എറണാകുളം: ഓട്ടോ ഓട്ടത്തിനിടയിൽ വോട്ട് പിടിക്കുന്ന ഒരു സ്ഥാനാർഥി. പല്ലാരിമംഗലം പഞ്ചായത്ത് 14-ാം വാർഡിലെ ഇടത് സ്ഥാനാർഥി മൈതീൻ കെ. എമ്മാണ് തൻ്റെ തൊഴിലായ ഓട്ടോ സവാരിക്കിടെ വോട്ട് അഭ്യർഥിക്കുന്നത്. തൊഴിൽ ഒഴിവാക്കി പ്രചാരണത്തിന് ഇറങ്ങാൻ കഴിയാത്തതാണ് മൈതീനെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്.
അപ്രതീക്ഷിതമായാണ് പല്ലാരിമംഗലം പഞ്ചായത്തിലെ 14ാം വാർഡിൽ ഇടത് സ്ഥാനാർത്ഥിയായി മൈതീൻ കെ എമ്മിനെ പാർട്ടി നിയോഗിച്ചത്. പാർട്ടി തീരുമാനിച്ചത് കൊണ്ട് തന്നെ മറു വാക്ക് പറയാതെ മൈതീൻ സ്ഥാനാർഥി കുപ്പായം എടുത്തണിഞ്ഞു.
തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ സ്ഥിതിക്ക് വോട്ട് തേടണം. തൊഴിലായ ഓട്ടോ സവാരി നിർത്തി മുഴുനീള പ്രചാരണത്തിനിറങ്ങിയാൽ അന്നം മുട്ടും. അപ്പോൾ പിന്നെ വേറെ വഴിയില്ല. തൊഴിലും വേണം ഒപ്പം പ്രചരണവും നടക്കണം. ഏതായാലും തെരഞ്ഞെടുപ്പ് പ്രചരണം കഴിയും വരെ ഈ ഒരു രീതിയിൽ തന്നെ മുന്നോട്ട് പോകാനാണ് മൈതീൻ്റെ തീരുമാനം.