പത്തനംതിട്ട: എപ്പോഴും ജോലിത്തിരക്കിലുള്ള ഒരു ജനപ്രതിനിധിയുണ്ട് സീതത്തോടിൽ. ജില്ലാ പഞ്ചായത്ത് ചിറ്റാർ ഡിവിഷനിലെ മെമ്പർ ആയിരുന്ന ലേഖ സുരേഷ്. തദ്ദേശ തെരഞ്ഞെടുപ്പിൽ പന്ത്രണ്ടാം വാർഡിൽ മത്സരിക്കുകയാണ് ലേഖ. റബ്ബർ ടാപ്പിംഗും പത്രവിതരണവുമാണ് ജീവിതമാർഗം. പൊതുപ്രവർത്തനത്തെയും തെരഞ്ഞെടുപ്പ് പ്രചാരണത്തെയും ഈ ജോലികൾ ബാധിക്കുന്നേയില്ലെന്നാണ് ലേഖ പറയുന്നത്.
വെറുതെ ഇരിക്കാത്ത മെമ്പർ എന്നാണ് ലേഖ സുരേഷിനെ പറ്റി നാട്ടുകാർ പറയുന്നത്. ജില്ലാ പഞ്ചായത്ത് ചിറ്റാർ ഡിവിഷൻ പ്രതിനിധിയായിരുന്ന ലേഖ ഇത്തവണ പന്ത്രണ്ടാം വാർഡിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയാണ്. പൊതുപ്രവർത്തനവും കൂടെ വരുമാനമാർഗമായി റബ്ബർ ടാപ്പിംഗും പത്ര വിതരണവും ഉണ്ട്.
നേരത്തെ 30ലധികം ആടുകൾ ഉണ്ടായിരുന്നു. ഭർത്താവിന്റെ ആരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിട്ടപ്പോൾ അവയെ ഒഴിവാക്കി. ഇപ്പോൾ മണിയൻ എന്ന ഒരു ക്ടാവ് മാത്രമുണ്ട്. റബ്ബർ വെട്ടിലൂടെ കാര്യമായ ലാഭമൊന്നുമില്ലെന്നാണ് ലേഖ മെമ്പർ പറയുന്നത്. പക്ഷേ ശീലമായിപ്പോയി. തുടരാൻ തന്നെയാണ് തീരുമാനമെന്നും ലേഖ പറയുന്നു.