ജീവതമാകുമ്പോ സന്തോഷവും സങ്കടവുമെല്ലാം ചേർന്നതാണ്. പക്ഷെ സങ്കടങ്ങൾക്ക് പ്രധാനകാരണം എന്താണെന്ന് തിരിച്ചറിഞ്ഞാൽ അതിനെ ഇല്ലാതാക്കാം, അനാവശ്യ വിഷമങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകൾ സ്വീകരിക്കാം അപ്പോൾ വലിയൊരളവുവരെ നമുക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാം. അപ്രതീക്ഷിതമായ സംഭവങ്ങൾ ഒഴിച്ചാൽ ബാക്കിയെല്ലാം നമുക്ക് തന്നെ പരിഹരിക്കാൻ കഴിയും എന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്.
കുടുംബത്തിൽ, ജോലിസ്ഥലത്ത്, മറ്റ് ഇടങ്ങളിലെല്ലാം തന്നെ എല്ലാവർക്കും പ്രശ്നങ്ങൾ കാണും. ചിലപ്പോൾ നമ്മെ അസ്വസ്ഥരാക്കുന്ന വ്യക്തികൾ തന്നെ കാണും. അത്തരം സാഹചര്യങ്ങളെ നിങ്ങൾ എങ്ങനെ നേരിടുന്നു എന്നതനുസരിച്ചാണ് അത് നിങ്ങളുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്നത്. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ചില തന്ത്രങ്ങളുണ്ട്.
വൈകാരികമായ പ്രതികരണങ്ങളെ നിയന്ത്രിക്കുക എന്നതാണ്. ആരെങ്കിലും മോശമായി പെരുമാറിയാൽ വൈകാരികമായി തിരിച്ച് പ്രതികരിക്കുക സ്വാഭാവികമാണ്. പക്ഷെ പലപ്പോഴും അത്തരം പെരുമാറ്റം സാഹചര്യങ്ങൾ വഷളാക്കും. പകരം ആരോടെങ്കിലും തിരിച്ച് പ്രതികരിക്കുന്നതിന് മുന്‍പ് 5-10 സെക്കന്റ് മൗനമായിരിക്കുക. അതിൽ അപമാനം തോന്നേണ്ടതില്ല. സംയമനം പാലിക്കുന്നത് നിങ്ങളെ കൂടുതൽ കരുത്തരാക്കും.
അമിതമായ ആനാവശ്യ ചിന്തകൾക്ക് കടിഞ്ഞാണിടുക. ലളിതമായി സ്വയം തിരിച്ചറിയാനുള്ള ചിന്തകളാകാം. ' ഇപ്പോള്‍ ഞാന്‍ വിഷമിക്കുന്ന കാര്യത്തിന് എത്ര നാൾ പ്രസക്തിയുണ്ടാകും എന്ന് ആലോചിക്കുക.ഈ പ്രവൃത്തി ചെറിയ അസ്വസ്ഥതകളൊക്കെ ഇല്ലാതാക്കാന്‍ സഹായിക്കും. പല വിഷയങ്ങളും അധികം ആയുസുള്ളതാകില്ല. ഒരു ദിവസം , ഒരാഴ്ച,, ഒരു മാസം, അങ്ങനെ നോക്കിയാൽ ആശ്വാസം ലഭിക്കും.
അതുപോലെ തന്നെ പല കാര്യങ്ങളും സംഭവിച്ചു കഴിഞ്ഞാൽ പിന്നെ അതിനെ അതിന്റെ വഴിക്ക് വിടുക. അതേക്കുറിച്ച് ഓർത്ത് വേദനിക്കാതിരിക്കാൻ ശ്രമിക്കുക. പരമാവധി സമയം ക്രിയേറ്റീവായും, ആക്ടീവായും ചെലവഴിക്കുക. മനസിന് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യാൻ മടി കാണിക്കരുത്. അസ്വസ്ഥമാക്കുന്ന സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കുക.
ആളുകളോട് അടുക്കുന്നതിൽ തെറ്റില്ല. എന്നാൽ മാനസികമായൊരു അകലം സൂക്ഷിക്കുന്നത് നല്ലതാണ്. എല്ലാവർക്കും നമ്മളെ വായിക്കുവാനും, അമിത സ്വാതന്ത്ര്യം എടുക്കുവാനുമുള്ള അവസരം കൊടുക്കേണ്ടതില്ല. മറ്റുള്ളവരെ കേൾക്കുന്നതിൽ തെറ്റില്ല, അവരെ സന്തോഷിപ്പിക്കാൻ വേണ്ടി പറയുന്നതെല്ലാം ചെയ്യണം എന്ന സ്ഥിതിയിലെത്തേണ്ടതില്ല.
നിയന്ത്രിക്കാന്‍ കഴിയാത്ത കാര്യങ്ങളില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കാന്‍ ശീലിക്കുക. ഓരോ അനുഭവങ്ങളിൽ നിന്നും പഠിച്ച് സ്വയം നവീകരിക്കുക. ആവശ്യമായ മാറ്റങ്ങൾ വരുത്തുക. സാമ്പത്തിക സ്ഥിരത, വ്യക്തി ശുചിത്വം, ആരോഗ്യം എന്നിവയ്ക്ക് പ്രാധാന്യം നൽകുക. മറ്റുള്ളവരേപ്പോലെ തന്നെ നമ്മളേയും ഒരു വ്യക്തിയായി പരിഗണിച്ച് ആവശ്യമുള്ള പ്രാധാന്യം കൊടുക്കുക.