സ്മാർട്ട് ഫോണില്ലാതെ 134 ദിവസം; ചൈനയിലെ പിഎച്ച്ഡി വിദ്യാർഥി യാത്ര ചെയ്തത് 24 പ്രവശ്യകള്‍

ഹോട്ടലും ടാക്സിയും ബുക്ക് ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ബുദ്ധിമുട്ടുള്ളതായി. യാത്ര ചെയ്യുന്നിടത്തെ പല കടകളിലും കാർഡ് മെഷിനുകൾ ഇല്ലാത്തതിനാൽ എടിഎം തേടി അലയേണ്ടി വന്നു
സ്മാർട്ട് ഫോണില്ലാതെ 134 ദിവസം; ചൈനയിലെ പിഎച്ച്ഡി വിദ്യാർഥി യാത്ര ചെയ്തത് 24 പ്രവശ്യകള്‍
Published on
Updated on

ഇന്നത്തെ ലോകത്ത്, സ്മാർട്ഫോണുകൾ നമ്മുടെ ജീവിതത്തിൽ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. സ്മാർട്ടഫോൺ കൂടാതെ ഒരു ദിവസം തള്ളിനീക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. കുടുംബം, സുഹൃത്തുക്കൾ, വാർത്തകൾ, ചുറ്റും നടക്കുന്ന കാര്യങ്ങൾ എന്നിവ ബന്ധിപ്പിച്ചുകൊണ്ട് സ്മാര്‍ട്ട് ഫോണ്‍ നമുക്കിടയില്‍ ദിനംപ്രതി വിഹരിക്കുകയാണ്. എന്നാൽ, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ചിന്തിച്ച ഒരാളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. തന്‍റെ സ്മാര്‍ട്ട് ഫോണ്‍ 134 ദിവസം സ്വിച്ച് ഓഫ് ചെയ്ത് 24 പ്രവിശ്യകള്‍ സഞ്ചരിച്ച ഒരു ചൈനീസ് വിദ്യാര്‍ഥിയുടെ കഥയാണത്.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് പറയുന്നത് അനുസരിച്ച്, യാങ് ഹാവോ എന്ന പിഎച്ച്ഡി വിദ്യാർഥി തന്റെ ജന്മദേശമായ തൈയുവൻ വിട്ട് 6 മാസകാലയളവിൽ 24 പ്രവിശ്യകളും പ്രദേശങ്ങളിലും സഞ്ചരിച്ചു എന്നാണ്. ഇതിനായി വിദ്യാർഥി തന്റെ ഫോണും, ലാപ്ടോപ്പും വീട്ടിൽ തന്നെ ഉപേക്ഷിച്ചു, ഇന്റർനെറ്റ് ഇല്ലാത്ത രണ്ട് ക്യാമറകൾ മാത്രമാണ് വിദ്യാർഥി യാത്രയിൽ കൂടെ കൂട്ടിയത്.

എന്നാൽ, ഈ 'ടെക്നോളജി-ഫ്രീ' യാത്ര ഒരുപാട് ദുരിതങ്ങൾ നിറഞ്ഞതായിരുന്നു. വളരെ എളുപ്പത്തിൽ ചെയ്തുകൊണ്ടിരുന്ന പല കാര്യങ്ങളും, സ്മാർട്ട് ഫോൺ ഇല്ലാത്തതുകൊണ്ട് ബുദ്ധിമുട്ടേറിയതായി. അതായത്, ഹോട്ടലും ടാക്സിയും ബുക്ക് ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ബുദ്ധിമുട്ടുള്ളതായി. യാത്ര ചെയ്യുന്നിടത്തെ പല കടകളിലും കാർഡ് മെഷീനുകൾ ഇല്ലാത്തതിനാൽ എടിഎം തേടി അലയേണ്ടി വന്നു. എന്നാൽ, പ്രദേശവാസികളും, സഹയാത്രികരുമായുള്ള ബന്ധം യാത്ര കുറച്ചുകൂടി എളുപ്പമാക്കി മാറ്റി.

സ്മാർട്ട് ഫോണുകളുടെ നോട്ടിഫിക്കേഷനും സമൂഹമാധ്യമങ്ങളും ഇല്ലാതെ, തന്നെ സ്വയം അറിയാനുള്ള ഒരുപാട് അർത്ഥങ്ങളുള്ള യാത്രയായിരുന്നു ഇത് എന്നാണ് യാങ് ഹാവോ പറയുന്നത്. പുസ്തകം വായിച്ചും, എഴുതിയുമാണ് യാങ് ഹാവോ യാത്രയിലുള്ള തന്റെ ഒഴിവുസമയം ചെലവഴിച്ചത്. പുതിയ അനുഭവങ്ങളും തിരിച്ചറിവുകളുമായി ആറ് മാസത്തെ യാത്രക്ക് ശേഷം ഇക്കഴിഞ്ഞ ഏപ്രിലിലാണ് യാങ് ഹാവോ തിരിച്ചെത്തിയത്. തന്റെ യാത്രകളിലെഴുതിയ ആർട്ടിക്കിളും മറ്റും ഒരു പുസ്തക രൂപത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ യാങ് ഹാവോ. തന്റെ യാത്രകളിൽ ക്യാമറയിലൂടെ പകർത്തിയ ദൃശ്യങ്ങൾ ഒരു ഡോക്യുമെന്ററി ആക്കാനും യാങ് ഹാവോയ്ക്ക് പദ്ധതിയുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com