ചികിത്സാച്ചെലവുകൾ ആശുപത്രികളിൽ പരസ്യമായി പ്രദർശിപ്പിക്കണം; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം; അമിത ബില്ലുകൾക്കെതിരെ നടപടി വേണം

വിപണി വിലയേക്കാള്‍ 170 മുതൽ 700 ശതമാനം വരെ ഉയർന്ന എംആർപി നിശ്ചയിച്ച് കാൻസർ മരുന്നുകൾ വിറ്റഴിക്കുന്നതിനെതിരെ സുപ്രീം കോടതി നടത്തിയ ഇടപെടലുകളും ആശുപത്രികളിലെ കൊള്ളലാഭത്തിനെതിരെ മഹാരാഷ്ട്ര എഫ്ഡിഎ കമ്മീഷണർ തുക്കാറാം മുണ്ടെ രംഗത്തെത്തിയതുമാണ് ആരോഗ്യമേഖലയിലെ അമിത നിരക്കുകളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയത്.
Union Health Ministry imposes strict controls on medicine sales
രുന്ന് വിൽപ്പനയിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം
Published on: 
Updated on: 

ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവുകൾക്കും മരുന്നുകളുടെ കൊള്ളലാഭത്തിനുമെതിരെ ദേശീയതലത്തിൽ ചര്‍ച്ചയാകുന്നതിനിടെ ഓരോ ചികിത്സയുടെയും നിരക്കുകൾ ആശുപത്രികളിൽ രോഗികൾക്ക് കാണാവുന്ന വിധത്തിൽ പരസ്യമായി പ്രദർശിപ്പിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക കത്തയച്ചത്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് ആക്ട് 2010, കേന്ദ്ര ചട്ടങ്ങൾ 2012 എന്നിവ പ്രകാരം ആശുപത്രികളും ക്ലിനിക്കുകളും ഓരോ സേവനത്തിനും ഈടാക്കുന്ന തുക ഇംഗ്ലീഷിലും അതത് പ്രാദേശിക ഭാഷകളിലും പ്രവേശന കവാടങ്ങളിലും പ്രധാന ഇടങ്ങളിലും പ്രദർശിപ്പിക്കണം. ചികിത്സ തുടങ്ങുന്നതിന് മുൻപ് തന്നെ ചെലവുകളെക്കുറിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വ്യക്തമായ ധാരണ നൽകാനും ബില്ലിംഗുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഒഴിവാക്കാനുമാണിത്. കൂടാതെ, മെഡിക്കൽ ആയുഷ് വിസകളിൽ ഇന്ത്യയിൽ ചികിത്സ തേടിയെത്തുന്ന വിദേശ രോഗികൾക്കായി പ്രത്യേക പാക്കേജ് നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും കത്തിൽ നിർദ്ദേശിക്കുന്നുണ്ട്. ആരോഗ്യ മേഖല സംസ്ഥാന വിഷയമായതിനാൽ ഈ നിയമങ്ങളുടെ ലംഘനം നിരീക്ഷിക്കാനും നിർദ്ദേശങ്ങൾ നടപ്പിലാക്കാനുമുള്ള പൂർണ്ണ ചുമതല സംസ്ഥാന സർക്കാരുകൾക്കാണെന്നും കേന്ദ്രം വ്യക്തമാക്കി.

