സംസ്ഥാനത്തെ അഞ്ച് ജില്ലാ പഞ്ചായത്തുകളിൽ സീറ്റ് ലഭിക്കാത്തതിൽ കടുത്ത അതൃപ്തി അറിയിച്ച് മുസ്ലിം ലീഗ്.. UDF ന്റെ രണ്ടാമത്തെ പാർട്ടിയായിട്ടും തെക്കൻ ജില്ലകളിൽ കോൺഗ്രസ് അവഗണിക്കുന്നതാണ് മുസ്ലീംലീഗിന്റെ അതൃപ്തിക്ക് കാരണം. ജില്ലാ പഞ്ചായത്തിൽ അർഹമായ സീറ്റ് നൽകണമെന്ന് കോൺഗ്രസിനോടാവശ്യപ്പെട്ടതായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി PMA സലാം ന്യൂസ് മലയാളത്തോട് പറഞ്ഞു.
കോൺഗ്രസ് കഴിഞ്ഞാൽ മുസ്ലീംലീഗാണ് UDF ലെ പ്രധാന ഘടകകക്ഷി. എന്നാൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ സീറ്റ് ലഭിക്കാത്തതാണ് മുസ്ലിം ലീഗിലെ അതൃപ്തിയ്ക്ക് കാരണം. ഈ ജില്ലാപഞ്ചായത്തുകളിൽ ഓരോ സീറ്റുകൾ വീതം മാത്രമാണ് ലീഗ് ആവശ്യപ്പെട്ടത്. കൊല്ലം ജില്ലയിൽ അഞ്ചൽ ഡിവിഷൻ, പത്തനംത്തിട്ടയിൽ ചിറ്റാർ, ഇടുക്കിയിൽ അടിമാലി, കോട്ടയത്ത് മുണ്ടക്കയം, ആലപ്പുഴയിൽ അമ്പലപ്പുഴ എന്നിവയാണ് ലീഗ് ആവശ്യപ്പെട്ട സീറ്റുകൾ. ഇതിൽ കൊല്ലത്തും ആലപ്പുഴയിലും കഴിഞ്ഞ തവണ മത്സരിച്ചിരുന്നു.
ആ സീറ്റുകളും കോൺഗ്രസ് പിടിച്ചെടുത്തത് അമർഷത്തിന് കാരണമായിട്ടുണ്ട്. അർഹമായ സീറ്റ് നൽകണമെന്ന് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടതായി മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. കോട്ടയത്ത് മുണ്ടക്കയം, തലനാട് ഡിവിഷനുകളിൽ ഏതെങ്കിലും ഒന്നാണ് ആവശ്യപ്പെട്ടതെങ്കിലും വൈക്കം സീറ്റ് നൽകാൻ കോൺഗ്രസ് തയ്യാറായി. എന്നാൽ ഈ സീറ്റ് വേണ്ടെന്നും അടുത്ത തവണ മത്സരിക്കാമെന്നുമാണ് ലീഗ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. മറ്റു ജില്ലാ പഞ്ചായത്തുകളിൽ ഇന്ന് ധാരണയാകുമെന്ന പ്രതീക്ഷയിലാണ് ലീഗ്. സീറ്റ് ലഭിച്ചില്ലെങ്കിൽ പകരം മത്സരിയ്ക്കണമെന്ന നിലപാടും ഒരു വിഭാഗത്തിനുണ്ട്.