കോട്ടയം :തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യം കുറഞ്ഞതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ യുവപ്രാതിനിധ്യം കുറഞ്ഞതിൽ പരിഭവമുണ്ടെങ്കിലും പാർട്ടിയെ പോറലേൽപ്പിക്കാനില്ലെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് വസന്ത് സിറിയക് തെങ്ങുംപള്ളിയുടെ പക്ഷം. സ്ഥാനാർഥി നിർണയം സംബന്ധിച്ച് വസന്ത് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് ചർച്ചയാവുകയാണ്.
അഡ്വക്കേറ്റ് വസന്ത് തെങ്ങുംപള്ളി സ്ഥാനാർഥിയായി മത്സരിക്കുകയാണെന്നാണ് ഒറ്റനോട്ടത്തിൽ പോസ്റ്റ് കണ്ടാൽ തോന്നുക. എന്നാൽ യുഡിഎഫ് സ്ഥാനാർഥികളെല്ലാം തനിക്ക് സമാനമാണെന്നാണ് വസന്ത് പോസ്റ്റിലൂടെ പറയുന്നത്. പാറത്തോട് പഞ്ചായത്തിൽ മുഴുവൻ വാർഡുകളിലും താൻ മത്സരിക്കുന്നുണ്ടെന്ന് വസന്ത് പോസ്റ്റിൽ കുറിച്ചു. മുഴുവൻ സ്ഥാനാർഥികളെയും വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും വസന്ത് പറയുന്നു.
"രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനിലും, മൂന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും, 21 വാർഡുകളിലും ഞാനും മത്സരിക്കുകയാണ്. ചില ഇടത്ത് എന്റെ ചിഹ്നം കൈ അടയാളവും, ചില ഇടത്ത് കോണിയും മറ്റിടങ്ങളിൽ ഓട്ടോറിക്ഷയും ആണ്. പേരുകൾ പലതാണ്. എങ്കിലും ഞാൻ തന്നെയാണെന്ന് ഓർത്ത് പ്രിയപ്പെട്ടവർ യുഡിഎഫിന് വോട്ട് ചെയ്യുമല്ലോ," വസന്ത് ഫേസ്ബുക്കിൽ കുറിച്ചു. എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ പരിഭവങ്ങളെല്ലാം തത്ക്കാലം സഹിക്കാൻ തയ്യാറാണെന്നും യുഡിഎഫ് തന്നെ വിജയിക്കുമെന്നും വസന്ത് കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം
പരിഭവങ്ങൾ ഉണ്ട് പക്ഷേ പാർട്ടിയെ പോറൽ ഏൽപ്പിക്കാൻ ഇല്ല
പ്രിയരേ,
ഇത്തവണ ഞാനും മത്സരിക്കുക ആണ്. പാറത്തോടു പഞ്ചായത്തിലെ രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനിലും, മൂന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും, 21 വാർഡുകളിലും ഞാനും മത്സരിക്കുക ആണ്. ചില ഇടത്ത് എന്റെ ചിഹ്നം കൈ അടയാളവും ചില ഇടത്ത് കോണിയും മറ്റിടങ്ങളിൽ ഓട്ടോറിക്ഷയും ആണ്. പേരുകൾ പലതാണ്. എങ്കിലും ഞാൻ തന്നെ ആണ് എന്ന് ഓർത്ത് പ്രിയപെട്ടവർ യുഡിഎഫിന് വോട്ട് ചെയ്യുമല്ലോ. യുവ പ്രാതിനിധ്യം അടക്കം പരിഭവങ്ങൾ ഉണ്ടെങ്കിലും പാർട്ടിക്ക് പോറൽ ഏൽപിക്കാൻ പാടില്ല. ഈ ജനവിരുദ്ധ സർക്കാരിനെ താഴെ ഇറക്കാൻ അതൊക്കെ തൽക്കാലം സഹിക്കാൻ തയ്യാറാവുക ആണ്. നമ്മൾ ജയിക്കും യുഡിഎഫ് നയിക്കും.