

മുട്ട ഹൃദയാരോഗ്യത്തിന് നല്ലതോ ചീത്തയോ എന്ന കാര്യത്തിൽ ഇപ്പോഴും സോഷ്യൽ മീഡിയയിലും ചൂടുപിടിച്ച ചർച്ചകൾ നടക്കാറുണ്ട്. മുട്ട ഒരു മികച്ച പ്രോട്ടീൻ സോഴ്സ് ആണെന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോൾ ഇത് കൊളസ്ട്രോളിന് കാരണമാവുകയും ഹൃദയത്തിന് ദോഷമുണ്ടാക്കുമെന്നുമാണ് ഒരു വിഭാഗത്തിൻ്റെ വാദം. ഈ സംശയങ്ങൾ ഏറെക്കുറെ ദുരീകരിക്കുന്നതാണ് 25 വർഷമായി ഹാർട്ട് സർജനായി ജോലി ചെയ്യുന്ന ഡോ.ജെറമി ലണ്ടൻ്റെ പുതിയ വീഡിയോ.
മുട്ട പൊതുവിൽ പ്രോട്ടീൻ സമൃദ്ധമാണെന്ന് പറയാറുണ്ടെങ്കിലും പലപ്പോഴും മുട്ടയുടെ ഉള്ളിലുള്ള മഞ്ഞക്കരുവിനെ വില്ലനായാണ് അവതരിപ്പിക്കാറുള്ളത്. എന്നാൽ മുട്ട ചീത്ത കൊളസ്ട്രോളിന് കാരണമാകുന്നുവെന്ന ഈ വാദത്തെ പൊളിക്കുകയാണ് ഡോ. ജെറമി തൻ്റെ വീഡിയോയിലൂടെ.
മുട്ട കൊളസ്ട്രോൾ ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിലും ഓരോ വ്യക്തിയുടെ ശരീരത്തിലും ഈ കൊളസ്ട്രോൾ മെറ്റബോളിസം നടക്കുന്നത് പല രീതിയിലാണെന്നാണ് ജെറമി വ്യക്തമാക്കുന്നത്. ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന കൊളസ്ട്രോളിന്റെ അതേ രീതിയിലല്ല ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന കൊളസ്ട്രോൾ മെറ്റബോളിസം നടക്കുക. കൊളസ്ട്രോൾ കൂടുതലായ ഭക്ഷണം കഴിക്കുമ്പോൾ,ബാലൻസ് ചെയ്യുന്നതിനായി കരൾ കൊളസ്ട്രോൾ ഉൽപ്പാദനം നിയന്ത്രിക്കുന്നുണ്ട്.
ഒരു ചെറിയ ശതമാനം ആളുകൾക്ക് മാത്രമേ, മുട്ട പോലുള്ള കൊളസ്ട്രോൾ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് എൽഡിഎല്ലിൻ്റെ അളവ് വർധിപ്പിക്കുന്നുള്ളൂ. കൂടുതൽ ആളുകൾക്കും മുട്ട ഗുണകരമാണെന്നും ജെറമി വിശദീകരിക്കുന്നു. ഏകദേശം 70 ശതമാനം വരുന്ന ഹൈപ്പോ റെസ്‌പോണ്ടർമാർ എന്ന് വിളിക്കപ്പെടുന്നവർക്ക് മുട്ട കാര്യമായ മാറ്റമൊന്നുമുണ്ടാക്കുന്നില്ല. എന്നാൽ, ശേഷിക്കുന്ന ഹൈപ്പർ റെസ്‌പോണ്ടർ വിഭാഗത്തിൽ വരുന്ന 30 ശതമാനത്തിനാണ് ഇത് എൽഡിഎൽ-സിയിലും മൊത്തം കൊളസ്‌ട്രോളിലും വർധനവ് ഉണ്ടാക്കുന്നുള്ളൂ. അതിനാൽ, ഒരു ഹൈപ്പർ റെസ്‌പോണ്ടറാണെങ്കിൽ മാത്രമേ മുട്ട കഴിക്കുന്നതിൽ ഈ നിയന്ത്രണം ആവശ്യമായി വരികയുള്ളൂ.
മുട്ട പോഷകങ്ങളുടെ ഒരു കലവറയാണ്. ഗുണനിലവാരമുള്ള മികച്ച പ്രോട്ടീൻ, ഇമ്മ്യൂണിറ്റിയ്ക്കാവശ്യമായ വിറ്റാമിൻ ഡി, ബി 12, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിങ്ങനെ എല്ലാ പോഷകങ്ങളും മുട്ടയിലുണ്ട് എന്നുള്ളതാണ് താൻ ദിവസവും മുട്ട കഴിക്കുന്നതിനുള്ള കാരണമെന്നും ജെറമി വീഡിയോയിലൂടെ വ്യക്തമാക്കുന്നു.