

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചിട്ടും മുന്നണിയിലെ തർക്കങ്ങൾ തീരുന്നില്ല. ആലപ്പുഴയിൽ ജില്ലാ പഞ്ചായത്ത് സീറ്റിലേക്ക് മുസ്ലീം ലീഗ് സ്വന്തം സ്ഥാനാർഥിയെ നിർത്തി. പാലക്കാട് നഗരസഭയിലും കോൺഗ്രസിനെതിരെ വിമതയെത്തി. തിരുവനന്തപുരത്ത് സ്ഥാനാർഥിയെചൊല്ലി കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ചു.
തിരുവനന്തപുരം ആറ്റിങ്ങൽ നഗരസഭയിൽ മൂന്നാം വാർഡിലെ സ്ഥാനാർഥിയെച്ചൊല്ലി കോൺഗ്രസ് നേതാക്കളുടെ കൂട്ടത്തല്ലായിരുന്നു. ആറ്റിങ്ങൽ മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സതീഷ് തമ്പിയും പ്രവർത്തകൻ ആസാദും തമ്മിലാണ് സംഘർഷമുണ്ടായത്. തിരുവനന്തപുരം കോർപ്പറേഷനിൽ കടുത്ത റിബൽ ശല്യമാണ് കോൺഗ്രസ് നേരിടുന്നത്. ഒരു വിമതനും പാർട്ടിയിൽ ഉണ്ടാകില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു.
കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ ഒരു സീറ്റുപോലും കോൺഗ്രസ് നൽകാത്തതിനെ തുടർന്ന് മുസ്ലിം ലീഗിൻ്റെ വിമത നീക്കം. ആലപ്പുഴയിലെ അമ്പലപ്പുഴ ജില്ലാ പഞ്ചായത്ത് സീറ്റ് വേണമെന്ന ആവശ്യം തള്ളിയതോടെ ഇവിടെ ലീഗ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു.
എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അൽത്താഫ് സുബൈർ അമ്പലപ്പുഴയിൽ ലീഗ് സ്ഥാനാർഥി. അമ്പലപ്പുഴ സീറ്റ് ലഭിക്കാതെ വന്നതോടെ കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് എം.പി.പ്രവീണും അതൃപ്തി പരസ്യമാക്കി. ആലുവയിൽ മുൻ നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം കോൺഗ്രസിന് വിമതയായി എത്തി. സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകി.
വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ മുസ്ലീം വിഭാഗത്തിൽ നിന്നുള്ളവർക്ക് അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്ന് സമസ്ത വിമർശിച്ചു. എസ്‌വൈഎസ് നേതാക്കളാണ് സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടത്. ജില്ലാ പഞ്ചായത്തിൽ തോമാട്ടുച്ചാൽ ഡിവിഷനിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ വിമതനായി പത്രിക നൽകി.
പാലക്കാട് നഗരസഭയിൽ കോൺഗ്രസ് സീറ്റ് നൽകാത്തതിനെ തുടർന്ന് പൊതുസ്വതന്ത്രയായി മത്സരിക്കാന്‍ മൻസൂർ മണലാഞ്ചേരിയുടെ ഭാര്യ സഫിയ മണലാഞ്ചേരി രംഗത്തെത്തി. തിരുനെല്ലായി വെസ്റ്റിലാണ് കോൺഗ്രസ് മുൻ കൗൺസിലറുടെ ഭാര്യ സിപിഐഎം പിന്തുണയോടെ മത്സരിക്കുന്നത്.
കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കാരശ്ശേരി ഡിവിഷൻ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പൊട്ടിത്തെറി. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കാരശ്ശേരി ഡിവിഷനിൽ യു ഡി എഫിനെതിരെ 4 വിമതർ മത്സരത്തിനെത്തി. തൃശൂരിൽ കോൺഗ്രസ് പഴയന്നൂർ മണ്ഡലം മുൻ പ്രസിഡൻറ് പി.സി മനോജ് ബിജെപിയിൽ ചേർന്നു.
