തിരക്കു പിടിച്ച ജീവിതത്തിൽ ഇൻസ്റ്റന്റ് ഭക്ഷണങ്ങളോട് ആളുകൾക്കുള്ള താൽപ്പര്യം ഏറിവരികയാണ്. തയ്യാറാക്കാൻ അധികം സമയം വേണ്ടാത്ത, രുചികരമായ പാക്ക്ഡ് ഭക്ഷണങ്ങളോട് പ്രിയം കൂടുന്നത് സ്വാഭാവികം. അക്കൂട്ടത്തിൽ പ്രധാനികളാണ് ഇൻസ്റ്റന്റ് ന്യൂഡിൽസ്. അതെ കുറഞ്ഞ സമയത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ന്യൂഡിൽസുകൾക്ക് കുട്ടികൾ മുതൽ പ്രായമായവർവരെ ആരാധകരാണ്.
ഒരു പായ്ക്കറ്റിൽ ന്യൂഡിൽസിനൊപ്പം ചെറിയൊരു പാക്കറ്റ് മസാലകൂടികാണം. ചിലപ്പൾ ഉണക്കിയ, സംസ്കരിച്ച പച്ചക്കറികളുടേയോ, ചിക്കന്റേയോ പൊട്ടു പൊടിയും കൂടി കണ്ടേക്കാം. ആട്ട, മൈദ, അരി തുടങ്ങി വ്യത്യസ്ത ന്യൂഡിൽസുകൾ ഇന്ന് വിപണിയിലുണ്ട്. മസാലകളിലും വ്യത്യസ്ത രുചികൾ ഉണ്ട്. ഇവ ചൂടുവെള്ളത്തിൽ മിക്സ് ചെയ്ത് തയ്യാറാക്കാം എന്ന സൈകര്യം കൂടിയാണ് ആളുകളെ ഇവയുടെ ആരാധകരാക്കുന്നത്. രുചിയും , സമയലാഭവും അവിടെ നിൽക്കട്ടെ ഈ ന്യൂഡിൽസ് പായ്ക്കറ്റുകളിൽ ഒളിച്ചിരിക്കുന്ന അപകടം കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഈ ഓരോ പാക്കറ്റിലും അടങ്ങിയിരിക്കുന്ന സോഡിയത്തിന്റെ അളവ് നാം കണക്കാക്കാറില്ല. ഓരോ പാക്കറ്റിലും 600-1500 എംജി സോഡിയം അതായത് ഉപ്പ് അടങ്ങിയിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒരു ദിവസം ശരീരത്തിനകത്ത് ചെല്ലാവുന്ന സോഡിയത്തിന്റെ അളവ് 2000 എംജിയാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അതുവച്ച് നോക്കുമ്പോൾ ന്യൂഡിൽസും, മറ്റ് ഭക്ഷണവും ചേർത്ത് ഒരു ദിവസം അകത്ത് ചെല്ലുന്ന ഉപ്പിന്റെ അളവ് അത്ര ചെറിയ തോതിലല്ല എന്നു കാണാം. അങ്ങനെ പോയാൽ ശരീരത്തിലെത്തുന്ന ഉപ്പിന്റെ അളവിലുണ്ടാകുന്ന വർധന വളരെ വേഗം രോഗാവസ്ഥയിലേക്ക് നയിക്കും. ഉപ്പ് അധികമായാൽ അത് രക്ത സമ്മർദം തുടങ്ങി വൃക്കരോഗങ്ങൾക്ക് വരെ കാരണമാകും.
അതുപോലെ തന്നെ ന്യൂഡിൽസ് ദിവസത്തിൽ ഒന്നിലേറെ നേരം ഭക്ഷണമാക്കുന്നതും ശരീരത്തിന് ദോഷം ചെയ്യും. ഹൃദയത്തിന്റെ ആരോഗ്യത്തിനും പ്രമേഹത്തിനും കാരണമാകും എന്നാണ് റിപ്പോർട്ടുകൾ. സ്ത്രീകളെയാണ് ഇത് കൂടുതല്‍ ബാധിക്കുക. ഫൈബര്‍ കുറവായതിനാല്‍ തന്നെ ഇത് ഗട്ടിന്റെ ആരോഗ്യത്തെ ബാധിക്കുകയും ടൈപ്പ് 2 പ്രമേഹത്തിനും ബവല്‍ കാന്‍സറിനും കാരണമാകും.
ന്യൂഡിൽ വല്ലപ്പോഴും കഴിക്കുന്നതിൽ തെറ്റില്ല. അത് തയ്യാറാക്കുമ്പോൾ മസാല പാക്ക് ഒഴിവാക്കുകയോ, കൂടുതല്‍ പച്ചക്കറികളോ, മുട്ടയോ, ചിക്കനോ ചേര്‍ത്ത് അല്പം കൂടി പോഷകഗുണമുള്ളതാക്കി മാറ്റാനോ ശ്രദ്ധിക്കുക. എന്നാല്‍ നിങ്ങളുടെ ദിവസത്തിലെ ഏറ്റവും പ്രധാന ഭക്ഷണമായി ഇതിനെ കണക്കാക്കാതിരിക്കുക. ആഴ്ചയില്‍ രണ്ടുതവണയില്‍ കൂടുതല്‍ ഇത് കഴിക്കാതിരിക്കുന്നതാണ് ഗുണകരം.