ശാസ്ത്രത്തിന് മറുപടിയില്ലാത്ത ഭൂമിയിലെ രഹസ്യ ഗര്‍ജനങ്ങള്‍

ഇവിടെയുണ്ടാകുന്ന മിക്ക ശബ്ദങ്ങളും അള്‍ട്രാ ലോ-ഫ്രീക്വന്‍സി തരംഗങ്ങളാണ്. ഇത് മനുഷ്യന് കേള്‍ക്കാന്‍ സാധിക്കുന്നതല്ല
ശാസ്ത്രത്തിന് മറുപടിയില്ലാത്ത ഭൂമിയിലെ രഹസ്യ ഗര്‍ജനങ്ങള്‍
Published on

നമ്മുടെ ഭൂമിയുടെ അന്തരീക്ഷത്തില്‍, നമുക്ക് കേള്‍ക്കാന്‍ കഴിയാത്ത ഒരു ശബ്ദലോകം മറഞ്ഞിരിപ്പുണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ഭൂമിയില്‍ നിന്നും 70,000 അടി ഉയരത്തില്‍ റെക്കോര്‍ഡ് ചെയ്ത ഈ രഹസ്യ ഗര്‍ജനങ്ങള്‍ ശാസ്ത്രജ്ഞര്‍ക്കും തലവേദനയായി മാറിയിരിക്കുകയാണ്. ഇത് എന്താണ്? ഭൂമിയിലെ തന്നെ ശബ്ദങ്ങളുടെ മുഴക്കമാണോ അതോ ഭൂമിക്കു പുറത്തുനിന്ന് വരുന്ന ശബ്ദങ്ങളോ?

ഇത് കണ്ടെത്താനായി ന്യൂ മെക്‌സിക്കോ സാന്‍ഡിയ നാഷണല്‍ ലബോറട്ടറിയിലെ സീനിയര്‍ സയന്റിസ്റ്റായ ഡാനിയല്‍ ബൗമാനും സംഘവും നാസയുടെ സഹായത്തോടെയും സ്വന്തം ശ്രമങ്ങളിലൂടെയും നിരവധി പരീക്ഷണങ്ങള്‍ നടത്തി. ഭൗമാന്തരീക്ഷത്തില്‍ അഗ്നിപര്‍വത സ്‌ഫോടനങ്ങളുടെ ശബ്ദങ്ങള്‍ എങ്ങനെ മാറുമെന്ന് അറിയാന്‍ തുടങ്ങിയ പരീക്ഷണത്തില്‍ കണ്ടെത്തിയത് ഭൂമിയുടെ പുതിയ ശബ്ദങ്ങളായിരുന്നു.

ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 14.5 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ ഉയരത്തില്‍ വ്യാപിക്കുന്നതാണ് സ്ട്രാറ്റോസ്ഫിയര്‍. സൂര്യനില്‍ നിന്നുള്ള ആള്‍ട്രാവയലറ്റ് രശ്മികള്‍ തടയുന്ന ഓസോണ്‍ പാളികള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ വളരെ ശാന്തമായ മേഖലയാണിത്. ഇവിടെയുണ്ടാകുന്ന മിക്ക ശബ്ദങ്ങളും അള്‍ട്രാ ലോ-ഫ്രീക്വന്‍സി തരംഗങ്ങളാണ്. ഇത് മനുഷ്യന് കേള്‍ക്കാന്‍ സാധിക്കുന്നതല്ല. ഈ ശബ്ദങ്ങളെ കുറിച്ച് അറിയാനായി ശാസ്ത്രജ്ഞരും അമച്വറായിട്ടുള്ള ശാസ്ത്രകുതുകികളും പണ്ട് മുതലേ പരീക്ഷണങ്ങള്‍ നടത്താറുണ്ട്. 1890 മുതല്‍ തന്നെ ഇത്തരത്തിലുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ബൗമാനും സംഘവും പരീക്ഷണങ്ങള്‍ നടത്തിയത്.

