മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ് ഭക്ഷണം. വിശപ്പിനെ, പട്ടിണിയെ ഇല്ലാതാക്കാനുള്ള പോരാട്ടങ്ങൾ എന്നെന്നും ആദരിക്കപ്പെടേണ്ടതാണ്, ഓർമിക്കപ്പെടേണ്ടതാണ്. അതിനാണ് ലോക ഭക്ഷ്യദിനമായി ഒക്ടോബർ 16 ആചരിക്കുന്നത്. വൈവിധ്യമാർന്ന ഭക്ഷണങ്ങൾ കൊണ്ടുള്ള ആഘോഷം മാത്രമല്ല വിശപ്പിനെതിരെയുള്ള സമരം കൂടിയാണ് ഭക്ഷ്യദിനം എന്നറിയുക. "മികച്ച ഭക്ഷണത്തിനും മികച്ച ഭാവിക്കും വേണ്ടി കൈകോർക്കുക" എന്നതാണ് ഈ വർഷത്തെ ഭക്ഷ്യദിനത്തിനുള്ള പ്രമേയം.
കാർഷിക-ഭക്ഷ്യ സംവിധാനങ്ങളെ പരിവർത്തനം ചെയ്യുന്നതിനും ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള തെളിവുകൾ അടിസ്ഥാനമാക്കിയുള്ള, രാജ്യം നയിക്കുന്ന പങ്കാളിത്തങ്ങൾ വളർത്തിയെടുക്കുന്ന എഫ്എഒയുടെ കൈകോർക്കൽ സംരംഭത്തെ എടുത്തുകാണിക്കുന്നു.
1945-ൽ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന എഫ്എഒയുടെ വാർഷികത്തോടനുബന്ധിച്ചാണ് ഈ ദിനം തുടക്കം കുറിച്ചത്. മുൻ ഹംഗേറിയൻ കൃഷി-ഭക്ഷ്യ മന്ത്രിയായിരുന്ന ഡോ. പാൽ റൊമാനിയാണ് 1979 നവംബറിൽ ലോക ഭക്ഷ്യദിനം നിർദ്ദേശിച്ചത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം പതിവായി ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടിയാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. ഇന്ന് 150-ലധികം രാജ്യങ്ങളിൽ ലോക ഭക്ഷ്യദിനം ആചരിക്കുന്നു.
എഫ് എ ഓ, യു എൻ എച്ച് സി ആർ, ഐക്യരാഷ്ട്ര സംഘടനയുടെ റെഫ്യൂജി ഏജൻസി, വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ള്യൂ എഫ് പി) എന്നിവ ഒത്തുചേർന്ന് ഭക്ഷ്യദിനാചരണങ്ങൾക്ക് നേതൃത്വം നൽകുന്നു. 1981 മുതൽ ഓരോ വർഷവും ഒരു പുതിയ തീം അവതരിപ്പിച്ചാണ് ലോക ഭക്ഷ്യദിനം ആചരിക്കുന്നത്. കാർഷിക നവീകരണം, സുസ്ഥിര ഭക്ഷണക്രമം, കാലാവസ്ഥാ പ്രതിരോധം തുടങ്ങിയ ആഗോള ഭക്ഷ്യ വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഓരോ വർഷവും പ്രമേയം തെരഞ്ഞെടുക്കുന്നതും പ്രവർത്തനങ്ങൾ നടത്തുന്നതും.
2025 ലെ "മെച്ചപ്പെട്ട ഭക്ഷണത്തിനും മെച്ചപ്പെട്ട ഭാവിക്കും വേണ്ടി കൈകോർക്കുക" എന്ന പ്രമേയം സുസ്ഥിരവും ഉൾക്കൊള്ളുന്നതുമായ ഭക്ഷ്യ സംവിധാനങ്ങൾ നിർമ്മിക്കുന്നതിനുള്ള സഹകരണത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു. ശക്തവും ന്യായയുക്തവും കൂടുതൽ സുസ്ഥിരവുമായ ഭക്ഷ്യ സംവിധാനങ്ങൾ നിർമ്മിക്കുന്നതിന് സർക്കാരുകൾ, കർഷകർ, ഗവേഷകർ, ഉപഭോക്താക്കൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കിടയിലുള്ള സഹകരണത്തിന്റെ ശക്തിയാണ് ഈ വർഷത്തെ തീം എടുത്തുകാണിക്കുന്നത്.