
കുറച്ചു കാലം മുമ്പ് വരെ മധ്യവയസ്‌കരില്‍ കൂടുതലായി കണ്ടിരുന്ന രോഗമാണ് കിഡ്‌നി സ്‌റ്റോണ്‍. പുതിയ കാലത്ത് ജീവിതശൈലിയും ജോലികളുടെ സ്വഭാവവും മാറിയതോടെ യുവാക്കളില്‍ ഭൂരിഭാഗവും ഏറെ നേരം കമ്പ്യൂട്ടറുകള്‍ക്കു മുന്നില്‍ ഇരുന്നുള്ള ജോലികളായി. ഇതോടെ കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള അസുഖങ്ങള്‍ ഇരുപതുകളിലും മുപ്പതുകളിലുമൊക്കെ ആളുകളെ തേടിയെത്തി തുടങ്ങി.
കിഡ്‌നി സ്‌റ്റോണ്‍ പ്രശ്‌നങ്ങളുമായി കൂടുതല്‍ എത്തുന്നത് യുവാക്കളാണെന്ന് ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ യൂറോളജി സീനിയര്‍ ഡയറക്ടര്‍ ഡോ. അനില്‍ കുമാര്‍ വര്‍ഷ്ണി പറയുന്നു. ജീവിതശൈലി തന്നെയാണ് ഇതിനു കാരണമെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു.
മൂത്രത്തില്‍ കല്ല് വരാനുള്ള എല്ലാ പാനീയങ്ങളും ഇന്നത്തെ ചെറുപ്പക്കാര്‍ ദിവസേന പല സമയങ്ങളിലായി അകത്താക്കുന്നുണ്ടെന്നാണ് ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നത്. അതില്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നമ്മള്‍ കുടിക്കുന്ന സോഡകള്‍, എനര്‍ജി ഡ്രിങ്കുകള്‍, പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, ചായ, കാപ്പി എന്നിവയെല്ലാം ഉള്‍പ്പെടും. ഇവയെല്ലാം മൂത്രത്തിന്റെ സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നതിനും കല്ല് രൂപപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.
കോര്‍പ്പറേറ്റ് വര്‍ക്ക് കള്‍ച്ചറില്‍ ഏറെ നേരം ഇരുന്നുള്ള ജോലിയും വ്യായാമം ഇല്ലാത്തതും അമിതമായ പ്രൊസസ്ഡ് ഫുഡും സോഡിയം കൂടുതലായി അടങ്ങിയ ഭക്ഷണങ്ങളുമെല്ലാം മൂത്രത്തില്‍ കാത്സ്യത്തിന്റേയും യൂറിക് ആസിഡിന്റെ അളവ് വര്‍ധിപ്പിക്കുന്നു. യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന പൊണ്ണത്തടി കാല്‍സ്യം, യൂറിക് ആസിഡ്, ഓക്‌സലേറ്റ് എന്നിവയുടെ അളവ് വര്‍ധിപ്പിക്കുകയും മൂത്രത്തില്‍ കല്ല് രൂപപ്പെടുന്നതിലും എത്തിക്കുന്നു.
ജങ്ക് ഫുഡ് മാത്രമാണോ വില്ലന്‍?
എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ജങ്ക് ഫുഡ് മാത്രമല്ല വില്ലനാകുന്നത്. പലപ്പോഴും ആരോഗ്യകരമായ ഭക്ഷണശീലം എന്ന ആത്മവിശ്വാസത്തില്‍ നാം അമിതമായി കഴിക്കുന്ന ഭക്ഷണവും വില്ലനാകും. ഹെല്‍ത്തി ഫുഡ് എന്ന് വിശ്വസിക്കുന്ന ചീര, ബീറ്റ്‌റൂട്ട്, ബദാം, മധുരക്കിഴങ്ങ് എന്നിവയിലെല്ലാം ധാരാളം ഓക്‌സലേറ്റ് അടങ്ങിയിട്ടുണ്ട്. മൂത്രത്തില്‍ കല്ലുണ്ടാകാനുള്ള പ്രധാന ഘടങ്ങളിലൊന്ന് ഓക്‌സലേറ്റുകളാണ്. ഭക്ഷണത്തില്‍ കാല്‍സ്യം കുറവാണെങ്കില്‍, ശരീരം കൂടുതല്‍ ഓക്‌സലേറ്റുകള്‍ ആഗിരണം ചെയ്യും, ഇത് അപകടസാധ്യത വര്‍ധിപ്പിക്കും.
സപ്ലിമെന്റുകളും വില്ലനാകും
കാല്‍സ്യം, പ്രോട്ടീന്‍ പൗഡറുകള്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയ സപ്ലിമെന്റുകളുടെ അമിത ഉപയോഗം കല്ലുകള്‍ രൂപപ്പെടുന്നതിന് കാരണമാകും.
ആരോഗ്യപരമായ മുന്നറിയിപ്പ്: ഇതെല്ലാം പൊതുവായ അറിവുകൾ മാത്രമാണ്. ഇവ പിന്തുടരുന്നതിനു മുമ്പ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.