ശാസ്ത്രത്തിന് മറുപടിയില്ലാത്ത ഭൂമിയിലെ രഹസ്യ ഗര്‍ജനങ്ങള്‍
ഒടിയന്‍ എന്ന കേരളത്തിന്റെ സ്വന്തം മിത്തും ജപ്പാനീസ് നിഞ്ജയും

ആദ്യഘട്ടത്തില്‍ അഗ്നിപര്‍വതങ്ങളുടെ ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനായിരുന്ന പദ്ധതി. എന്നാല്‍, കഴിഞ്ഞ അര പതിറ്റാണ്ടിനിടയില്‍ ആരും തന്നെ സ്ട്രാറ്റോസ്‌ഫെറിക് ബലൂണുകളില്‍ മൈക്രോഫോണുകള്‍ ഘടിപ്പിച്ചിട്ടില്ലെന്ന് ബൗമറും സുഹൃത്ത് ചാപല്‍ ഹില്ലും മനസ്സിലാക്കി. അങ്ങനെയാണ് സോളാര്‍ ബലൂണില്‍ മൈക്രോഫോണുകള്‍ ഘടിപ്പിച്ച് പരീക്ഷണം നടത്താന്‍ തീരുമാനിച്ചത്. യാദൃശ്ചികമായി തോന്നിയ ആശയമായിരുന്നെങ്കിലും അതിലൂടെ കണ്ടെത്തിയത് ശാസ്ത്രലോകത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഭയാനകമായ ഇതുവരെ കേള്‍ക്കാത്ത തരം പൊട്ടിത്തെറികളും ഇരമ്പങ്ങളും. ഇത് എന്തായിരിക്കും?

വലിയ പ്ലാസ്റ്റിക് ബലൂണുകള്‍ നിര്‍മ്മിച്ച് അന്തരീക്ഷത്തിലേക്ക് പറത്തിവിട്ടായിരുന്നു പരീക്ഷണം. അജ്ഞാതമായ ശബ്ദങ്ങള്‍ കണ്ടെത്താന്‍ ബൗമാനും സംഘവും ഇന്‍ഫ്രാസൗണ്ട് സെന്‍സറുകളും ചാര്‍ക്കോള്‍ പൗഡറും ചേര്‍ത്ത് 23 അടി വീതിയുള്ള പ്ലാസ്റ്റിക് ബലൂണുകള്‍ നിര്‍മിച്ചു. ഹാര്‍ഡ് വെയര്‍ ഷോപ്പുകളിലും കരിമരുന്ന് കടകളിലും ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് ബലൂണുകള്‍ നിര്‍മിച്ചത്. 70,000 അടി വരെ ഉയരത്തില്‍ വരെ ഈ ബലൂണുകള്‍ പറക്കും.

ശാസ്ത്രത്തിന് മറുപടിയില്ലാത്ത ഭൂമിയിലെ രഹസ്യ ഗര്‍ജനങ്ങള്‍
എന്താണ് സന്തോഷം? അലാസ്‌കന്‍ കാട്ടിലേക്ക് കയറിപ്പോയ ക്രിസ് മക്കാന്‍ഡ്‌ലസ് കണ്ടെത്തിയ ഉത്തരം

2016 മുതല്‍ 2023 ഏപ്രില്‍ വരെ, ബൗമാന്‍ നിരവധി ഡസന്‍ സോളാര്‍ ബലൂണുകള്‍ വിക്ഷേപിച്ചു. ഇവയില്‍ അഗ്‌നിപര്‍വ്വതങ്ങളെ നിരീക്ഷിക്കാനായി നേരത്തേ രൂപകല്‍പ്പന ചെയ്ത മൈക്രോബാരോമീറ്റര്‍ ഘടിപ്പിച്ചു. ഇവയാണ് അന്തരീക്ഷത്തിലെ ലോ-ഫ്രീക്വന്‍സി ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്തത്. ബലൂണുകള്‍ നൂറുകണക്കിന് മൈല്‍ അകലേക്ക് സഞ്ചരിച്ചു, ജിപിഎസ് ഉപയോഗിച്ചാണ് പലപ്പോഴും ഗവേഷകര്‍ ബലൂണിനെ ട്രേസ് ചെയ്തത്.

