തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഉറപ്പിച്ച് മേയർ എം.കെ. വർഗീസ്. പാർട്ടിക്കായി ചോരയും നീരും കൊടുത്തിട്ടും കോൺഗ്രസ് എന്നെ തള്ളിയെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എന്നെയും പ്രതീക്ഷിക്കണമെന്നും എം.കെ. വർഗീസ് പറഞ്ഞു. ന്യൂസ് മലയാളത്തിൻ്റെ 'പവർ പഞ്ചായത്ത്' എന്ന പരിപാടിയിലാണ് എം.കെ. വർഗീസ് നിലപാട് വ്യക്തമാക്കിയത്.
പാർട്ടിക്കായി ചോരയും നീരും കൊടുത്തിട്ടും കോൺഗ്രസ് എന്നെ തള്ളി കളഞ്ഞു. പദവി പ്രഹസനമായി കാണാൻ കഴിയാതിരുന്നതിനാലാണ് കോൺഗ്രസിലേക്ക് മടങ്ങിപ്പോവാതിരുന്നത്. അഞ്ചുവർഷക്കാലം എൽഡിഎഫിനൊപ്പം ഉണ്ടാകും എന്ന് സിപിഐഎമ്മുമായി എഗ്രിമെൻ്റ് നടത്തിയിരുന്നു, അതിനുശേഷം സ്വന്തം താല്പര്യമനുസരിച്ച് പ്രവർത്തിക്കാം എന്നുള്ളതാണ് കണ്ടീഷൻ എന്നും വർഗീസ് അറിയിച്ചു.
"ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വി.എസ്. സുനിൽ കുമാറോ കെ മുരളീധരനോ തന്നെ ഒരിക്കൽ പോലും കാണാനെത്തിയില്ല. സുരേഷ് ഗോപി വന്ന് സംസാരിച്ചപ്പോൾ ചായ നൽകി സത്കരിച്ചത് തൻ്റെ മാന്യതയാണ്. സുരേഷ് ഗോപി നല്ല മനുഷ്യനാണെങ്കിലും രാഷ്ട്രീയം അറിയില്ല , അദ്ദേഹത്തെ കുറിച്ച് അഭിപ്രായം പറഞ്ഞത് കൊണ്ട് ബിജെപിയിൽ ചേരണമെന്നില്ല. തന്നെ ബിജെപിയുടെ തൊഴുത്തിൽ കെട്ടാൻ ശ്രമിക്കരുത്", എം.കെ. വർഗീസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മൂന്ന് മാസക്കാലം താൻ വിശ്രമിക്കും, അതിന് ശേഷം ഒരു വരവ് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.