വിപണി വിലയേക്കാള്‍ 170 മുതൽ 700 ശതമാനം വരെ ഉയർന്ന എംആർപി നിശ്ചയിച്ച് കാൻസർ മരുന്നുകൾ വിറ്റഴിക്കുന്നതിനെതിരെ സുപ്രീം കോടതി നടത്തിയ ഇടപെടലുകളും ആശുപത്രികളിലെ കൊള്ളലാഭത്തിനെതിരെ മഹാരാഷ്ട്ര എഫ്ഡിഎ കമ്മീഷണർ തുക്കാറാം മുണ്ടെ രംഗത്തെത്തിയതുമാണ് ആരോഗ്യമേഖലയിലെ അമിത നിരക്കുകളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയത്. ജീവൻരക്ഷാ കാൻസർ മരുന്നുകളുടെ ട്രേഡ് മാർജിൻ 30 ശതമാനമായി പരിമിതപ്പെടുത്താൻ കേന്ദ്രം തീരുമാനിച്ചെങ്കിലും ഇന്ത്യൻ ആരോഗ്യമേഖലയിലെ ബില്ലിംഗ് ചൂഷണങ്ങൾ അവസാനിപ്പിക്കാൻ മരുന്ന് വില നിയന്ത്രണം കൊണ്ടുമാത്രം സാധിക്കില്ലെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. വിദേശ മൂലധന നിക്ഷേപത്തിന്റെ ഒഴുക്കും, ആശുപത്രികൾക്കൊപ്പം സ്വന്തമായി ഫാർമസികളും ഡയഗ്നോസ്റ്റിക് ലാബുകളും ഇൻഷുറൻസ് കമ്പനികളും ഒരൊറ്റ കുടക്കീഴിൽ പ്രവർത്തിപ്പിക്കുന്ന കോർപ്പറേറ്റ് ശൃംഖലകളുടെ കടന്നുവരവും രോഗികളെ മറ്റ് വഴികളില്ലാത്ത അവസ്ഥയിലേക്ക് തള്ളിവിടുകയാണ്. ഇന്ത്യയിലെ കിടത്തിച്ചികിത്സയുടെ 60 ശതമാനവും ഒപി സേവനങ്ങളുടെ 70 ശതമാനവും സ്വകാര്യ മേഖലയാണ് കൈകാര്യം ചെയ്യുന്നത് എന്നതിനാൽ ഇവരുടെ നിരക്കുകൾ നിയന്ത്രിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്.

Union Health Ministry imposes strict controls on medicine sales
സർക്കാർ ആശുപത്രികളിൽ മരുന്ന് വിതരണം സുഗമമാക്കിയതായി ആരോഗ്യ മന്ത്രി; മരുന്നു ക്ഷാമം ഒഴിവാക്കാനും നടപടി

രാജ്യത്തെ ആശുപത്രിവാസച്ചെലവുകളിൽ സംസ്ഥാനങ്ങൾ തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നതായി പാർലമെന്ററി സമിതിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. തെലങ്കാനയിൽ ഒരു ആശുപത്രിവാസത്തിന് ശരാശരി 55000 രൂപയും തമിഴ്‌നാട്ടിൽ 52000 രൂപയും ചെലവാകുമ്പോൾ കേരളത്തിലും കർണാടകത്തിലും ഇത് 40000 മുതൽ 45000 രൂപ വരെയാണ്. എന്നാൽ ലഡാക്കിൽ ഇത് വെറും 8,000 രൂപ മാത്രമാണ്. ദരിദ്ര മേഖലകളിലെ കുറഞ്ഞ ചെലവ് മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങളുടെ ലഭ്യതക്കുറവ് കൊണ്ടാണെന്നും സമിതി മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്രത്യേകിച്ച് പ്രസവച്ചെലവുകൾ, കാൻസർ, ഹൃദ്രോഗം, വൃക്കരോഗങ്ങൾ തുടങ്ങിയവ സാധാരണ കുടുംബങ്ങളെ കടുത്ത കടക്കെണിയിലേക്കാണ് തള്ളിവിടുന്നത്. എന്നാൽ മരുന്നുകളുടെ വില മാത്രം നിയന്ത്രിച്ചതുകൊണ്ട് ആശുപത്രി ബില്ലുകൾ കുറയില്ലെന്നാണ് വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നത്. മുമ്പ് ഹൃദയ ശസ്ത്രക്രിയക്കുള്ള സ്റ്റെന്റുകളുടെ വില കേന്ദ്രം നിയന്ത്രിച്ചപ്പോൾ അനുബന്ധ ഉപകരണങ്ങളായ ഗൈഡ്‌വയറുകൾക്കും ബലൂണുകൾക്കും ആശുപത്രികൾ ഫീസ് കുത്തനെ കൂട്ടിയ അനുഭവം ഇതിന് തെളിവാണ്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം സർക്കാരിന് മെഡിക്കൽ ചാർജുകൾക്ക് പരിധി നിശ്ചയിക്കാൻ അധികാരമുണ്ടെങ്കിലും, ഈ നിയമം രാജ്യത്തെ 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മാത്രമേ നടപ്പിലായിട്ടുള്ളൂ എന്നതും കേന്ദ്രം ഇതുവരെ പൊതു നിരക്കുകൾ വിജ്ഞാപനം ചെയ്തിട്ടില്ല എന്നതും സ്വകാര്യ ആശുപത്രികൾക്ക് നിരക്ക് കൂട്ടാൻ അവസരമൊരുക്കുന്നു.