സൂര്യപ്രകാശം ആകിരണം ചെയ്ത് ബലൂണിനുള്ളിലെ വായു ചൂടാക്കി പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കാന്‍ ചാര്‍ക്കോള്‍ സഹായിക്കും. 66,000 അടി വരെ ഉയര്‍ന്ന ഈ സോളാര്‍ ബലൂണുകള്‍ ഭൂമിയുടെ ഉപരിതലത്തിലും ഭൗമാന്തര്‍ഭാഗത്തുമുള്ള രാസ സ്‌ഫോടനങ്ങളുടേയും ഇടിമുഴക്കങ്ങളുടേയും തിരമാലകളുടെയും വിമാനങ്ങളുടെ പ്രൊപ്പല്ലുകളുടെയും, നഗരങ്ങളിലെയും റോക്കറ്റ് വിക്ഷേപണങ്ങളുടേയും ഭൂകമ്പങ്ങളുടേയും ചരക്ക് ട്രെയിനുകള്‍, ജെറ്റ് വിമാനങ്ങള്‍ എന്നിവയുടെ ശബ്ദം പോലും രേഖപ്പെടുത്തി. പക്ഷെ, അതില്‍ ചില ശബ്ദങ്ങള്‍ അത് എന്താണെന്നോ എന്തില്‍ നിന്നുണ്ടായതാണെന്നോ വ്യക്തമായിരുന്നില്ല.

ശാസ്ത്രത്തിന് മറുപടിയില്ലാത്ത ഭൂമിയിലെ രഹസ്യ ഗര്‍ജനങ്ങള്‍
Curious Case Of Aokigahara | മരണം പതിയിരിക്കുന്ന കാട്; പിന്നിലെ രഹസ്യം എന്ത്?

അങ്ങനെ, അഗ്നിപര്‍വതങ്ങളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യാനായി തുടങ്ങിയ പരീക്ഷണത്തില്‍ കിട്ടിയത് അതിലും മികച്ചത്, ശാസ്ത്രലോകത്തിന് ഇന്നേവരെ മനസ്സിലാക്കാന്‍ കഴിയാത്ത രഹസ്യ ഗര്‍ജനങ്ങള്‍. ഇതുവരെ തിരിച്ചറിയാനാകാത്ത, മനുഷ്യര്‍ക്ക് കേള്‍ക്കാനാകാത്ത ഭൂമിയുടെ മുകളിലൂടെ ഒഴുകുന്ന ഒരു ശബ്ദലോകം.

ഇതുവരെയുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര നാസയുടെ ഹീലിയം ബലൂണിന്റേതായിരുന്നു. 44 ദിവസം നീണ്ടു നിന്ന യാത്രയില്‍ 19 ദിവസത്തെ ഡാറ്റകളാണ് റെക്കോര്‍ഡ് ചെയ്തത്. എന്നാല്‍ സോളാര്‍ ബലൂണുകള്‍ വേനല്‍കാലത്ത് ഏകദേശം 14 മണിക്കൂര്‍ വരെ പറന്നു. സൂര്യന്‍ അസ്തമിക്കുമ്പോള്‍ താഴേക്ക് പതിക്കും. കൂടുതല്‍ ഉയരങ്ങളിലെത്തുമ്പോള്‍ ഭൂമിയില്‍ നിന്നുണ്ടാകുന്ന ശബ്ദമലിനീകരണം കുറയുകയും ഡിറ്റക്ഷന്‍ ശ്രേണി കൂടുകയും ചെയ്യും. അതിനാല്‍ ഭൂമി മുഴുവനായി പഠനത്തിനായി തുറക്കപ്പെടും എന്നായിരുന്നു ബൗമാന്റെ കണക്കുകൂട്ടല്‍. പക്ഷേ, പരീക്ഷണം പ്രതീക്ഷതു പോലെ സുഖമമായിരുന്നില്ല. സ്ട്രാറ്റോസ്ഫിയറിലെ കടുത്ത ചൂടും തണുപ്പും, കാറ്റിന്റെ മാറ്റങ്ങളും ഗവേഷകര്‍ക്ക് പലപ്പോഴും വെല്ലുവിളിയായി.

