന്നാൽ ആ ശ്രമം വിജയിച്ചില്ല.
വർഷങ്ങളായി ബ്ലെയർ നിരവധി ബിസിനസുകളും എന്‍ജിഒകളും നടത്തുന്നുണ്ട്. ടോണി ബ്ലെയർ അസോസിയേറ്റ്സ് , ടോണി ബ്ലെയർ സ്പോർട്സ് ഫൗണ്ടേഷൻ, ടോണി ബ്ലെയർ ഫെയ്ത് ഫൗണ്ടേഷൻ, ടോണി ബ്ലെയർ ആഫ്രിക്ക ഗവേണൻസ് ഇൻഷ്യേറ്റീവ് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇവയിൽ ഭൂരിഭാഗവും പിന്നീട് അദ്ദേഹം 2016-ൽ ലണ്ടനിൽ സ്ഥാപിച്ച ടോണി ബ്ലെയര്‍ ഇന്‍സ്റ്റ്യൂട്ട് ഫോര്‍ ഗ്ലോബര്‍ ചേയ്ഞ്ചിന്‍റെ ഭാഗമാക്കി.
എന്നാൽ ഒരു കാലത്ത് ഏറ്റവും ജനപ്രിയനായ ബ്രിട്ടീഷ് രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ നിന്നും ഇദ്ദേഹത്തിന്‍റെ എല്ലാ പ്രവർത്തനങ്ങളും ഇറാഖ് യുദ്ധത്തിലെ വന്‍ തെറ്റിന്‍റെ നിഴലിൽ മറഞ്ഞുപോയി. ഇന്നും ലോകമെമ്പാടുമുള്ള പലരും ബ്ലെയറിനെ ഒരു ക്ലീന്‍ ഇമേജ് വ്യക്തിയായി കാണുന്നില്ല. റോയിറ്റേഴ്സിന്‍റെ ഒരു റിപ്പോര്‍ട്ടില്‍ ബാഗ്ദാദില്‍ നിന്നുള്ള ഹസൻ അബ്ദുള്ള എന്ന വ്യക്തി ടോണി ബ്ലെയറുടെ ഗാസയിലെ ഇടപെടലിനെക്കുറിച്ച് പറയുന്നുണ്ട്.
“അയാള്‍ ഇറാഖിന്റെ നാശത്തിനും പ്രധാന പങ്ക് വഹിച്ചു, അതു പിന്നീട് അയാള്‍ തന്നെ തുറന്നുപറഞ്ഞിട്ടുമുണ്ട്, അതിനാൽ ഗാസ മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള വ്യക്തിയായി അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നത് നല്ല തീരുമാനം അല്ല".