നേരത്തെ ചികിത്സ ആരംഭിക്കുന്നതിന് മുൻപ് തന്നെ രോഗികൾക്ക് നിയമപരമായി ബാധ്യതയുള്ള സമഗ്രമായ ചെലവ് എസ്റ്റിമേറ്റ് നൽകണമെന്നാണ് ആരോഗ്യ രംഗം സംബന്ധിച്ച പാർലമെന്ററി പാനൽ മുന്നോട്ടുവെക്കുന്ന പ്രധാന നിർദ്ദേശം. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പാതിവഴിയിൽ അപ്രതീക്ഷിതമായി ഭീമമായ ബില്ലുകൾ നൽകി രോഗികളെ സമ്മർദ്ദത്തിലാക്കുന്നത് തടയാൻ ഇത് സഹായിക്കും. ഇതിനുപുറമെ, ആശുപത്രികൾ മരുന്നുകളും ഉപകരണങ്ങളും മൊത്തമായി വാങ്ങുന്ന യഥാർത്ഥ വിലയും , രോഗികളിൽ നിന്ന് ഈടാക്കുന്ന തുകയും ബില്ലിൽ ഒരുമിച്ച് പരസ്യമായി രേഖപ്പെടുത്താൻ നിർബന്ധമാക്കണമെന്ന് ആരോഗ്യ പ്രവർത്തകനായ അഭയ് ശുക്ല നിർദ്ദേശിക്കുന്നു. ചികില്‍സ ചിലവ് സുതാര്യമായാൽ ആശുപത്രികൾ തമ്മിലുള്ള മത്സരം മൂലം നിരക്കുകൾ സ്വാഭാവികമായി കുറയുമെന്നാണ് ഇദ്ദേഹത്തിന്റെ വാദം. എന്നാൽ എല്ലാ മരുന്നുകളിലും ട്രേഡ് മാർജിൻ നിശ്ചയിക്കുന്നത് എയിംസ് ആശുപത്രിക്ക് മുന്നിലെ വലിയ മെഡിക്കൽ ഷോപ്പും ഗ്രാമങ്ങളിലെ ചെറിയ കടകളും തമ്മിലുള്ള ലാഭവിഹിത വ്യത്യാസങ്ങൾ കാരണം വിതരണ ശൃംഖലയെ ബാധിച്ചേക്കാമെന്ന ആശങ്കയും ഔഷധ നിർമ്മാണ വകുപ്പ് ഉദ്യോഗസ്ഥർ പങ്കുവെക്കുന്നുണ്ട്. നിരക്കുകൾ പ്രദർശിപ്പിക്കാനുള്ള പുതിയ കേന്ദ്ര നിർദ്ദേശത്തിനൊപ്പം ആശുപത്രി ബില്ലുകൾക്ക് കൃത്യമായ പരിധി നിശ്ചയിക്കുന്ന സമഗ്രമായ നിയമനിർമ്മാണം കൂടി വന്നാലേ സാധാരണക്കാർക്ക് പൂർണ്ണ ആശ്വാസം ലഭിക്കൂ എന്നാണ് വിലയിരുത്തപ്പെടുന്നത്.

Union Health Ministry imposes strict controls on medicine sales
'കാൻസർ മരുന്നുകൾക്ക് 70 ശതമാനം വരെ വിലക്കുറവ് വരും' ; പാവപ്പെട്ട രോഗികൾക്ക് ഇത് എത്രത്തോളം ആശ്വാസമാകും?
News Malayalam 24x7
newsmalayalam.com