ഒന്ന് തുമ്മിയാൽ അല്ലെങ്കിൽ പോട്ടെ ,,എന്തെങ്കിലും ഒരു അസ്വസ്ഥത തോന്നിയാൽ നമ്മൾ ആദ്യം കൺസൾട്ട് ചെയ്യുന്നത് ഡോക്ടർമാരെ ആയിരിക്കില്ല അല്ലേ. പെട്ടെന്ന് എല്ലാവർക്കും ഡോക്ടർമാരെ കൺസൾട്ട് ചെയ്യാൻ പറ്റണമെന്നില്ല. ഈ ഒരു സാഹചര്യത്തിലാണ് ഭൂരിഭാഗം പേരും ഗൂഗിളിൻ്റേയോ , ചാറ്റ് ജിപിറ്റിയുടേയോ മറ്റ് മൊബൈൽ ആപ്പുകളുടെയോ ഒക്കെ സഹായം തേടുന്നത്. മൊബൈൽ ഹെൽത്ത് ആപ്പുകൾ ഉപയോഗിച്ച് രോഗനിർണയം നടത്തുന്നത് ഇന്ന് ഒരു ട്രെൻഡ് ആയി മാറിയിട്ടുണ്ട്.
ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങൾ എത്രത്തോളം വിശ്വസനീയമാണെന്ന് നാം എപ്പോഴെങ്കിലും ഓർക്കാറുണ്ടോ? അങ്ങനെയൊക്കെ ചോദിച്ചാൽ,, ഇതൊക്കെ ഉള്ളതാണോ എന്ന് ഓർക്കുമെങ്കിലും, ഉള്ളിലൊരു വിശ്വാസം. അതാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ ഇത്തരം സോഴ്സുകളിൽ നിന്ന് വിവരങ്ങൾ അന്വേഷിക്കാൻ നമ്മളെ വീണ്ടും പ്രേരിപ്പിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങൾ ഒരിക്കലും സ്വയം രോഗനിർണയത്തിന് മാനദണ്ഡം ആക്കരുതെന്നും, ഒരു ഗൈഡായി മാത്രം ഉപയോഗിക്കുന്നതാവും ഉചിതമെന്നുമാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.
മാനസികാരോഗ്യം സംബന്ധിച്ച വിഷയങ്ങളിൽ വിവരങ്ങൾ നൽകുന്ന ആപ്പുകൾ നമുക്ക് ഗൈഡ് സപ്പോർട്ടായി നിന്നേക്കാം. എന്നാൽ അതിന് പൂർണമായും പ്രതിസന്ധികളെ തരണം ചെയ്യാൻ നമ്മളെ സഹായിക്കുവാൻ കഴിഞ്ഞെന്ന് വരില്ല. ആരോഗ്യപ്രശ്നം സംബന്ധിച്ച് നമ്മൾ ഓൺലൈനിൽ വിവരങ്ങൾ തിരയുമ്പോൾ പലപ്പോഴും ലക്ഷണങ്ങളും പരിഹാരങ്ങളുമെല്ലാം അതിൽ തന്നെ ലഭ്യമായേക്കും. അവർ ക്ലെയിം ചെയ്യുന്നതൊക്കെ ശരിയാണ് എന്ന് തോന്നുകയും ചെയ്യും. എന്നാൽ, കൃത്യമായ രോഗ നിർണയം നടത്താതെ ഇത്തരത്തിൽ അശാസ്ത്രീയമായും സാധ്യതകളുടെ മാത്രം അടിസ്ഥാനത്തിലും ലഭിക്കുന്ന വിവരങ്ങളെ പിൻതുടർന്നാൽ ഗുരുതര പ്രത്യാഘാതങ്ങളായിരിക്കും ചിലപ്പോൾ നേരിടേണ്ടി വരിക.
രോഗനിർണയത്തിനായി പലപ്പോഴും പേഴ്‌സണൽ വിവരങ്ങൾ നൽകുന്നത് ഡാറ്റ സ്വകാര്യതയെ ബാധിക്കുന്ന ഒന്നു കൂടിയാണ്. ചിലതിൽ നമ്മൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ സംബന്ധിക്കുന്ന വിവരത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതോ, സമാനമായുള്ളതോ ആയ റിപ്പോർട്ട് ലഭിക്കുന്നതിന് നമ്മുടെ വിവരങ്ങൾ മൂന്നാം കക്ഷിക്ക് കൈമാറിയെന്നും വരാം. ആയതിനാൽ ഇത്തരത്തിൽ ആപ്പുകൾ ഉപയോഗിക്കുമ്പോൾ അതിൻ്റെ സ്വകാര്യതാ നയങ്ങൾ കൂടി പ്രത്യേകം ശ്രദ്ധിക്കേണ്ടതായി വരും.
കേവലം ഒരു ആപ്പിൽ നിന്നോ സമാനമായ പ്ലാറ്റ്ഫോമുകളിൽ നിന്നോ ആശ്വാസം കിട്ടുന്നുണ്ടെന്ന് കരുതി ഡോക്ടറെ കാണാൻ വൈകിക്കരുത്. നൽകുന്ന ലക്ഷണങ്ങൾ കണക്കാക്കി രോഗത്തെ കുറിച്ചൊരു ഏകദേശ ധാരണ നൽകാൻ മാത്രമേ ഇത്തരം പ്ലാറ്റ്ഫോമുകൾക്ക് കഴിയുകയുള്ളൂ, അതുതന്നെ ശരിയാവണം എന്നുമില്ല. ഇവ നിർദേശിക്കുന്ന പ്രതിവിധികൾ സഹായകരമാകണമെന്നുമില്ല. നമ്മൾ നൽകുന്ന കേവലമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം സ്രോതസുകളിൽ നിന്ന് വിവരം ലഭിക്കുന്നത്. ചിലപ്പോൾ ഒരേ ലക്ഷണങ്ങൾ പല രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കാം. ആയതിനാൽ നമുക്ക് ലഭിക്കുന്ന വിവരങ്ങൾ നമ്മൾ അനുഭവിക്കുന്ന അസുഖത്തിൻ്റേത് തന്നെആയിരിക്കണമെന്നും ഇല്ല.
അതുകൊണ്ടുതന്നെ, ആരോഗ്യ വിദ്ഗധരെ നേരിൽ ചെന്ന് കണ്ട് വൈദ്യസഹായം തേടുന്നതിന് തന്നെയാണ് മുൻഗണന കൊടുക്കേണ്ടത്. യഥാർഥ രോഗനിർണയം നടത്താൻ ഡോക്ടർമാർ നിർദേശിക്കുന്ന ടെസ്റ്റുകളും മറ്റ് പരിശോധനകൾക്കും വിധേയമാകേണ്ടതുണ്ട്. പരിശോദനകളുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന റിസർട്ടിലൂടെ മാത്രമേ രോഗനിർണയം സാധ്യമാകുകയുള്ളൂ. ഗുരുതരമായതോ, വഷളാകുന്നതോ ആയ രോഗലക്ഷണങ്ങൾക്ക് ഒട്ടും വൈകാതെ തന്നെ വൈദ്യോപദേശം തേടാൻ മടി കാണിക്കരുത്. ചില സമയങ്ങളിൽ നമ്മളിൽ ഉണ്ടാകുന്ന അശ്രദ്ധയ്ക്ക് പകരം കൊടുക്കണ്ടി വരുന്നത് നമ്മുടെ ജീവൻ തന്നെയായിരിക്കും എന്നതും ഓർക്കണം.