
ആന്‍റി-ഏജിങ് സ്റ്റാർട്ടപ്പായ, ബ്ലൂപ്രിന്‍റ് വിൽക്കാൻ പദ്ധതിയിടുന്നുവെന്ന് വെളിപ്പെടുത്തി യുഎസ് ബയോടെക് സംരംഭകനായ ബ്രയാൻ ജോൺസൺ. തന്‍റെ വെൽനസ് കമ്പനി ഒരു "തലവേദന"യാണെന്നും, ബിസിനസും തത്ത്വചിന്തയും ഒരുമിച്ച് കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അധികം വൈകാതെ കമ്പനി അടച്ച് പൂട്ടുകയോ, വിൽക്കുകയോ ചെയ്യുമെന്നും ബ്രയാൻ ജോൺസൺ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "ഞാൻ ഇതിനെക്കുറിച്ച് ആളുകളോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് പണമല്ല ആവശ്യം, സത്യത്തിൽ ഈ കമ്പനി ഒരു തലവേദനയാണ്" ജോൺസൺ പറഞ്ഞു.
ശരീരം പ്രായമാകുന്നത് തടയാൻ മുൻകൈ എടുത്തതോടെയാണ് ജോൺസൺ അന്താരാഷ്ട്ര പ്രശസ്തി നേടിയത്. പ്രായമാകുന്നതിന്‍റെ വേഗത കുറയുമോയെന്നറിയാന്‍, ഭക്ഷണം, ഉറക്കം, വ്യായാമം എന്നിവയുൾപ്പെടെ സൂക്ഷ്മമായി തയ്യാറാക്കിയ ചിട്ടയോടൊപ്പം മറ്റ് ചികിത്സകൾക്കുമായി ജോൺസൺ പ്രതിവർഷം 2 മില്യൺ ഡോളർ ചെലവഴിക്കുന്നതായാണ് റിപ്പോർട്ടുകള്‍ പറയുന്നത്.
പ്രായമാകുന്നത് തടയാന്‍ സഹായിക്കുമെന്ന അവകാശവാദത്തോടെയാണ് ജോൺസന്‍ തന്‍റെ സ്റ്റാർട്ടപ്പ് വെൽനസ് ഉൽപ്പന്നങ്ങൾ വിൽക്കുന്നത്. അതേസമയം, ബ്ലൂപ്രിന്‍റ് കമ്പനി സാമ്പത്തികമായി മോശമാവസ്ഥയിലാണെന്നും റിപ്പോർട്ടുകളുണ്ട്.