കണ്ണൂരിൽ വേങ്ങാട് പഞ്ചായത്ത് 15ആം വാർഡിൽ മുൻ കെ പി സി സി നിർവാഹക സമിതി അംഗം മമ്പറം ദിവാകരൻ സ്ഥാനാർഥിയാകും. പ്രതിഷേധത്തിനൊടുവിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനന് ശ്രീകണ്ഠപുരം നഗരസഭയിൽ സീറ്റ് നൽകാനും കോൺഗ്രസ് തീരുമാനിച്ചു.
കണ്ണൂർ കോർപ്പറേഷനിൽ കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച പി.കെ.രാഗേഷ് വീണ്ടും മത്സരിക്കും. ഐക്യ ജനാധിപത്യ സംരക്ഷണ സമിതി 12 ഡിവിഷനുകളിൽ മത്സരിക്കാനാണ് തീരുമാനം. കണ്ണൂർ ആന്തൂർ മുൻസിപ്പാലിറ്റിയിൽ രണ്ടിടങ്ങളിൽ സിപിഐഎമ്മിന് എതിരില്ല.
കോഴിക്കോട് നാദാപുരം പഞ്ചായത്തിലാകട്ടെ, സിപിഐക്ക് നൽകിയ ഒന്നാം വാർഡിലെ പാർട്ടി സ്ഥാനാർഥിയെ അംഗീകരിക്കില്ലെന്ന് നിലപാടിലാണ് സിപിഐഎം. ഇവിടെ സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. നാദാപുരം തൂണേരി പഞ്ചായത്തിൽ അഞ്ചാം വാർഡിലെ ലീഗിൻ്റെ സ്ഥാനാർഥി പ്രഖ്യാപനത്തിനെതിരെ യൂത്ത് ലീഗും എംഎസ്എഫും തെരുവിലിറങ്ങി.
എറണാകുളം ജില്ലയിലും സിപിഐ സിപിഐഎം പോര് തുടരുകയാണ്. പല്ലാരിമംഗലം പഞ്ചായത്തിൽ യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ സിപിഐ ഉറച്ചു നിൽക്കുന്നു.
പത്തനംതിട്ട കോന്നി ഗ്രാമപഞ്ചായത്ത് മാടത്തിക്കാവ് വാർഡിൽ സിപിഐക്ക് നൽകിയ വാർഡിൽ സിപിഎം നേതാവ് സ്ഥാനാർഥിയായി എത്തി. ലോക്കൽ കമ്മിറ്റി അംഗവും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ കെ.ജി. ഉദയകുമാറാണ് മത്സരിക്കുന്നത്.
ആഭ്യന്തര കലഹം രൂക്ഷമായതോടെ തൃശ്ശൂരിൽ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന സ്ഥാനാർത്ഥിയെ ബിജെപി മാറ്റി. കുട്ടൻകുളങ്ങര ഡിവിഷനിലേക്ക് മത്സരിക്കാനിരുന്ന ജില്ലാ വൈസ് പ്രസിഡൻറ് വി.ആതിരക്ക് പകരം ശ്രീവിദ്യ എം. നെ പുതിയ സ്ഥാനാർത്ഥിയായി നിശ്ചയിച്ചു.
പാലക്കാട് ഇടഞ്ഞു നിൽക്കുന്ന നിലവിലെ ചെയർ പേഴ്സൺ പ്രമീള ശശിധരനെ പിന്തുണച്ച് മുരുകണി വാർഡ് സ്ഥാനാർത്ഥി പി.സ്മിതേഷ് രംഗത്തെത്തിയത് ബിജെപിക്ക് തലവേദനയായി. യു ഡി എഫ് സ്ഥാനാർഥിക്ക് വേണ്ടി രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണം നടത്തുന്നതിൽ തെറ്റില്ലെന്ന് വി.കെ. ശ്രീകണ്ഠൻ എംപി പ്രതികരിച്ചു.