ഇടുക്കി: വോട്ട് തേടി വീട്ടിലെത്തുന്ന സ്ഥാനാർഥികളിൽ നിന്നും സത്യപ്രസ്താവന എഴുതിവാങ്ങാൻ മലയോര കർഷകർ. കേരള ഇൻഡിപെൻഡൻഡ് ഫാർമേഴ്‌സ് അസോസിയേഷന്റെ (കിഫ) നേതൃത്വത്തിലാണ് വ്യത്യസ്തവും പ്രസക്തവുമായ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. കേന്ദ്ര വന്യ ജീവി സംരക്ഷണ നിയമം 11(2) പ്രകാരമുള്ള സ്വയംരക്ഷക്കുള്ള അവകാശം കർഷകർക്ക് നൽകും എന്ന് ഉറപ്പ് പറയുന്ന സമ്മതപത്രമാണ് സ്ഥാനാർഥികളിൽ നിന്നും ഒപ്പിട്ട് വാങ്ങുന്നത്.
‘കാട്ടുമൃഗങ്ങളുടെ ഒപ്പമെങ്കിൽ ഇനി വോട്ടില്ല, ഏത് പാർട്ടി ആയാലും കർഷകന് ഒപ്പം എങ്കിൽ മാത്രം വോട്ട് ‘ ഈ മുദ്രവാക്യങ്ങൾ ഉയർത്തിക്കൊണ്ടാണ് കേരള ഇൻഡിപെൻഡൻഡ് ഫാർമേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
മലയോര മേഖലകളിൽ വോട്ട് തേടി വീട്ടിലെത്തുന്ന സ്ഥാനാർഥികളിൽ നിന്നും സത്യപ്രസ്താവന ഒപ്പിട്ട് വാങ്ങാൻ ആണ് കിഫയുടെ തീരുമാനം. കേന്ദ്ര വന്യ ജീവി സംരക്ഷണ നിയമം 11(2) പ്രകാരമുള്ള സ്വയം പ്രതിരോധത്തിനുള്ള അവകാശം കർഷകർക്ക് നൽകും എന്ന ഉറപ്പാണ് കർഷകർ സ്ഥാനാർഥികളിൽ നിന്നും സത്യ പ്രസ്താവനയായി ഒപ്പിട്ട് വാങ്ങുക.
കിഫ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തില്ല. പക്ഷെ വ്യത്യസ്തമായ ക്യാമ്പയിനുകളിലൂടെയും പ്രതിഷേധങ്ങളിലൂടെയും മലയോര കർഷകരുടെ ദുരവസ്ഥ ചർച്ചയാക്കുകയാണ് സ്വതന്ത്ര കർഷക സംഘടന. സംസ്ഥാന വ്യാപകമായി മലയോര മേഖലകളിൽ ക്യാമ്പയിൻ ശക്തമാക്കാനാണ് കിഫ തീരുമാനം.