ചിക്കാഗോയിലെ അക്കോസ്റ്റിക്കല്‍ സൊസൈറ്റി ഓഫ് അമേരിക്കയുടെ 184 ാം സമ്മേളനത്തില്‍ ബൗമര്‍ അയാളുടെ കണ്ടെത്തലുകള്‍ വിശദീകരിച്ചിട്ടുണ്ട്. വിശാലമായ സ്ട്രാറ്റോസ്ഫിയറില്‍ ഒരിടത്തു നിന്ന് മണിക്കൂറില്‍ ഇടവിട്ട് ഇന്‍ഫ്രാസൗണ്ട് സിഗ്നലുകള്‍ ലഭിക്കുന്നുണ്ട്. ഇതിന്റെ ഉറവിടം അജ്ഞാതമാണെന്നാണ് ബൗമാന്‍ പറയുന്നത്.

ഇവ അന്തരീക്ഷത്തിലുണ്ടാകുന്ന ശബ്ദമാണോ? ദൂരെയുള്ള കൊടുങ്കാറ്റിന്റെ മുഴക്കമോ? അല്ലെങ്കില്‍ ട്രെയിന്‍, വിമാനങ്ങള്‍ പോലുള്ള മനുഷ്യ നിര്‍മ്മിത വസ്തുക്കളുടെ വിദൂര ശബ്ദങ്ങളോ? ഇതൊന്നുമല്ലെങ്കില്‍ നമ്മുടെ അറിവിന് അപ്പുറത്തുള്ള എന്തെങ്കിലുമായിരിക്കുമോ?

സാന്‍ഡിയ നാഷണല്‍ ലബോറട്ടറീസിലെ ശാസ്ത്രജ്ഞയായ സാറ ആല്‍ബര്‍ട്ട് സൗണ്ട് ചാനല്‍ എന്ന പ്രതിഭാസത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്നുണ്ട്. ശബ്ദങ്ങള്‍ അന്തരീക്ഷത്തിലൂടെ കറങ്ങി തിരിച്ചെത്തുമ്പോള്‍ അത് പൂര്‍ണ്ണമായി മാറി കേള്‍ക്കാനാകാത്ത വിധം മറ്റൊന്നായി മാറിയേക്കാം എന്നതിനെ കുറിച്ചാണ് ഈ പഠനം. ഈ പ്രതിഭാസത്തെ കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ ബൗമാന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കുറച്ചു കൂടി വ്യക്തമാകുമായിരിക്കും.

അന്തരീക്ഷത്തിലെ ശബ്ദലോകത്തെ പൂര്‍ണമായി മനസ്സിലാക്കി കാലാവസ്ഥയും പ്രദേശങ്ങളേയും സീസണുകളേയും ആശ്രയിച്ച് ശബ്ദങ്ങള്‍ എങ്ങനെ മാറുന്നു എന്ന് കണ്ടെത്തുകയാണ് ബൗമാന്റെ ലക്ഷ്യം.

സ്ട്രാറ്റോസ്ഫിയറിലെ ഈ അജ്ഞാത ശബ്ദങ്ങള്‍ നമ്മള്‍ ജീവിക്കുന്ന ലോകം എത്രത്തോളം രഹസ്യങ്ങളാല്‍ നിറഞ്ഞതാണ് എന്ന് വീണ്ടും ഓര്‍മിപ്പിക്കുന്നതാണ്. എല്ലാ ഉത്തരങ്ങളും ഇപ്പോഴും കണ്ടെത്താനായിട്ടില്ല പക്ഷേ അതാണ് ശാസ്ത്രത്തിന്റെ സൗന്ദര്യം. കണ്ടെത്തലുകളുടെ യാത്ര ഒരിക്കലും അവസാനിക്കുന്നില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com