ഇന്ത്യയിലെ ഗ്രാമങ്ങളിൽ അധികാര വികേന്ദ്രീകരണം ലക്ഷ്യമിട്ടുള്ള ഒരു സംവിധാനമാണ് പഞ്ചായത്ത് രാജ്. ഓരോ ഗ്രാമവും സ്വയംഭരണാധികാരമുള്ളതും സ്വാശ്രയവും ആകുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യ ലക്ഷ്യം. പഞ്ചായത്ത് രാജ് രാജ്യവ്യാപകമായി നടപ്പാക്കാനിറങ്ങിയത് 1965ലാണ്. അന്ന് രാജ്യസഭാ എംപി കെ. സന്താനം അധ്യക്ഷനായി രൂപീകരിച്ച ആറംഗ സമിതിയിൽ ഒരു മലയാളിയും ഉണ്ടായിരുന്നു. പഞ്ചായത്ത് രാജ് വന്ന വഴിയറിയാം.
പഞ്ചായത്ത് രാജ് രാജ്യവ്യാപകമായി നടപ്പാക്കാനിറങ്ങിയത് 1965ലാണ്. പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ആ കമ്മിറ്റി അത്ഭുതപ്പെടുത്തുന്ന പല വിവരങ്ങളും കണ്ടെത്തി. രാജ്യത്ത് ഏറ്റവും ജനസംഖ്യയുള്ള പഞ്ചായത്തുകൾ കേരളത്തിലാണ് എന്നായിരുന്നു അന്നത്തെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ. കേരളത്തിൽ ശരാശരി 15,618 പേരാണ് അന്ന് ഒരു പഞ്ചായത്തിൽ ഉണ്ടായിരുന്നത്. ഇത് ശരാശരി എണ്ണം മാത്രമാണ്. 74,000 ആളുകൾ വസിക്കുന്ന പഞ്ചായത്തുകൾ വരെ കേരളത്തിലുണ്ടെന്ന് സമിതി കണ്ടെത്തി.
ഏറ്റവും കുറവ് ജനസംഖ്യയുള്ള പഞ്ചായത്തുകൾ അന്ന് ഉത്തർപ്രദേശിലായിരുന്നു. അവിടെ ശരാശരി 889 പേരാണ് ഒരു പഞ്ചായത്തിൽ ഉണ്ടായിരുന്നത്. കേരളത്തിലെ 15,618ന്‍റെ സ്ഥാനത്ത് വെറും 889. എന്നാൽ ഇതു ശരാശരി എണ്ണമാണ്. ഉത്തർപ്രദേശിൽ 250 പേർ മാത്രം വസിക്കുന്ന പഞ്ചായത്തുകളും അന്നുണ്ടായിരുന്നു. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളും മേജർ പഞ്ചായത്തുകൾ ആക്കണമെന്നാണ് സമിതി അന്നേ ശുപാർശ ചെയ്തത്.
അയ്യായിരത്തിനു മേൽ ജനസംഖ്യയും വർഷം പതിനായിരം രൂപ നികുതിവരുമാനവും ഉള്ള പഞ്ചായത്തുകളെയാണ് മേജർ പഞ്ചായത്ത് അല്ലെങ്കിൽ ടൗൺ എന്ന് വിശേഷിപ്പിച്ചിരുന്നത്. കേരളം മുഴുവൻ ഈ വിഭാഗത്തിൽ വരുന്നതിനാൽ കേരളത്തിൽ ബ്ലോക്ക് പഞ്ചായത്ത് ആവശ്യമില്ലെന്നും സമിതി നിർദേശിച്ചു. ഇതിനു പകരം ഒരു പഞ്ചായത്തിൽ നിന്ന് രണ്ടു പ്രതിനിധികളെ വീതം ഉൾപ്പെടുത്തി ഏഴു പഞ്ചായത്തുകൾ വരെ ചേരുന്ന സമിതി രൂപീകരിക്കാനും നിർദേശമുണ്ടായിരുന്നു. പിന്നീടാണ് കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ നിലവിൽ വന്നത്.
കേരളത്തിൽ ഒരു പഞ്ചായത്തിൽ ശരാശരി 15 മെമ്പർമാർ ആകാമെന്നും പരമാവധി 19 മതി എന്നുമാണ് സമിതി ശുപാർശ ചെയ്തതത്. അപ്പോഴത്തെ ജനസംഖ്യവച്ച് കേരളത്തിൽ 31 മെബർമാർ വരെ വേണമെന്നും അത് നടപ്പാക്കാവുന്ന എണ്ണമല്ലെന്നും സമിതി എഴുതിവച്ചു. പഞ്ചായത്തുകളെ വിഭജിച്ചും വാർഡുകളിൽ കൂടുതൽ വോട്ടർമാരെ ഉൾപ്പെടുത്തിയും കേരളത്തിൽ പഞ്ചായത്ത് രാജ് നടപ്പാക്കണം എന്നായിരുന്നു ശുപാർശ. രാജ്യസഭാ എംപി കെ സന്താനം അധ്യക്ഷനായ ആറംഗ സമിതിയിൽ ഒരു മലയാളിയും ഉണ്ടായിരുന്നു. മുകുന്ദപുരം എംപിയായിരുന്ന പനമ്പിള്ളി ഗോവിന്ദ മേനോൻ ആയിരുന്നു അത്. കൊച്ചി കോർപ്പറേഷനിലെ പനമ്പിള്ളി നഗർ അറിയപ്പെടുന്നത് ഈ ഗോവിന്ദമേനോന്‍റെ പേരിലാണ്.